ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളിലെ ജനസംഖ്യാ ശോഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്. എക്സ് പ്ലാറ്റ്ഫോമിൽ മസ്കിന്റെ തന്നെ ഹാൻഡിലിൽ മുൻപ് ഷെയർ ചെയ്തിരുന്ന ഒരു പോസ്റ്റ് റീട്വീറ്റ് ചെയ്താണ് അദ്ദേഹത്തിന്റെ പ്രതികരണം. ജനസംഖ്യാ ശോഷണത്തെ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വിപത്ത് എന്ന് വിശേഷിപ്പിച്ച മസ്ക് 2018നും 2100നും ഇടയ്ക്ക് ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളിൽ സംഭവിച്ചേക്കാവുന്ന ജനസംഖ്യാ ശോഷണത്തിന്റെ കൃത്യമായ ഗ്രാഫ് തിരിച്ചുള്ള കണക്കും നൽകിയിട്ടുണ്ട്.
മസ്ക് നൽകിയിരിക്കുന്ന ഗ്രാഫ് പ്രകാരം 2100ഓടെ ഇന്ത്യയുടെ ജനസംഖ്യയിൽ 400 മില്യൺ ശോഷണം സംഭവിച്ച് 1.1 ബില്യണാകും. ചൈനയിലാകട്ടെ 731 മില്യൺ ശോഷണം സംഭവിച്ച് ജനസംഖ്യ 731.9 മില്യണായി മാറും. 790.1മില്യൺ ജനസംഖ്യയുമായി 2100ൽ നൈജീരിയ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാകും എന്നും മസ്ക് കണക്ക് നിരത്തുന്നു.
ജനസംഖ്യാ ശോഷണം സാങ്കേതിക മേഖലയിലെ വളർച്ചയ്ക്ക് വെല്ലുവിളിയാകും എന്നാണ് മസ്കിന്റെ മുന്നറിയിപ്പ്. സാമ്പത്തിക ഭദ്രത, സാമൂഹ്യ വികസനം തുടങ്ങിയവയേയും ജനസംഖ്യയിലെ ഇടിവ് പ്രതികൂലമായി ബാധിക്കും എന്ന് ടെസ്ല സ്ഥാപകൻ പറയുന്നു. ജപ്പാൻ, ചില യൂറോപ്പ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ജനസംഖ്യ കുറയുന്നതുകൊണ്ട് ഉണ്ടാകുന്ന സാമ്പത്തിക പ്രശന്ങ്ങൾ ഇപ്പോഴേ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും മസ്ക് പറഞ്ഞു.