ഒരു പെണ്ണ് വിചാരിച്ചാൽ ഈ നാട്ടിൽ എന്തും പറ്റും|  Lijjat Papad's Success Story

പെണ്ണിന്റെ മാനത്തിന് വില നിശ്ചിയിക്കുന്നത് ആരാണ്? സമൂഹമാണോ, പുരുഷനാണോ അതോ ആ പെണ്ണ് തന്നെയാണോ? ആത്മാഭിമാനം ഉള്ള സ്ത്രീയാണെങ്കിൽ അവളുടെ മാനവും വിലയും തീരുമാനിക്കുന്നത് അവൾ തന്നെയാണ്.

ദക്ഷിണ മുംബൈയിലെ ഗിർഗോൺ. വർഷം 1959! മാർച്ച് മാസം. ഗുജറാത്തിൽ നിന്ന് ബോബെയിൽ വന്ന് കുടിയേറിയ ഒരു കുടുംബത്തിലെ ജസ്വന്തി ബെൻ ജംനാദാസ് ( Jaswantiben Jamnadas Popat) എന്ന യുവതി, അവർ അന്തസ്സുള്ള ഒരു ജീവിതം സ്വപ്നം കണ്ടു. അതിനായി എന്തുചെയ്യണമെന്ന് മനസ്സുരകി ആലോചിച്ചു.  അന്നത്തെക്കാലത്ത് ഒരു സ്ത്രീ അതൊക്കെ ചെയ്യാമോ? കാരണം, വീട്ടിനുള്ളിൽ ഭർത്താവിനെ പരിപാലിക്കുക, ഭക്ഷണം ഉണ്ടാക്കുക, വീട് മാനേജ് ചെയ്യുക, നാൽക്കാലികൾ ഉണ്ടെങ്കിൽ അവയെ നോക്കുക, പ്രസവിക്കുക.. ഇത്രയുമായിരുന്നു ഒരു ഗ്രാമത്തിലായാലും നഗരത്തിലായാലും ഒരു സ്ത്രീയുടെ ആവറേജ് പ്രൊഫൈൽ, അഥവാ ജീവിത്തിലെ സ്കോപ്പ്! സ്വപ്നം കാണുന്ന മനസ്സ് പെൺകുട്ടികൾക്ക് പറഞ്ഞിട്ടില്ലാത്ത കാലം. ജസ്വന്തി ബെൻ ജംനാദാസിന് അന്ന് 26-ഓ 28-ഓ വയസ്സേ പ്രായമുള്ളൂ. അറിയാവുന്ന ആകെയുള്ള കാര്യം ഭക്ഷണം ഉണ്ടാക്കലാണ്. ക്വാളിഫിക്കേഷൻ, അടുക്കള മാനേജ്മെന്റും! എന്തെങ്കിലും ചെയ്യണം, വരുമാനം വേണം, നന്നായി ജീവിക്കണം.. അന്തസ്സിന്റെ ഈ തീ
മാർച്ചിലെ ചൂടുള്ള വരണ്ടകാറ്റിൽ തൊട്ടടുത്തുള്ള വീടുകളിലെ അടുക്കളക്കാരികളിലേക്ക് പടർന്നു. മീനമാസത്തിലെ സൂര്യൻ അത് ആളിക്കത്തിച്ചു. പിന്നെക്കണ്ടത്, ജസ്വന്തി ബെന്നിന്റെ വീടിന്റെ ടെറസിൽ ഏഴ് സ്ത്രീകൾ-അവർ ഉഴുന്നും കായവും ജീരകവും കുരുമുളകും പൊടിച്ച് കുഴച്ചെടുക്കുന്നു. അത് പരത്തി ഉണക്കി പായ്ക്കറ്റിലാക്കി. ആദ്യ ദിവസങ്ങളിൽ 4 പായ്ക്കറ്റ്!

അത് തൊട്ടടുത്തുള്ള പരിചയക്കാരന്റെ കടയിൽ വിൽക്കാൻ കൊടുത്തു. 80 രൂപയായിരുന്നു മൂലധനം. ആ വർഷം 6000 രൂപയോളം വിറ്റുവരവ്. 1962- ടെറസിലെ സഹോദരിമാരുടെ എണ്ണം 7-ൽ നിന്ന് 100 ആയി, പിന്നെ ആയിരം, പതിനായിരം.. ഇന്ന് 45,000 സഹോദരിമാർ ഇന്ത്യയാകെ ജസ്വന്തി ബെൻ പകർന്ന അന്തസ്സിന്റെ ഓണർഷിപ് പങ്കിട്ടെടുക്കുന്നു. ജസ്വന്തിയുടെ വീടിന്റെ ടെറസിൽ നിന്ന് 18 സംസ്ഥാനങ്ങളിലെ 82 യൂണിറ്റുകളിലേക്ക് ആ സംരംഭം വളർന്നു. വരുമാനം 1600 കോടിയും! സ്വപ്നവും അഭിമാനവും ചെയ്സ് ചെയ്ത ഒരുകൂട്ടം പെണ്ണുങ്ങൾ സൃഷ്ടിച്ച മാനത്തിന്റെ സംരംഭം! 1600 കോടിയുടെ അന്തസ്സ്!

ഇവിടെ ഉടമയും തൊഴിലാളിയുമില്ല
എന്ത് സംരംഭമാണ് 65 വർഷം കൊണ്ട് 1600 കോടി എന്ന വലിയ നമ്പരിലേക്ക് വളർന്നത് എന്നറിയാമോ?  ഹിന്ദി ഹൃദയഭൂമിയിലുള്ളവരും ഗുജറാത്തി‌യും പപ്പട് എന്നും, തെലുങ്കൻ അപ്പടം എന്നും, കന്നഡിഗർ ഹപ്പള എന്നും തമിഴൻ അപ്പളം എന്നും പറയുന്ന നമ്മുടെ സാക്ഷാൽ പപ്പടം. പെൺകൂട്ടായ്മ പരത്തി എടുത്ത ലിജ്ജത് പപ്പടം. ഇന്ത്യയിലെ ഏറ്റവും വലിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംരംഭങ്ങളി‍ൽ ഒന്നാണ് ലിജ്ജത് പപ്പടം. കേരളമുൾപ്പെടെ 18 സംസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് സ്ത്രീകളുടെ വരുമാനവും അഭിമാനവുമായ സംരംഭം. ഗുജറാത്തിയിൽ സഹോദരി എന്ന അർത്ഥമുള്ള ബെൻ എന്നാണ് പരസ്പരം ലിജ്ജത് അംഗങ്ങൾ വിളിക്കുക.

ഇവിടെ ഉടമയും തൊഴിലാളിയുമില്ല. 45,000 സ്ത്രീകളും സംരഭത്തിന്റെ ഉമകളാണ്. 1600 കോടി വിറ്റുവരവ് നേടുമ്പോൾ, ചിലവും മറ്റാവശ്യങ്ങളും കഴിഞ്ഞ് വർഷാ വർഷം സൊസൈറ്റി പ്രഖ്യാപിക്കുന്ന നിശ്ചിത ലാഭം ഈ സഹോദരിമാർ പങ്കിട്ടെടുക്കുന്നു. ലോകത്തെ സ്ത്രീപങ്കാളിത്തമുള്ള ഏറ്റവും വലിയ സഹകരണ മാതൃകകളിൽ ഒന്നാണ് ലിജ്ജത് ഇന്ന്.

മൂലധനം 80 രൂപ

1959-ൽ പാർവതി ബെൻ രാംദാസ്, ഉജംബെൻ നരംദാസ്, ബാനുബെൻ തന്ന, ലഗുബെൻ ഗോകാനി, ജയബെൻ, ദീവാലിബെൻ ലുക്ക തുടങ്ങി 20നും 30നും ഇടയിൽ പ്രായമുള്ള 6 യുവതികളാണ് ജസ്വന്തി ബെന്നിനൊപ്പം സംരംഭത്തിൽ ചേർന്നത്. ആശയവും നടത്തിപ്പും ജസ്വന്തി ബെൻ തന്നെയായിരുന്നു. അവർ കാര്യപ്രാപ്തിയും, നേതൃപാടവും ഉള്ള ഒരു സ്ത്രീയായിരുന്നു. സംരംഭം തുടങ്ങാൻ മൂലധനം കൈയിലുണ്ടായിരുന്നില്ല. സാമൂഹിക പ്രവർത്തകനായ ചഗൻലാൽ പരേഖ്  ( Chhaganlal Karamshi Parekh) ആണ് സംരംഭം തുടങ്ങാനുള്ള 80 രൂപ നൽകിയത്. 1959-ൽ അത് ധാരാളമായിരുന്നു. ആ 80 രൂപകൊണ്ട് വാങ്ങിയ ഉഴുന്നും, കായവും, കുരുമുളകുമൊക്കെ ചേർത്താണ് ആദ്യ പ്രൊ‍ഡക്റ്റ് ഉണ്ടാക്കിയത്. 

എല്ലാ സംരംഭത്തിന്റേയും കാതലായ ടേണിംഗ് പോയിന്റ്

എപ്പോഴും ഒരു ആശയത്തെ സംരംഭമാക്കുന്നവർക്ക് അതിന്റെ പ്രൊഡക്ഷൻ വരെ വഴങ്ങും പക്ഷെ, വിപണി കണ്ടെത്തലും വിൽക്കുന്നതും മറ്റൊരു സ്ക്കില്ലാണ്. അങ്ങനെ ആദ്യമൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോ മൂലധനം തീരാറായി, പപ്പടം വിൽക്കുന്നുണ്ട് പക്ഷെ വരുമാനം വരുന്നില്ല. വീണ്ടും  ചഗൻലാൽ പരേഖിനെ കണ്ടു. അദ്ദേഹത്തെ ബാപ്പു എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. അദ്ദേഹം വീണ്ടും 80 രൂപ നൽകി. പക്ഷെ ഒരു നിബന്ധന വെച്ചു, 200 ആയി മടക്കി തരണം. പൈസ തിരികെ കൊടുക്കണം എന്നത് ഏഴ് സ്ത്രീകളിൽ ഉത്തരവാദിത്വം നിറച്ചു. അവർ ഉണ്ടാക്കുന്ന പപ്പടം മാർക്കറ്റ് ചെയ്യാനും വിൽക്കാനും വേറെ ആളുകളെ വെച്ചു. ഫലം കണ്ടു തുടങ്ങി.

അങ്ങനെയാണ് ആദ്യവർഷം 6000 രൂപയുടെ വിറ്റുവരവിലേക്ക് ലിജ്ജത് എത്തുന്നത്. 200 രൂപ ചഗൻലാൽ പരേഖിന് മടക്കികൊടുത്തോ എന്നറിയില്ല, പക്ഷെ സംരംഭം വളരുന്നു എന്ന് കണ്ടപ്പോൾ അദ്ദേഹം മുൻകൈയെടുത്താണ്, ലിജ്ജതിന് സൊസൈറ്റി സ്ട്രക്ചർ നൽകിയത്. കണക്കുകൾ കൃത്യമായിരിക്കാനും സുതാര്യമായിരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. സൊസൈറ്റി അംഗങ്ങളുടെ എണ്ണം നൂറും ഇരുനൂറും ആകവേ, പപ്പടം ഉണ്ടാക്കി ഉണക്കി എടുക്കാൻ ജസ്വന്തി ബെന്നിന്റേയും മറ്റാറുപേരുടേയും ടെറസുകൾ പോരാതെ വന്നു. അപ്പോൾ അവർ ഒരാശയം പ്രയോഗിച്ചു. എല്ലാ സംരംഭത്തിന്റേയും വളരെ കാതലായ ഒരു ടേണിംഗ് പോയിന്റാണത്. എവിടെയാണ്, ഒന്നോ രണ്ടോ ആൾക്കാരിൽ നിന്ന്, ഒരു ബിസിനസ്സ് മാസ്സായി വളരുന്നത്. പ്രൊഡക്ഷൻ മാസ്സാകുമ്പോഴാണ് അല്ലേ? പ്രൊഡക്ഷനും ഡിസ്ട്രീബ്യൂഷനും മാസ്സാകണം. എത്ര ഡിമാന്റിലും സപ്ലൈ ചെയ്യാനാകണം. ക്വാളിറ്റി ഒന്നായിരിക്കണം. ബ്രാൻഡ് വേണം.

കൂടുതൽ പരത്തിയാൽ കൂടുതൽ പണം
1962- അഭിപ്രായ മത്സരത്തിലൂടെ ലിജ്ജത് എന്ന പേര് സ്വീകരച്ചു. സൊസൈറ്റി, ശ്രീ മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പട് എന്ന് രജിസ്റ്റർ ചെയ്തു. ബ്രാൻഡായി. മഹാരാഷ്ട്രയിലേയും ഗുജറാത്തിലേയും പ്രാദേശിക പത്രങ്ങളിൽ വാർത്ത വന്നു തുടങ്ങി. പിആർ സ്ട്രാറ്റജി. പപ്പടം ഉണ്ടാക്കാനുള്ള ഡോ, അഥവാ മാവിന്റെ കൂട്ട് സെൻട്രൽ ഫാക്ടറിയിൽ അതായത്, ഫൗണ്ടർമാരായ 7 വനിതകളുടെ സാനിധ്യത്തിൽ തയ്യാറാക്കി, കാരണം ആ റെസീപ്പീയാണല്ലോ ലിജ്ജത്തിന്റെ ആത്മാവ്. അതിലാണ് ടേയ്സ്റ്റും പേരും ബ്രാൻഡും നിൽക്കുന്നത്.  

മുംബൈയിലെ പലയിടങ്ങളിൽ നിന്നുവരുന്ന നൂറുകണക്കിന് സ്ത്രീകൾ‌ സെൻട്രൽ ഓഫീസിലെത്തി ആ പ്രീ മിക്സ് ഡോ, തൂക്കി അളവ് തിട്ടപ്പെടുത്തി വാങ്ങി വീട്ടിലേക്ക് കൊണ്ടുപോകും. അവിടിരുന്ന് പരത്തി, ഉണക്കി പപ്പടമാക്കി തിരിച്ച് സെൻട്രൽ ഓഫീസിൽ എത്തിച്ച് അളന്ന് വരവ് വെച്ച് കാശ് വാങ്ങും. രണ്ട് മൂന്ന് വർഷം കൊണ്ട് ഗിർഗോണിലേക്ക് പാത്രവുമായി എത്തുന്ന സ്ത്രീകളുടെ എണ്ണം ആയിരം കവിഞ്ഞു. 1965-ൽ വിറ്റുവരവ് 2 ലക്ഷം രൂപയ്ക്കടുത്തായി. 1965-ൽ 2 ലക്ഷം എന്നത് ചെറിയ സംഖ്യയല്ല എന്ന് അറിയാമല്ലോ. എന്താണ് സ്ത്രീകളെ ആകർഷിച്ചത്? വീട്ടിലിരുന്ന് വർക്ക് ചെയ്താൽ മതി. അതും വീട്ട് കാര്യങ്ങൾ തീർത്ത്, കുട്ടികളെ സ്ക്കൂളിൽ വിട്ട്, മറ്റ് കാര്യങ്ങളും നോക്കിയശേഷം പണിയെടുക്കാം. ഒരുതരത്തിൽ വർക്ക് ഫ്രം ഹോം, പപ്പടം പരത്തുന്ന സ്പീഡനുസരിച്ച് വരുമാനം. കൂടുതൽ പരത്തിയാൽ കൂടുതൽ പണം. ആയിരക്കണക്കിന് സ്ത്രീകൾ അങ്ങനെ അഭിമാനം പരത്തിയെടുത്തു. പകലും രാത്രിയും എല്ലാം അവർ സ്വന്തം അടുക്കള വർക്ക് റൂം ആക്കി. പലയിടത്തും സ്ത്രീകൾ ഭർത്താവിന്റേയും അമ്മായിയമ്മയുടേയും വഴക്ക് കേട്ടു. എന്നാൽ  മരുമകളുടെ മടിശ്ശീലയുടെ കനം കൂടുന്ന കണ്ട് ആദ്യം എതിർത്ത അമ്മായി അമ്മമാർ പതിയെ പരത്താനുള്ള ഉരുണ്ട തടി കൈയ്യിലെടുത്തു.

പിന്നെ ചില വീടുകളിലെ കാഴ്ച അഭിമാനത്തിന്റെ പപ്പടം സ്ത്രീകൾക്കൊപ്പം ഭർത്താവും കുട്ടികളുമൊക്കെ പരത്തുന്ന കാഴ്ചയാണ്. അങ്ങനെ ആ കോ-ഓപ്പറേറ്റീസ് സംരംഭത്തിലെ സഹകാരികളായ സ്ത്രീകളുടെ എണ്ണം പതിനായിരം കഴിഞ്ഞു. സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലേ തുടങ്ങിയ ഒരു സംരംഭം രാജ്യത്തിനൊപ്പം നിശ്ബദമായി വളർന്ന് 2000 കോടിയുടെ തിളക്കിൽ എത്തി നിൽക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തന മികവിന്റെ തെളിവാണ്. എംബിഎ പോയിട്ട്, പ്രാഥമിക വിദ്യാഭ്യാസമില്ലാത്ത സ്ത്രീകൾ, അവർ വീടിന്റെ ചുമരുകളും സാമൂഹിക വിലക്കുകളും മറികടന്ന് സൃഷ്ടിച്ച വിജയമാണത്. വ്യക്തമായ നേതൃത്വവും ദിശാ ബോധവുമുണ്ടെങ്കിൽ ഏതൊരു കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും നേടാവുന്ന ബിസിനസ്സ് തിളക്കമാണത്.  

കുരുമുളക് ആകട്ടെ കേരളത്തിൽ നിന്ന്!
1970-കളായപ്പോഴേക്ക് മറ്റുസംസ്ഥാനങ്ങളിലേക്ക് ലിജ്ജത് പപ്പട് യൂണിറ്റുകൾ തുടങ്ങി. ഇന്ന് കേരളമുൾപ്പെടെ 18 സംസ്ഥാനങ്ങളിലുള്ള ലിജ്ജത് കേന്ദ്രങ്ങളിലേക്ക് മുംബൈയിൽ തയ്യാറാക്കിയ പ്രീമിക്സ് ഡോ എത്തുന്നു. അസംസ്കൃത വസ്തുക്കൾ ഗുണമേന്മ ഉറപ്പാക്കി വിവിധ ഇടങ്ങളിൽ നിന്ന് സെൻട്രൽ പർച്ചേസ് സിസ്റ്റത്തിലൂടെ സമാഹരിക്കുന്നു. മ്യാൻമാറിൽ നിന്നാണ് ഉഴുന്ന് വരുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഏറ്റവും ഗുണമേന്മയുള്ള കായം വാങ്ങുന്നു. കുരുമുളക് ആകട്ടെ കേരളത്തിൽ നിന്നും.

അതുകൊണ്ടാണ് രാജ്യത്ത് എവിടെയുണ്ടാക്കുന്ന ലിജ്ജത് പപ്പടത്തിനും ഒരേ ടേസ്റ്റ് ഉറപ്പാക്കാനാകുന്നത്. സൊസൈറ്റിക്ക് മൂലധനം നൽകിയ ചഗൻലാൽ പരേഖ്, ഖാദി ഡെവലപ്മെന്റ് ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനെ സൊസൈറ്റിയിൽ കൊണ്ടുവന്നു. അവരുടെ പരിശോധനകൾക്ക് ശേഷം ലിജ്ജത് സൊസൈറ്റിയെ വില്ലേജ് ഇൻഡസ്ട്രി ഗണത്തിൽ ഉൾപ്പെടുത്തി. തുടർന്ന് 1966-ൽ വർക്കിംഗ് ക്യാപിറ്റൽ ഇനത്തിൽ 8 ലക്ഷം രൂപ , ചില നികുതി ഇളവുകളോടെ കമ്മീഷൻ, ലിജ്ജത് സൊസൈറ്റിക്ക് നൽകി. ബ്രാൻഡ് വിസിബിലിറ്റി നേടവേ,  കേവലം ഒരു പ്രൊഡക്റ്റ് മാത്രം പോര എന്ന അഭിപ്രായം ഉയർന്നു. 1974-ൽ മസാല പപ്പടം, 1976-ൽ മസാലക്കൂട്ടുകൾ, വീറ്റ് ആട്ട, 1979-ൽ ബേക്കറി പ്രൊഡക്റ്റുകൾ, പ്രിന്റിംഗ് ഡിവിഷൻ, ലെതർ പ്രൊഡക്റ്റുകൾ, ബേക്കറി ഉൽപ്പന്നങ്ങൾ തുടങ്ങിയവ കൂടി ലിജ്ജത് ബ്രാൻഡിൽ പുറത്തുവന്നു.

അത്  ലിജ്ജതിനും നേരിടേണ്ടി വന്നു
ഒരുസംരംഭം നന്നായി നടക്കുന്ന കാണുമ്പോ, അത് അത്യാവശ്യം നിലനിന്ന് പോകുന്ന കാണുമ്പോ വരുന്ന ഒരുതരം രോഗമുണ്ടല്ലോ, ട്രേഡ് യൂണിയനിസം. അത്  ലിജ്ജതിനും നേരിടേണ്ടി വന്നു. 1979-ൽ!  ചില വനിതാ സഹകാരികളുടെ മറപിടിച്ച് ലിജ്ജിതിനെ തളയ്ക്കാൻ ഒരു ട്രേഡ് യൂണിയൻ സംഘടനയുടെ ജനറൽ സെക്രട്ടറി ശ്രമം തുടങ്ങി. അയാൾ അനാവശ്യമായ ഡിമാന്റുകൾ ഉയർത്തി സഹകരണ പ്രസ്ഥാനത്തെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. ബോബെയിലെ പ്രമുഖ നിയമവിദഗ്ധനായ എൽജി ജോഷി മധ്യസ്ഥനായി. ഒറ്റ പോയിന്റേ അദ്ദേഹം ആരാഞ്ഞുള്ളൂ, ആരാണ് ലിജ്ജതിന്റെ ഉടമ? സ്ത്രീകളായ അംഗങ്ങൾ. കാര്യങ്ങൾ മുന്നോട്ട് കൊണ്ട്പോകുന്നത് അവർ തെരഞ്ഞെടുക്കുന്ന ഭരണസമിതി. ആണല്ലോ? അപ്പോ പ്രശ്നം വല്ലതും ഉണ്ടെങ്കിൽ അത് തീർക്കാനുള്ള കപ്പാസിറ്റിയും പ്രാപ്തിയും ഒരു സഹകരണ സംഘം നടത്തുന്ന നേതൃതൃത്വത്തിന് ഉണ്ടാവും. പുറമേന്ന് ആരും ഇടപെപെടേണ്ടതില്ല. തൊഴിലാളി യൂണിയൻ സ്ഥലം വിട്ടു.

ഒരു കൈ അല്ല, പതിനായിരക്കണക്കിന് കൈകൾ
യാതൊരു മുൻ പരിചയമോ, പരിശീലനമോ, ബിസിനസ്സിന്റെ എബിസിഡിയോ, ഒന്നുമില്ലാതെ ഒരുവരുമാനം കൊണ്ട് അന്തസ്സോടെ ജീവിക്കണെമെന്ന മോഹം മാത്രമേ 65 വർഷം മുമ്പ് തന്റെ പഴയ ടെറസിൽ നിരത്തിയിടാൻ ജസ്വന്തി ബെൻ എന്ന വനിതയ്ക്ക് ഉണ്ടായിരുന്നുള്ളൂ.  തന്റെ സ്വപ്നത്തിന്റെ അരിക് പിടിക്കാൻ 7 പേർ മാത്രമായിരുന്ന ആദ്യ നാളുകളിലും, പിന്നീട് 45,000 പേർ എത്തിയപ്പോഴും ജസ്വന്തി ബെൻ അവരെ കയ്യടക്കത്തോടെ ചേർത്ത് പിടിച്ചു. വിദ്യാലയത്തിലെ വിദ്യാഭ്യാസത്തിലല്ല, വ്യാപാരത്തിലെ വൈദഗ്ധ്യമാണ് ഒരാളെ സംരംഭകനാക്കുന്നതെന്ന് ജസ്വന്തി ബെൻ കാണിച്ചുതരുന്നു.  2021-ൽ ജസ്വന്തി ബെൻ പോപടിന് രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ഒരു കൈകൊണ്ടല്ല, പതിനായിരക്കണക്കിന് വളയിട്ട കൈകളാണ് ആ പദ്മശ്രീ ലിജ്ജതിന്റെ ഉടമകളായ സ്ത്രീകൾ ഏറ്റുവാങ്ങിയത്.

അമ്പമ്പോ, 500 കോടി പപ്പടം
ഒരു വർഷം   500 കോടി പപ്പടമാണ് ലിജ്ജത്തിലെ സഹോദരിമാർ പരത്തിയുണക്കി എടുക്കുന്നത്. അതായത്  ഇത്രയും പപ്പടം കൊണ്ട് ഭൂമിയെ 21 ചുറ്റ് ചുറ്റാം. മൊത്തം നിരത്തിയിടാൻ 44 വലിയ ഫുഡ്ബോൾ കോർട്ടുകൾ വേണം. 4700 കിലോ ഡോ ഓരോ ദിവസവും പപ്പടമായി  മാറുന്നു. അങ്ങനെ ലിജ്ജത്ത് കഥകൾ ഇനിയുമുണ്ട് ഏറെ പറയാൻ.

ഒരു സംരംഭത്തിന്റെ പവർ!
ലിജ്ജത് എന്നാൽ സ്വാദ് എന്നാണ് അർത്ഥം. സ്വന്തം ജീവിതത്തെ സ്വാദുള്ളതാക്കാൻവഒരു കൂട്ടം വനിതകൾ നടത്തിയ പ്രയത്നമാണ് ലിജ്ജത് എന്ന സ്ത്രീ കൂട്ടായമ. അതിലെ 45,000 വനിതകളും സ്വയം സംരംഭകരാണ്. ഒരു ബ്രാൻഡിന് കീഴിൽ ഒരേ മനസ്സോടെ കൊണ്ടുനടത്തുന്ന 45,000 സംരംഭക യൂണിറ്റുകൾ. അത് എത്രഎത്ര വീടുകളിൽ അന്നദാതാവായിരിക്കുന്നു, എത്ര എത്ര കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നേടാനും അതുവഴി സ്വാതന്ത്ര്യത്തിന്റെ സ്വാദ് നുകരാനും സഹായിച്ചിരിക്കുന്നു, എത്ര എത്ര പെൺകുട്ടികളെ അന്തസ്സോടെ കല്യാണം കഴിക്കാൻ പണവും സ്വർണ്ണവുമായി മാറിയിരിക്കുന്നു, എത്ര എത്ര പെണ്ണുങ്ങൾക്ക് അവരുടെ ജീവിതത്തിന്റെ അർത്ഥം തിരിച്ചറിയാനും തല ഉയർത്തിപ്പിടിച്ച് എന്റെ മാനത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും വില ഇതാണ് എന്ന് ഉൾക്കരുത്തോടെ പറയാൻ സഹായിച്ചിരിക്കുന്നു.. അതാണ് പെണ്ണിന്റെ കരുത്ത്. പെൺപിളെ ഒരുമയുടെ ശക്തി! ഒരു സംരംഭത്തിന്റെ പവർ!

Discover the inspiring journey of Jaswantiben Jamnadas Popat, who turned a humble terrace venture into the 1600-crore Lijjat Papad cooperative, empowering 45,000 women across India with dignity and entrepreneurship.

Share.
Leave A Reply

Exit mobile version