കൊച്ചി കൂടുതൽ ഹരിതമയമാകുകയാണ്. ആയിരത്തോളം ഹരിത ഓട്ടോറിക്ഷകൾ കൊച്ചി നഗരത്തിൽ നിരത്തിലിറങ്ങാനിരിക്കെ വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സര്‍വീസ് അടുത്ത ആഴ്ച ആരംഭിക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ബസുകളാണ് നിരത്തിലിറങ്ങുന്നത്. ഏറ്റവും സുഖകരമായ യാത്രയ്ക്ക് പരിസ്ഥിതിക്ക് ഇണങ്ങുന്ന, കൊച്ചി മെട്രോയിലേതിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് ഇലക്ട്രിക് ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയാണ് ടിക്കറ്റിങ്. യുപിഐ വഴിയും റൂപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്‌മെന്റ് നടത്താം. കാശു നൽകിയും ടിക്കറ്റെടുക്കാം .
കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിലേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നത്. വിവിധ റൂട്ടുകളില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി.
ആലുവ- വിമാനത്താവളം, കളമശേരി- മെഡിക്കല്‍ കോളജ്, ഹൈക്കോടതി- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍ മെട്രോ- ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക് കലക്ടറേറ്റ് എന്നീ റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത്. ആലുവ- വിമാനത്താവളം റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. 33 സീറ്റുകളാണ് ബസിലുള്ളത്. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവിടങ്ങളിലാണ് ബസ്സുകൾക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍.
വിമാനത്താവളം റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കലക്ടറേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോടതി റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സർവീസ് നടത്തുന്നത്. വിമാനത്താവളം റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റ് ഇടവിട്ടും സര്‍വീസ് ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 11നാണ് വിമാനത്താവളത്തിൽ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വീസ്.
കളമശേരി- മെഡിക്കല്‍ കോളജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വീസ്. കാക്കനാട് വാട്ടർ മെട്രോ- കിൻഫ്രാ-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെ 25 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ– കലക്ടറേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മുതല്‍ വൈകിട്ട് 7.30 വരെ സര്‍വീസ് ഉണ്ടാകും. ഹൈക്കോടതി-എംജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയും കടവന്ത്ര കെ.പി വള്ളോന്‍ റോഡ് – പനമ്പിള്ളി നഗർ റൂട്ടില്‍ 25 മിനിറ്റ് ഇടവിട്ട് രാവിലെ 9 മുതല്‍ വൈകിട്ട് എഴ് വരെയും സര്‍വീസ് ഉണ്ടാകും.
Kochi is embracing sustainable transport with a fleet of 1000 green autorickshaws and air-conditioned electric buses. The new ‘Metro Connect’ service, starting next week, enhances connectivity across Kochi Metro stations, offering eco-friendly and comfortable travel options.