വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാത്തതും ദീർഘകാല വളർച്ചയ്ക്കുള്ള ആശയങ്ങൾ കൊണ്ടുവരാത്തതും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി സാമ്പത്തിക വിദഗ്ധർ. ജിഡിപി തിരിച്ചുള്ള കണക്കിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ മുന്നേറ്റം നടത്തുന്നു എന്ന തോന്നലുണ്ടാക്കാം, എന്നാൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ യഥാർത്ഥ പരാധീനതകൾ ഇപ്പോൾ ഓരോന്നായി വെളിപ്പെടുകയാണെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഒന്നാം മോഡി സർക്കാറിന്റെ കാലത്തെ ദേശീയ സാമ്പത്തിക ഉപദേഷ്ടാവും വാഷിങ്ടൺ പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സിലെ സാമ്പത്തിക വിദഗ്ധനുമായ അരവിന്ദ് സുബ്രമണ്യൻ അടക്കമുള്ളവർ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ആശങ്ക പ്രകടിപ്പിക്കുന്നു. ഡിമാൻഡിലെ അഭാവം തൊഴിൽ എന്ന വിശാലമായ അവസ്ഥയുമായി ബന്ധപ്പെട്ടതാണ്. വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാത്തതിനാൽ ആളുകൾക്ക് വേതനവും വരുമാനവും ഇല്ലാതാകുന്നു. ദേശീയ തലത്തിലെ മിനിമം വേതനം ദിവസത്തിൽ രണ്ട് ഡോളർ (ഏതാണ്ട് 170 രൂപ) ആണ്. അതുപോലും തൊഴിൽ ചെയ്യുന്നവർക്ക് കൃത്യമായി ലഭിക്കുന്നുമില്ല-സുബ്രമണ്യൻ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ തരണം ചെയ്യുന്നതിൽ ഗവൺമെന്റിന്റെ ആശയങ്ങൾ കാലഹരണപ്പെട്ടവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദീർഘകാല വളർച്ചയ്ക്കും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള ആശയങ്ങളുടെ അഭാവമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം വിലയിരുത്തുന്നു.
നിലവിലെ ദേശീയ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ അടുത്തിടെ നടത്തിയ ഒരു പ്രസ്താവനയുമായി ഇതിനെ കൂട്ടി വായിക്കാവുന്നതാണ്. അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുമായി (Assocham) നടത്തിയ കൂടിക്കാഴ്ചയിൽ തൊഴിൽദാതാക്കൾ തൊഴിലാളികൾക്ക് കൂടുതൽ വേതനം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികൾക്ക് വേണ്ടത്ര വേതനം ലഭിക്കാത്തത് കോർപറേറ്റ് മേഖലയ്ക്ക് ദോഷകരമായി തീരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഓഹരി വിപണിയിലെ തളർച്ചയും രൂപയുടെ മൂല്യത്തിലെ ഇടിവുമാണ് സാമ്പത്തിക രംഗത്തെ പ്രതിരോധത്തിലാക്കുന്ന മറ്റ് കാര്യങ്ങൾ. രൂപയുടെ മൂല്യം ഇടിഞ്ഞതിന്റെ ഫലമായി ആഗോളതലത്തിൽ ആഭ്യന്തര വരുമാനം ചെറുതാകുകയാണ്. ഓഹരികൾ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വൻ വർധനവ് ഉണ്ടായിരുന്നു. ഈ പുതിയ നിക്ഷേപകരെല്ലാം ആഢംബര വസ്തുക്കളിലും മറ്റുമായി പണം ചിലവഴിച്ചിട്ടുമുണ്ട്. എന്നാൽ ഈ അഭിവൃദ്ധിയെല്ലാം നിക്ഷേപകരിലെ 10 ശതമാനത്തെ മാത്രം കേന്ദ്രീകരിച്ചുള്ളതാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്കാണ് മാന്ദ്യത്തിലേക്കുള്ള ആക്കം കൂട്ടുന്നത്. ഹൈദരാബാദ് കൗടില്യ സ്കൂൾ ഓഫ് പബ്ലിക് പോളിസിയിലെ പ്രൊഫസർ രത്തിൻ റായിയുടെ അഭിപ്രായമനുസരിച്ച് ഇന്ത്യൻ ഓഹരി വിപണിയിൽ അമിതവില നിലനിൽക്കുന്നു. ഹെഡ്ജ് ഫണ്ട്, പെൻഷൻ ഫണ്ട് പോലുള്ളവയിൽ നിക്ഷേപിക്കുന്ന വൻകിട വിദേശ നിക്ഷേപകർ വിലയ്ക്ക് അനുസരിച്ചുള്ള മൂല്യം ഇന്ത്യൻ വിപണിയിൽ കാണുന്നില്ല. അത് കൊണ്ട് തന്നെ അവർ ഇന്ത്യ വിട്ട് വാൾസ്ട്രീറ്റ് പോലുള്ളവയിലേക്ക് പോകുന്നു. അവിടെയും വില കൂടുതലാകാം, എന്നാൽ ഇന്ത്യൻ ഓഹരി വിപണിയേക്കാൾ സ്ഥിരത അവയെ ആകർഷകമാക്കുന്നു-റോയ് പറഞ്ഞു.
Explore the factors behind India’s economic slowdown, with expert insights on growth challenges, wage issues, and policy measures to drive recovery.