പതിനഞ്ച് വർഷത്തിനുള്ളിൽ വിവരാധിഷ്ഠിത-ഹൈടെക് വ്യവസായങ്ങളുടെ ആഗോള കേന്ദ്രമായി കേരളം മാറുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കുന്നതിനായി സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനെത്തിയ മന്ത്രി പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് കേരളം ദാവോസിൽ ഒരു പവലിയൻ സ്ഥാപിക്കുന്നത്. ഇതിലൂടെ കേരള ഗ്ലോബൽ സമ്മിറ്റിൽ നിക്ഷേപിക്കാൻ സാധ്യതയുള്ള നിക്ഷേപകരെ ക്ഷണിക്കുകയാണ് ലക്ഷ്യം.
കേരളത്തിന്റെ നിക്ഷേപ സാധ്യതകളും ഫെബ്രുവരിയിൽ നടക്കുന്ന ഗ്ലോബൽ സമ്മിറ്റിന്റെ വിവരങ്ങളും പവലിയനിലൂടെ പരിചയപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഗ്ലോബൽ സമ്മിറ്റിലൂടെ വൻ തോതിലുള്ള നിക്ഷേപമാണ് കേരളം പ്രതീക്ഷിക്കുന്നത്. നിലവിലുള്ള മേഖലകൾക്കൊപ്പം നിക്ഷേപ സാധ്യതയുള്ള പുതിയ മേഖലകൾകൂടി കൊണ്ടുവരാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. വിവരാധിഷ്ഠിത വ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, തുറമുഖ-ഷിപ്പിങ് പദ്ധതികൾ എന്നിങ്ങനെ കേരളത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകത കൂടി പരിഗണിച്ചുള്ള മേഖലകൾക്കാണ് പ്രാധാന്യം നൽകുന്നത്-മന്ത്രി പറഞ്ഞു. നിക്ഷേപ സാധ്യത വർധിക്കുന്നതിനാൽ കേരളത്തിൽ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും പറ്റിയ സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala aims to become a global hub for high-tech industries within 15 years, announces Minister P. Rajeev at the World Economic Forum. Learn about the state’s investment potential and upcoming Kerala Global Summit.