കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ വിമാനക്കമ്പനിയുടെ ഹബ്ബായി പ്രഖ്യാപിച്ച് എയർ കേരള. മലയാളികളുടെ സ്വന്തം വിമാനക്കമ്പനി എന്ന പെരുമയുമായി എത്തുന്ന എയർ കേരളയുടെ ആദ്യ സർവീസ് ഈ വർഷം ജൂണിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കും. 76 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുക. ഇവയെല്ലാം ഇക്കണോമിക് സീറ്റുകളായിരിക്കും. വിമാനങ്ങൾ പാട്ടത്തിനെടുത്താണ് സർവീസ് നടത്തുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് നടത്തുക. ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് എയർ കേരള സർവീസുകൾ.
അതേസമയം എയർ കേരളയുടെ പ്രവർത്തന പുരോഗതി അറിയിക്കാൻ കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മുഖ്യമന്ത്രിയെ കൂടാതെ നിയമസഭാ സ്പീക്കർ എം.എൻ. ഷംസീർ, റവന്യൂ മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി,
സിയാൽ ഡയറക്ടർ ബോർഡ് അംഗം അൻവർ സാദത്ത് എംഎൽഎ തുടങ്ങിയ നേതാക്കളുമായും പ്രതിനിധി സംഘം ചർച്ച നടത്തി. വിനോദസഞ്ചാര മേഖലയ്ക്ക് എയർ കേരള മുതൽക്കൂട്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. കൊച്ചി, കണ്ണൂർ എന്നിവിടങ്ങൾ കൂടാതെ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ വിമാനത്താവങ്ങളേയും ബന്ധിപ്പിച്ച് സർവീസ് പ്രാവർത്തികമാക്കണെമെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ എയർ കേരളയുടെ പ്രാഥമിക ബേസ് വിമാനത്താവളമായി പ്രഖ്യാപിച്ച ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എംപി, എയർ കേരള ചെയർമാൻ ആഫി അഹമ്മദ്, സിഇഒ ഹരീഷ് കുട്ടി തുടങ്ങിയവർ സംസാരിച്ചു. ആഗോള ടൂറിസം, വ്യോമയാന കേന്ദ്രം എന്നീ നിലകളിൽ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും താങ്ങാവുന്ന നിരക്കിൽ വിമാന യാത്ര നൽകുന്നതിനും എയർലൈൻ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു.
Air Kerala has announced Cochin International Airport as its hub, with operations starting in June using 76-seat ATR aircraft. The airline aims to connect small cities with metros, boosting Kerala’s tourism and aviation sectors.