സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ കേരള പവലിയനില്‍ ആദ്യ രണ്ട് ദിവസം മുപ്പതിലധികം വണ്‍-ഓണ്‍-വണ്‍ ചര്‍ച്ചകള്‍ നടത്തി വ്യവസായ മന്ത്രി പി. രാജീവ്. വിവിധ മേഖലകളിലെ കേരളത്തിന്‍റെ നിക്ഷേപ സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മന്ത്രി ചര്‍ച്ചകളില്‍ പങ്കെടുത്തത്.
ഫോറത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ കീഴില്‍ ഒരുക്കിയ ഇന്ത്യ പവലിയന്‍റെ ഭാഗമായ കേരള പവലിയനാണ് സംസ്ഥാനത്തിന്‍റെ ബിസിനസ് ചര്‍ച്ചകള്‍ക്ക് വേദിയായത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ കേരള പവലിയന്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സന്ദര്‍ശിച്ചു.
കേരളം വ്യവസായ സൗഹൃദമാണെന്ന സന്ദേശം നല്‍കുന്നതിലൂടെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ഫെബ്രുവരി 21, 22 തീയതികളില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുമാണ് കേരളം ലക്ഷ്യമിടുന്നത്.
അനുകൂലമായ സര്‍ക്കാര്‍ നയങ്ങളിലൂടെ കേരളത്തിന്‍റെ വ്യവസായ മേഖലയിലുണ്ടായ വളര്‍ച്ചയും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ചര്‍ച്ചയില്‍ മന്ത്രി എടുത്തുകാട്ടി. ഐടി മുതല്‍ എംഎസ്എംഇ വരെ കേരളം വളര്‍ച്ച കൈവരിച്ച വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് മന്ത്രി വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തിയത്. ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യവസായ പ്രമുഖര്‍ താല്‍പര്യം പ്രകടിപ്പിച്ചു.
ഫലപ്രദമായ നിരവധി ആശയവിനിമയങ്ങള്‍ നടന്നതായും സംസ്ഥാനത്തിന്‍റെ വ്യവസായിക അന്തരീക്ഷത്തിലെ മാറ്റത്തില്‍ ഭാഗമാകാന്‍ വ്യവസായ പ്രമുഖര്‍ താല്‍പര്യം പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു. മികച്ച കഴിവുള്ള പ്രൊഫഷണലുകള്‍, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, അനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങിയവ സംസ്ഥാനത്തിന്‍റെ പ്രധാന സവിശേഷതകളായി എടുത്തുകാണിച്ചു. സുസ്ഥിരതയ്ക്കും ഉള്‍ക്കൊള്ളലിനും സംസ്ഥാനം പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി വ്യവസായ പ്രമുഖരോട് പറഞ്ഞു.
ഹിറ്റാച്ചി ഇന്ത്യ എംഡി ഭരത് കൗശല്‍, ടിവിഎസ് ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ആര്‍ ദിനേശ്, ഹൈനെകെന്‍ സിഇഒ ഡോള്‍ഫ് വാന്‍ ഡെന്‍ ബ്രിങ്ക്, ബാങ്ക് ഓഫ് സിംഗപ്പൂരിന്‍റെ അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് മാണിക് ഷാ, ഊബര്‍ സിഇഒ പ്രദീപ് പരമേശ്വരന്‍, ജുബിലന്‍റ് ഭാര്‍ത്യ ഗ്രൂപ്പ് ഫൗണ്ടറും കോ-ചെയര്‍മാനുമായ ഹരി എസ് ഭാര്‍ത്യ, ഭാരത് ഫോര്‍ജ് പ്രസിഡന്‍റും കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് സിഇഒയുമായ നീലേഷ് തുങ്കര്‍ തുടങ്ങിയവര്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി.
ഐടി, സ്പേസ് ടെക്, മെഡിക്കല്‍ ഡിവൈസ്, ഹെല്‍ത്ത് കെയര്‍, മാരിടൈം, ടൂറിസം എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ കേരളം ആകര്‍ഷകമായ നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എംഎസ്എംഇ മേഖലയിലും സംസ്ഥാനം വലിയ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍, ഭക്ഷ്യ സംസ്കരണ മേഖല, സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോത്പന്ന സംസ്കരണം എന്നിവയിലും വലിയ നിക്ഷേപ സാധ്യതയാണുള്ളത്. ‘ഉത്തരവാദിത്തമുള്ള വ്യവസായം’ എന്നതാണ് സംസ്ഥാനത്തിന്‍റെ മുദ്രാവാക്യം. ജനങ്ങളെ പിന്തുണച്ചുകൊണ്ടും പരിസ്ഥിതിക്ക് ദോഷം വരുത്താതെയുമുള്ള വ്യവസായങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രദ്ധ നേടി കേരളത്തിന്റെ പവലിയൻ
ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ശേഷമുള്ള കേരളത്തിന്‍റെ നിക്ഷേപ സാധ്യതകളും സംസ്ഥാനത്തിന്‍റെ പുതിയ വ്യവസായ നയങ്ങളും പരിചയപ്പെടുത്തുന്ന ഫോറത്തിലെ കേരള പവലിയന്‍ നിരവധി സന്ദര്‍ശകരെ ആകര്‍ഷിച്ചു.
സുസ്ഥിര, ഉത്തരവാദിത്ത വ്യവസായ ലക്ഷ്യങ്ങളില്‍ ഊന്നിയുള്ള ‘വി ആര്‍ ചേഞ്ചിങ് ദ നേച്വര്‍ ഓഫ് ബിസിനസ്’ ( We are changing the nature of business) എന്ന കാമ്പയിന്‍ ആണ് കേരള പവലിയന്‍ മുന്നോട്ടുവയ്ക്കുന്നത്. ജനങ്ങളെ പിന്തുണച്ചുകൊണ്ടും പരിസ്ഥിതിക്ക് ദോഷം വരുത്താതെയുമുള്ള വ്യവസായങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന സന്ദേശമാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. പ്രകൃതി, ജനങ്ങള്‍, വ്യവസായം (നേച്ചര്‍, പിപ്പിള്‍, ഇന്‍ഡസ്ട്രി) എന്നതാണ് ഇന്‍വെസ്റ്റ് കേരളയുടെ ടാഗ് ലൈന്‍.
ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ശേഷമുള്ള കേരളത്തിന്‍റെ നിക്ഷേപ സാധ്യതകളും ഫെബ്രുവരിയില്‍ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന്‍റെ വിവരങ്ങളും പവലിയനിലൂടെ പരിചയപ്പെടുത്തുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, പാലക്കാട് വ്യാവസായിക ഇടനാഴി, കേരളത്തിന്‍റെ സുസ്ഥിര, ഉത്തരവാദിത്ത വ്യവസായ മാതൃക എന്നിവയ്ക്ക് പവലിയനില്‍ ഊന്നല്‍ നല്‍കുന്നു. ആദ്യമായാണ് ദാവോസ് ഫോറത്തില്‍ ഇന്‍വെസ്റ്റ് ഇന്ത്യയുടെ കീഴില്‍ കേരളം പവലിയന്‍ ഒരുക്കുന്നത്. ഇന്ത്യയില്‍ നിന്ന് ആറ് സംസ്ഥാനങ്ങള്‍ക്കാണ് പവലിയന്‍ ഉള്ളത്. ആദ്യമായിട്ടാണ് കേരള പവലിയന്‍ ഇവിടെ ഒരുങ്ങുന്നത്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവയാണ് പവലിയന്‍ ഉള്ള മറ്റ് സംസ്ഥാനങ്ങള്‍. കേരള പവലിയനിലെ മറ്റ് പ്രമുഖ സന്ദര്‍ശകരില്‍ ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലിയും ഉള്‍പ്പെടുന്നു.
ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോര്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍ എന്നിവരും സംഘത്തിലുണ്ട്.
പാനല്‍ ചര്‍ച്ചകളിലും നെറ്റ് വര്‍ക്കിംഗ് പരിപാടികളിലും കേരള പ്രതിനിധി സംഘം സംബന്ധിച്ചു. സിഐഐ സംഘടിപ്പിച്ച വണ്‍-ടു-വണ്‍ പരിപാടിയില്‍ സിഐഐ കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് വിനോദ് മഞ്ഞില പങ്കെടുത്തു.
Kerala’s Pavilion at Davos 2024 showcased the state’s investment potential in IT, MSMEs, healthcare, and sustainable industries. Industry Minister P. Rajeev held over 30 discussions with global leaders, highlighting Kerala’s business-friendly environment and upcoming Invest Kerala Global Summit.