തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്‌നോപാർക്ക് ഫേസ് നാലിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 1500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഐടി-ഡിജിറ്റൽ ആന്റ് റിസേർച്ച് ഹബ്ബിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കും. കൃത്യമായ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ പറഞ്ഞു. 94 ഏക്കൽ സ്ഥലത്തുള്ള പദ്ധതി പൂർത്തിയാകുന്നതോടെ 21,000 പേർക്കാണ് തൊഴിൽ ലഭിക്കുക.

ആദ്യ ഘട്ടത്തിന്റെ മാത്രം ബിൽറ്റ്-അപ്പ് വിസ്തീർണം 10 ലക്ഷം ചതുരശ്ര അടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ 5000 പേർക്ക് തൊഴിൽ ലഭ്യമാകും. ടിസിഎസ് ഡിജിറ്റൽ ആന്റ് റിസർച്ച് ഹബ് പള്ളിപ്പുറത്ത് സ്ഥാപിക്കുന്നതിന് 2021 ഫെബ്രുവരിയിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. എയ്‌റോസ്‌പെയ്‌സ്, പ്രതിരോധം, നിർമാണം എന്നീ മേഖലകൾക്കാവശ്യമായ നൂതന സാങ്കേതികവിദ്യകൾ പ്രദാനം ചെയ്യുന്ന പദ്ധതിയാണ് ടിസിഎസ് വിഭാവനം ചെയ്തിട്ടുള്ളത്. റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റ അനലറ്റിക്‌സ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് എന്നിവയിലൂന്നി ഉത്പ്പന്നങ്ങളുടെ വികസനവും അതുമായി ബന്ധപ്പെട്ട സേവനവുമാണ് ഇതിൽ പ്രധാനം.
ടെക്‌നോളജി സ്റ്റാർട്ടപ്പുകൾക്കുവേണ്ടി ഇൻക്യുബേറ്റർ സെന്റർ സ്ഥാപിക്കാനും ടിസിഎസ് ഉദ്ദേശിക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകൾ വളർത്തിയെടുക്കുന്നതിലും അവയെ പ്രോത്സാഹിപ്പിക്കുന്നതിലും കേരളത്തിന് മികച്ച സ്ഥാനമാണുള്ളത്. ടിസിഎസ് തുടങ്ങുന്ന ഇൻക്യുബേറ്റർ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിന് സഹായകമാവും.
TCS is set to inaugurate its ₹1500 crore Digital and Research Hub at Technopark Phase 4, Pallippuram. The project aims to create 21,000 jobs and focus on AI, Robotics, and Blockchain.