ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന സ്വറെയിൽ സൂപ്പർ ആപ്പിന്റെ (SwaRail SuperApp) പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം ആരംഭിച്ച് റെയിൽവേ. തടസ്സമില്ലാത്ത സേവനങ്ങൾക്കൊപ്പം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് തയ്യാറാക്കിയിട്ടുള്ളതെന്ന് റെയിൽവേ ന്യൂസ് പോർട്ടലായ റെയിൽവേ സപ്ലൈ റിപ്പോർട്ട് ചെയ്യുന്നു.
സാങ്കേതിക മാറ്റത്തിനൊപ്പം മികച്ച യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന ആപ്പ് വികസിപ്പിച്ചത് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ്. റിസേർവ്ഡ്-അൺറിസേർവ്ഡ് ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ യാത്രക്കാർക്ക് സ്വറെയിൽ സൂപ്പർ ആപ്പ് വഴി ബുക്ക് ചെയ്യാം. പിഎൻആർ സ്റ്റാറ്റസ്, സീറ്റ് ലഭ്യത, ട്രെയിൻ സമയം തുടങ്ങിയവയും ആപ്പിലൂടെ അറിയാനാകും. യാത്രാ ടിക്കറ്റുകൾക്കു പുറമേ പാർസൽ സർവീസുകളും ഈ ആപ്പ് വഴി ബുക്ക് ചെയ്യാം. കൂടാതെ ഐആർസിടിസി മീൽ ഓർഡർ, റെയിൽ മദദ് സംവിധാനങ്ങളും ആപ്പിൽ ഉണ്ട്.
നിലവിൽ ഈ സേവനങ്ങളെല്ലാം ഒന്നിലധികം ആപ്പുകൾ വഴിയാണ് മടക്കുന്നത്. സ്വറെയിൽ സൂപ്പർ ആപ്പിലൂടെ ഈ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാകും എന്നതാണ് സവിശേഷത. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്പ് ലഭ്യമാക്കിയിട്ടുള്ളത്. പരീക്ഷണാർത്ഥം പുറത്തിറക്കുന്നതിനാൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. പൂർണാടിസ്ഥാനത്തിൽ ആപ്പ് ഉടൻ തന്നെ യാത്രക്കാരിലേക്ക് എത്തും.
Indian Railways launches the SwaRail SuperApp, integrating ticket booking, train tracking, and railway services into one AI-powered platform for enhanced convenience and security.