കൊച്ചിയിൽ ഫ്ലാറ്റ് പൊളിച്ചു നീക്കാൻ വീണ്ടും കോടതി ഉത്തരവ്. വൈറ്റിലയിൽ സൈനികർക്കായി നിർമിച്ച ചന്ദർ കുഞ്ച് എന്ന അപാർട്ട്മെന്റ് സമുച്ചയത്തിലെ രണ്ടു ടവറുകൾ പൊളിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
സമുച്ചയത്തിലെ ബി, സി ടവറുകളാണ് പൊളിച്ചു നീക്കി പുതിയത് പണിയാൻ ഉത്തരവിറക്കിയിരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ എന്നിവർക്കായി 2018ലാണ് ഫ്ലാറ്റ് നിർമിച്ചത്. ഫ്ലാറ്റുകൾ സുരക്ഷിതമല്ല എന്നു ചൂണ്ടിക്കാണിച്ച് ഇവിടുത്തെ താമസക്കാർ തന്നെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
സമുച്ചയത്തിലെ ബി, സി ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് കോടതി നിർദ്ദേശം നൽകി.
ബലക്ഷയം സംഭവിച്ച ഫ്ലാറ്റുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്നതിനും പുതിയത് പണിയുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യങ്ങൾ പുതുതായി നിർമിക്കുന്ന ഫ്ലാറ്റുകൾക്ക് വേണമെന്നും കോടതി നിർദ്ദേശിച്ചു.
Kerala High Court orders demolition of two towers in Kochi’s Chander Kunj apartment complex, citing safety concerns. Army Welfare Housing Organization to rebuild.