കേരളത്തിലിരുന്ന് ലോകത്തേക്ക് സ്പൈസസ് ബിസിനസ്സ് ചെയ്ത് നേടുന്നത് കോടികൾ! Mane Kancor

1850-കളിലേതന്നെ കേരളത്തിൽ സംരംഭക സാധ്യത കണ്ടവരുണ്ട്. അതായത് 175 വർഷങ്ങൾക്ക് മുമ്പേ കേരളത്തിലെ ബിസിനസ്സ് പൊട്ടൻഷ്യൽ തിരിച്ചറിഞ്ഞവർ ഈ മണ്ണിൽ സുഗന്ധമുള്ള ഒരു സംരംഭം തുറന്നു, ലോകത്തെ ഏറ്റവും മൂല്യമുള്ള സംരംഭങ്ങളിലൊന്ന്, സ്പൈസസ്! വെള്ളക്കാരായ വ്യാപാരികളേയും അറബികളേയും ചൈനക്കാരേയുമൊക്കെ കടലുതുഴഞ്ഞ് ഇന്ത്യയുടെ തെക്കേമുമ്പിലേക്ക് എത്തിച്ച കുരുമുളകിന്റെ സുഗന്ധം, ഏലത്തിന്റെ രുചി, കറുവാപ്പട്ടയുടെ വശ്യത, മഞ്ഞളിന്റെ ഗുണം..

ആ സുഗന്ധവ്യാപാരത്തിന് ആദ്യ സംരംഭക രൂപം നൽകിയ സംരംഭകർ കേരളത്തിന്റെ സ്പൈസസ് സംരംഭത്തിന്റെ ഭാവിതന്നെ മാറ്റിമറിച്ചു. കുരുമുളക് ഉൾപ്പെടെ സ്പൈസസിന്റെ കയറ്റുമതിയിൽ നിന്ന് മൂല്യവർദ്ധക ഉൽപ്പന്നങ്ങളിലേക്ക് കൂടി കടന്ന്, സംരംഭത്തിന്റെ അഞ്ചാം തലമുറയിൽ എത്തിനിൽക്കുമ്പോൾ ആ സംരംഭത്തിന് മനേ കാൻകോർ (Mane Kancor) എന്ന് പേര്! കേരളത്തിന്റെ സുഗന്ധവ്യ‍ഞ്ജനത്തിന്  ലോകം തിരിച്ചറിയുന്ന പേര്!

എറണാകുളം അങ്കമാലിയിലെ മനേ കാൻകോറിന്റെ പ്രൊ‍‍ഡക്ഷൻ ഓഫീസ് കണ്ടാൽ സിംഗപ്പൂരിലേയോ യൂറോപ്പിലേയോ ബിസിനസ്സ് സമുച്ചയമാണെന്നേ തോന്നൂ.  കേരളത്തിന്റെ മാറുന്ന ബിസിനസ്സ് പെരുമയിൽ ലോകത്തോളം വളർന്ന സ്പൈസസ് കമ്പനിയായ കാൻകോറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒ-യുമായ ജീമോൻ കോറ (Geemon Korah) കാൻകോറിന്റെ ചരിത്രം പറയുമ്പോൾ അനാവൃതമാകുന്നത്,  നൂറ്റാണ്ടുകൾ പഴക്കമുള്ള കേരളത്തിന്റെ സുഗന്ധവ്യഞ്ജന ചരിത്രം കൂടിയാണ്. കേരളത്തിന്റെ സുഗന്ധവ്യഞ്ജന ഗന്ധം തേടി ഗുജറാത്തിലെ കച്ചിൽ നിന്ന് വന്ന കാഞ്ചി മൊറാർജി. 1850-കളിൽ തുടങ്ങിയ ആ സ്പൈസസ് വ്യാപാരത്തിലൂടെ അവർ മാരിവാലയായി. മാരി എന്നാൽ ഗുജറാത്തിയിൽ കുരുമുളക് എന്നാണ്. അത് വിൽക്കുന്നവർ മാരിവാല-കളും. കഴിഞ്ഞ 54 വർഷമായി കേരളത്തിൽ മുന്നോട്ട് പോകുന്ന കാൻകോർ തന്നെയാണ് കേരളത്തിൽ എന്ത് ചെയ്യാൻ പറ്റും എന്നതിന്റെ ഏറ്റവും വലിയ തെളിവെന്ന് ജീമോൻ കോറ പറയുന്നു. കേരളത്തിൽ ഒരുപാട് വിജയകഥകളുണ്ട്. മലയാളികൾ നിശബ്ദമായി കാര്യങ്ങൾ ചെയ്ത് പോകുന്നവരാണ്. അതുകൊണ്ട് തന്നെയാണ് കാൻകോർ നിശബ്ദമായി സുഗന്ധവ്യഞ്ജന വിപ്ലവം സൃഷ്ടിക്കുന്നതെന്ന് ജീമോന്റെ വാക്കുകളിൽ വായിച്ചറിയാം.

കേരളത്തിന്റെ DNA-യിലുണ്ട് സുഗന്ധവ്യഞ്ജത്തിന്റെ പെരുമ. നമ്മുടെ നാടിന്റെ തലവര മാറ്റിയത് തന്നെ സ്പൈസസിലെ രാജാവായ കുരുമുളകും രാജ്ഞിയായ ഏലവും അല്ലേ?. ലോകത്തെവിടയും ഭക്ഷണത്തെ സുഗന്ധിതമാക്കുന്ന സ്പൈസസിന് എക്കാലവും സംരംഭക സാധ്യത ആവോളമുണ്ട് . ആ ബിസിനസ്സ് സാധ്യതയുടെ വിജയത്തിന്റെ പേരാണ് കാൻകോർ ഇന്ന്. കേരളത്തിന്റെ രുചയും, മണവും സംരംഭമാക്കിയ കാൻകോർ. ഇന്ത്യയിലാകമാനം 8 ഫാക്ടറികൾ കാൻകോറിനുണ്ട്. 120-ഓളം രാജ്യങ്ങളിൽ ഞങ്ങൾക്ക് സാനിധ്യമുണ്ട്, അഥവാ കസ്റ്റമേഴ്സ് 120-ഓളം രാജ്യങ്ങളിൽ കാൻകോറിനുണ്ട്. സ്പൈസസ് ഇൻഡസ്ട്രിയിൽ മികവിന്റെ അളവുകോലായി കണക്കാക്കുന്ന പല ടെക്നോളജിയും കാൻകോറിന്റേതാണ്. ഇന്ന് ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്ന പലരും ഒരുകാലത്ത് കാൻകോറിന്റെ ഭാഗമായിരുന്നു- ജീമോൻ കോറ വ്യക്തമാക്കുന്നു.

കുരുമുളകിന്റേയും ഏലത്തിന്റേയും ഉൾപ്പെടെയുള്ള സുഗന്ധവ്യ‍ഞ്ജന സത്ത്, അവയുടെ ഗന്ധവും രസവും ചോരാതെ നിർമ്മിച്ചെടുക്കുന്ന കാൻകോർ, ലോകത്തെ എണ്ണം പറഞ്ഞ സ്പൈസസ് ബ്രാൻഡാണ്. ക്വാളിറ്റിയിലും പ്രൊഫഷണലിസത്തിലും ലോകോത്തര നിലവാരം പുലർത്തുന്നതുകൊണ്ട് തന്നെ വിദേശ ബഹുരാഷ്ട്ര കമ്പനികൾ പലതും കാൻകോറിന്റെ പാർട്ണേഴ്സോ ഉപഭോക്താക്കളോ ആണ്.

” എല്ലാ സുഗന്ധവ്യഞ്ജനങ്ങളും ഇന്ന് കേരളത്തിൽ ലഭ്യമാണ്. ലോകത്തെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രൊസസിംഗ് ഹബ്ബായി ഇന്ന് കേരളം മാറിയിരിക്കുകയാണ്. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതിനൊപ്പം സ്പൈസസ് ഇൻഡട്രിയിലെ ടെക്നോളജി കേന്ദ്രമായി നമ്മുടെ കേരളം വളരുകയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട പിന്തുണയിൽ കുറവുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അതേസമയം സംരംഭകർക്കും ഈ നാടിനോട് പ്രതിബദ്ധതയുണ്ട്. സംരംഭം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 5 വർഷത്തിനിടെ 500-600 കോടി രൂപ ഞങ്ങളും നിക്ഷേപിച്ചിരിക്കുകയാണ് ഇവിടെ. ലോകത്തെ ഏറ്റവും മികച്ചതും ഇന്നവേറ്റീവുമായ ടെക്നോളജിയും എക്യുപ്മെന്റുകളും നിങ്ങൾക്ക് ഇവിടെ കാണാം. സ്പൈസസ് ഇൻഡസ്ട്രി എടുത്താൽ ലോകത്തെ തന്നെ ഏറ്റവും മികച്ച ഇന്നവേഷൻ സെന്ററാണ് കാൻകോറിൽ ഉള്ളത്.” ജീമോൻ കോറ പറയുന്നു.

1969-മുതൽ അങ്കമാലിയിലെ അത്യാധുനിക പ്ലാന്റിൽ നിന്ന് സ്പൈസസിലെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലേക്കും, ന്യൂട്രസ്യൂട്ടിക്കൽസ് ,ഫാർമ ആപ്ലിക്കേഷനുകൾ എന്നിവയിലേക്ക് കാൻകോർ ശ്രദ്ധവെക്കുന്നു. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ 600 കോടിയോളം വരുമാനമാണ് സ്പൈസസ് വിറ്റുവരവിലൂടെ കാൻകോർ കേരളത്തിലിരുന്ന് നേടുന്നത്. ‌ലോകത്തെ ഏറ്റവും ആധുനികമായ ടെക്നോളജി സംവിധാനങ്ങളുപയോഗിച്ചാണ് സുഗന്ധവ്യഞ്ജന പ്രോ‍ഡക്റ്റുകൾ കാൻകോർ നിർമ്മിക്കുന്നത്.

ഇന്ത്യനേഷ്യ, വിയറ്റ്നാം തുടങ്ങിയ സൗത്ത്-ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ സ്പൈസസ് പ്രൊഡക്ഷനിൽ മത്സരിക്കുന്നുണ്ട്. കുരുമുളക് കൃഷിയിൽ വിയറ്റ്നാം ഏറ്റവും വലിയ ഉൽപ്പാദകരായി മാറിയിരിക്കുന്നു. എന്നാൽ കുരുമുളകിന്റെ ക്വാളിറ്റി, പ്രൊസസിംഗ് ടെക്നോളജി, എക്സ്ട്രാക്റ്റിംഗ് സിസ്റ്റംസ് എന്നിവയിൽ കേരളം ലോകത്ത് മുൻപന്തിയിലാണ്. സ്പൈസസ് മാർക്കറ്റിൽ കേരളത്തിനുള്ള ഈ മുൻതൂക്കം കാൻകോർ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഊർജ്ജവും പ്രചോദനവുമാണ്

മികച്ച ഇന്നവേറ്റീവായ എക്കോസിസ്റ്റത്തിൽ മാത്രമേ ആർ ആന്റ് ഡി-അനിവാര്യമായ സ്പൈസസ് സെക്ടറ് പോലുള്ള മേഖലയിലെ സംരംഭങ്ങൾക്ക് വളരാനാകൂ. റിസർച്ച് ഇൻസ്റ്റിറ്റ്യൂഷനുകൾ, സ്കില്ല്ഡായ വർക്ക് ഫോഴ്സ്, മറ്റ് പിന്തുണാ സംവിധാനങ്ങൾ എന്നിവ, കാൻകോറു പോലുള്ള സംരംഭങ്ങൾ വളരാൻ കേരളത്തിൽ അനുകൂല അന്തരീക്ഷമൊരുക്കുന്നുണ്ട് എന്നത് കാണാതിരുന്നുകൂടാ.

ഫുഡ് ഹാബിറ്റുകൾ മാറുന്നു, ലോകത്ത് എവിടേയും ഇന്ത്യൻ പാചകരീതികളും ഭക്ഷണവും ലഭ്യമാകുന്നു, ഏഷ്യ ലോകത്തെ ഏറ്റവും വലിയ സ്പൈസ് മാർക്കറ്റായി മാറുന്നു.. അങ്ങനെ സുഗന്ധവ്യഞ്ജനങ്ങളുടെ സാധ്യതയും വിപണിയും പലമടങ്ങ് കൂടുകയാണ്. ലോകമാകെയുള്ള മാർക്കറ്റിലേക്ക് കേരളത്തിലിരുന്ന് ബിസിനസ്സ് ചെയ്ത് കോടികളുടെ വരുമാനം നേടാമെന്നതിന്റെ മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് കാൻകോർ. വേണ്ടത് യുണീഖായ സംരംഭക ആശയങ്ങളാണ്.

സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവർക്ക് ജീമോൻ കോറ നൽകുന്ന ചില പാഠങ്ങളുണ്ട്- “മുന്നേ പോയവരുടെ വഴിയും സാധാരണ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളും സംരംഭത്തിൽ പിന്തുടരാതിരിക്കുക. ഒരു സംരംഭത്തിലേക്ക് വന്ന്, അതിൽ വിജയിക്കണമെങ്കിൽ വ്യത്യസ്തവും അസാധാരണവും അനുപമവുമായ മാർഗ്ഗങ്ങൾ കണ്ടെത്തുക. അത് നിങ്ങളെ അടയാളപ്പെടുത്തുന്നതായിരിക്കണം. വിജയിക്കണമെങ്കിൽ സംരംഭത്തിൽ നിങ്ങൾക്ക് വ്യത്യസ്തമായ തന്ത്രം ഉണ്ടായിരിക്കണം.”

കേരളത്തിലിരുന്ന് ലോകത്തോളം ബിസിനസ്സ് ചെയ്ത് തിളക്കുമുള്ള ബ്രാൻഡായി മാറിയ കോൻകോറിന്റെ തന്നെ വാക്കുകളാണിത്. 

Mane Kancor, a legacy brand in Kerala’s spice industry, has transformed the global spice trade with innovation and quality. With 8 factories and a presence in 120 countries, it continues to lead in spice extraction and value-added products.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version