തമിഴ്നാട്ടിലെ എഞ്ചിനീയമാരും സംരംഭകരും ഹിന്ദി പഠിക്കാൻ ആഹ്വാനം ചെയ്ത സോഹോ സ്ഥാപകൻ ശ്രീധർ വെമ്പുവിന്റെ പ്രസ്താവനയിൽ പ്രതിഷേധം ശക്തമാകുന്നു. സോഹോയുടെ ബിസിനസ് ആവശ്യങ്ങൾക്കായി സംസ്ഥാനത്തെ വിദ്യാർത്ഥികൾ മുഴുവൻ ഹിന്ദി പഠിക്കേണ്ടത് എന്തിനെന്ന് ഭരണകക്ഷിയായ ഡിഎംകെ പ്രതിനിധി ശരവണൻ അണ്ണാദുരൈ വെമ്പുവിന്റെ പ്രസ്താവനയെ ചോദ്യം ചെയ്തു. നേരത്തെ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി ശക്തമായ നിലപാടെടുത്തതിനു പിന്നാലെയാണ് ഡിഎംകെ പ്രതിനിധി സോഹോ സ്ഥാപകന്റെ ഹിന്ദി അനുകൂല നിലപാടിനെ വിമർശിച്ചിരിക്കുന്നത്.
എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിലാണ് ഡിഎംകെ പ്രതിനിധി സോഹോ സ്ഥാപകനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിങ്ങൾക്കാവശ്യം ഉണ്ടെങ്കിൽ നിങ്ങളുടെ ജീവനക്കാരെ ഹിന്ദി പഠിപ്പിക്കാം. എന്നാൽ നിങ്ങളുടെ ബിസിനസ്സിന് ആവശ്യമുണ്ട് എന്നത് കൊണ്ടു മാത്രം തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ ഹിന്ദി പഠിക്കേണ്ട കാര്യമെന്ത്? അതിനു പകരം നോർത്ത് ഇന്ത്യയിലെ വിദ്യാർത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ വെമ്പു കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെടുന്നതായിരിക്കും ഉചിതമെന്നും ശരവണൻ പറഞ്ഞു.
കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിലാണ് ഹിന്ദി അറിയാത്തത് തമിഴ്നാട്ടിലെ എഞ്ചിനീയർമാർക്കും സംരംഭകർക്കും വലിയ ന്യൂനതയാണെന്ന് ശ്രീധർ വെമ്പു പറഞ്ഞത്. ഡൽഹി, മുംബൈ, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്യുന്ന സോഹോ ജീവനക്കാർക്ക് ഹിന്ദി വശമില്ലാത്തതിനാൽ ധാരാളം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും വെമ്പു പറഞ്ഞു.
Zoho founder Sridhar Vembu’s call for Tamil Nadu’s engineers to learn Hindi has sparked controversy. DMK spokesperson Saravanan Annadurai opposes the idea, reigniting Tamil Nadu’s language debate.