ലോകത്തിലെ ഏറ്റവും സമ്പന്നരായ 24 സൂപ്പർ ബില്യണേർസിന്റെ പട്ടികയുമായി വാൾ സ്ട്രീറ്റ് ജേർണൽ. ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിസമ്പന്നരെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയാൻ സൂപ്പർ ബില്യണേർ എന്ന പുതിയ വിഭാഗത്തെ ഉയർത്തി കൊണ്ടുവരികയാണ് വാൾ സ്ട്രീറ്റ്. 50 ബില്യൺ ഡോളറോ അതിലധികമോ ആസ്തിയുള്ളവരെയാണ് വാൾ സ്ട്രീറ്റ് ജേർണൽ സൂപ്പർ ബില്യണേർസായി കണക്കാക്കുന്നത്. പട്ടിക പ്രകാരം 419.4 ബില്യൺ ഡോളർ ആസ്തിയുമായി ഇലോൺ മസ്ക് ആണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. മുകേഷ് അംബാനി, ഗൗതം അദാനി, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ്, വാറൻ ബഫറ്റ് എന്നിവരും ലോകത്തിലെ ഏറ്റവും വലിയ 24 സൂപ്പർ ബില്യണേർസിൽ ഉൾപ്പെടുന്നു.

ഗ്ലോബൽ വെൽത്ത് ഇന്റലിജൻസ് സ്ഥാപനമായ അൾട്രാറ്റയുമായി (Altrata) ചേർന്നാണ് വാൾ സ്ട്രീറ്റ് ജേർണൽ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 24 സൂപ്പർ ബില്യണേർസിൽ 16 സെന്റി-ബില്യണേർസാണ്. $100 ബില്യൺ ഡോളറിനു മുകളിൽ ആസ്തിയുള്ളവരെയാണ് സെന്റി-ബില്യണേർസായി കണക്കാക്കുന്നത്.

ടെസ്ല, സ്പേസ് എക്സ്, ന്യൂറാലിങ്ക്, സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോം തുടങ്ങിയവയിലെ വരുമാനമാണ് ഇലോൺ മസ്കിന്റെ വമ്പൻ ആസ്തിക്കു പിന്നിൽ. പട്ടികയിൽ പതിനേഴാമതുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 90.6 ബില്യൺ ഡോളറാണ്. 21ാം സ്ഥാനത്തുള്ള അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് 60.6 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തി. 263.8 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. LVMH സിഇഓയും ചെയർമാനുമായ ബെർണാർഡ് അർനോൾട്ട് 238.9 ബില്യൺ ഡോളറുമായി പട്ടികയിൽ മൂന്നാമതുണ്ട്. ഒറാക്കിൾ സ്ഥാപകൻ ലാറി എലിസൺ 237 ബില്യൺ ഡോളർ ആസ്തിയുമായി നാലാമതും മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് 220.8 ബില്യൺ ഡോളറുമായി പട്ടികയിൽ അഞ്ചാമതുമാണ്.
The world now has 24 super billionaires, each worth over $50 billion. Elon Musk leads with $419.4B, followed by Jeff Bezos and Bernard Arnault. Mukesh Ambani and Gautam Adani represent India in the elite club.