മൾട്ടി കാർഗോ പോർട്ടായി വിഴിഞ്ഞത്തെ വികസിപ്പിക്കുക എന്നതാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രദീപ് ജയരാമൻ. വിഴിഞ്ഞം കേരളത്തിനും ഇന്ത്യയ്ക്കും മുൻപിൽ അനന്തസാധ്യതകൾ തുറക്കുന്നുവെന്നും ചാനൽ അയാമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ലോകമെങ്ങും നിന്നും ചരക്കുകൾ കയറ്റിയയക്കുന്നവർ വിഴിഞ്ഞം തുറമുഖത്തെ പ്രധാന ഗേറ്റ് വേ ആയി കാണുന്നു. സംസ്ഥാന ഗവൺമെന്റിന്റെ മികച്ച വ്യാവസായിക നയങ്ങൾ കൂടി ചേരുമ്പോൾ ഇത് കേരളത്തിന് ഏറെ ഗുണകരമാകും. ലോജിസ്റ്റിക്സ് പാർക്കുൾപ്പെടെ വിഴിഞ്ഞത്തിന്റെ ഭാഗമായി വരുന്ന വികസനം വളരെ വലുതായിരിക്കും. വിഴിഞ്ഞത്തിന് ഒരുപോലെ കണ്ടെയിനർ, ഡ്രൈ കാർഗോ, ലിക്വിഡ് കാർഗോ തുടങ്ങിയവ കൈകാര്യം ചെയ്യാനാകുന്ന തരത്തിലേക്ക് ഉയർത്താൻ അദാനി പോർട്ട്സ് പ്രതിബദ്ധമായിരിക്കുമെന്നും പ്രദീപ് ജയരാമൻ കൂട്ടിച്ചേർത്തു.

വിഴിഞ്ഞത്തിന്റെ ആദ്യ ചുവടുകൾ അതിശയകരമാണ്. അടുത്ത 3-5 വർഷങ്ങൾക്കുള്ളിൽ ഈ മേഖലയിൽ തന്നെ പ്രകടമായ വികസനത്തിനും മാറ്റത്തിനും വിഴിഞ്ഞം തുറമുഖം വഴിതുറക്കും. മികച്ച വ്യാവസായിക മേഖലയായി സംസ്ഥാനത്തെ മാറ്റിയെടുക്കാൻ വിഴിഞ്ഞം സഹായിക്കും. ലോജിസ്റ്റിക്സ് പാർക്കുകൾ, ലോജിസ്റ്റിക്സ് പ്രക്രിയകളുടെ ഭാഗമായ പൂർത്തീകരണ കേന്ദ്രങ്ങൾ, അതുമായി ബന്ധപ്പെട്ടുള്ള കയറ്റുമതി സാധ്യമായ ബിസിനസ്സുകൾ-ഇങ്ങനെ പുതിയ വ്യവസായവത്കരണത്തിന് കേരളത്തെ വിഴിഞ്ഞം പ്രാപ്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പല മേഖലകളിൽ വിദഗ്ധരായ ഒട്ടനവധി ആളുകൾക്ക് വിഴിഞ്ഞം തുറമുഖം അവസരങ്ങൾ തുറക്കും. ഇതിലൂടെ നിരവധി മേഖലകളിൽ പുതിയ സാധ്യതകൾ ഉരുത്തിരിയും. ഇതിനെല്ലാം നമുക്ക് വേണ്ടത് അൽപം ക്ഷമയാണ്. ഇത്ര ബൃഹത്തായ ഒരു പദ്ധതി ഒറ്റ രാത്രികൊണ്ട് പൂർത്തിയാക്കാനോ അതിന്റെ പൂർണ്ണമായ അർത്ഥത്തിലുള്ള ലക്ഷ്യം കൈവരിക്കാനോ സാധിക്കില്ല എന്നും പ്രദീപ് വ്യക്തമാക്കി.
Pradeep Jayaraman, CEO of Adani Vizhinjam Port, discusses how Vizhinjam Port will transform India’s maritime sector, reducing transshipment costs and boosting Kerala’s economy.