പച്ചക്കറിയും മത്സ്യവും പാർസൽ സർവീസിൽ നിന്ന് ഒഴിവാക്കി കെഎസ്ആർടിസി. 2023ലാണ് കേരളത്തിലെവിടെയും 16 മണിക്കൂർ കൊണ്ട് സാധനങ്ങൾ എത്തിച്ചു നൽകും എന്ന അവകാശവാദത്തോടെ കെഎസ്ആർടിസി മിന്നൽ കൊറിയർ സർവീസ് ആരംഭിച്ചത്. ഇതോടെ പെട്ടെന്ന് കേടാകുന്ന വസ്തുക്കളായ പച്ചക്കറി, മത്സ്യം തുടങ്ങിയവ അയക്കാൻ ഉപഭോക്താക്കൾ കെഎസ്ആർടിസി പാർസൽ സർവീസിനെ ഏറെ ആശ്രയിക്കാൻ തുടങ്ങി. എന്നാൽ ഇപ്പോൾ ഇത്തരം പാർസലുകൾ കേടാകുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് പാർസൽ സർവീസിൽ നിന്നും ഇവ നീക്കാൻ കെഎസ്ആർടിസി തീരുമാനം എടുത്തിരിക്കുന്നത്.
സർവീസ് ആരംഭിച്ചതു മുതൽ ഏതാണ്ട് എട്ട് കോടി രൂപയുടെ വരുമാനം കെഎസ്ആർടിസി ഇതിലൂടെ നേടിയിരുന്നു. എന്നാൽ ഡെലിവെറിക്കായി കെഎസ്ആർടിസി പാസഞ്ചർ ബസ്സുകളെയാണ് ആശ്രയിച്ചിരുന്നത്.
ഇവയിൽ യാത്രയ്ക്ക് കൂടുതൽ സമയം വേണ്ടി വരുന്നതും ചൂട് അടക്കമുള്ള ഘടകങ്ങളുമാണ് ചില പാർസൽ വസ്തുക്കൾ കേടാകാൻ കാരണം. ഇതോടെ പാർസൽ അയച്ചവരുടെ പരാതി ഉയർന്നതോടെയാണ് കെഎസ്ആർടിസി എളുപ്പം കേടുവരുന്ന വസ്തുക്കൾ പാർസൽ സർവീസിൽ നിന്നും ഒഴിവാക്കുന്നത്.
കെഎസ്ആർടിസിക്ക് മിക്ക ചരക്കുകളും ശരാശരി 10 മണിക്കൂർ സമയത്തിനുള്ളിൽ എത്തിക്കാൻ സാധിച്ചിരുന്നു എന്നും എന്നാൽ ചില ഒഴിവാക്കാനാവാത്ത കാരണങ്ങൾ കൊണ്ട് അഞ്ച് ശതമാനം ചരക്കുകളിൽ കാലതാമസം നേരിട്ടതായും കെഎസ്ആർടിസി അധികൃതർ പ്രതികരിച്ചു. സംസ്ഥാനത്തിനു പുറത്തുനിന്നും കെഎസ്ആർടിസിക്ക് ഇത്തരത്തിൽ പാർസൽ കൗണ്ടറുകൾ ഉണ്ടായിരുന്നു.
KSRTC has removed perishable items like vegetables and fish from its parcel service after complaints of damage. The service, launched in 2023, continues to deliver other goods across Kerala.