വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ നടപടി തുടങ്ങി സംസ്ഥാന സർക്കാർ.സാഗർമാല,പ്രധാൻ മന്ത്രി ഗതിശക്തി, റെയിൽ സാഗർ പദ്ധതികളിൽ പെടുത്തിയാണ് ടണൽ ഉൾപ്പെടെ റെയിൽ കണക്റ്റിവിറ്റി ഒരുക്കുക. തുറമുഖത്തുനിന്നും NH66 മായി ബന്ധിപ്പിക്കുന്ന 1.7 കിലോ മീറ്റർ വരുന്ന പോർട്ട് റോഡിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടന്ന് തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു.
കൺസഷൻ എഗ്രിമെന്റ് പ്രകാരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപ്പാത നിർമ്മിക്കാനുള്ള അവസാന തീയതി AVPPL മായുള്ള പുതിയ കരാർ പ്രകാരം ഡിസംബർ 2028 ആണ്. ഈ പാത നിർമ്മിക്കാൻ കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കൊങ്കൺ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ ഡി.പി.ആർ പ്രകാരം 10.7 കി.മി ദൈർഘ്യമുള്ള ഒരു റെയിൽപ്പാതയാണ് വിഭാവനം ചെയ്തിട്ടുള്ളത്. തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ 9.43 കി.മി ദൂരവും ടണലിലൂടെയാണ് കടന്നു പോകുന്നത്.

ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിൽപ്പെട്ട 4.697 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ അന്തിമ ഘട്ടത്തിലാണ്. വിഴിഞ്ഞം വില്ലേജിൽപ്പെട്ട 0.829 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നത് പുരോഗമിച്ചു വരുന്നു. 5.526 ഹെക്ടർ സ്ഥലമേറ്റെടുക്കൽ (198 കോടി രൂപ) ഉൾപ്പെടെ 1482.92 കോടി രൂപയാണ് റെയിൽപ്പാതയ്ക്കായുള്ള ആകെ പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്. കൊങ്കൺ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ ഡി.പി.ആറിന് ദക്ഷിണ റെയിൽവേയുടെ അംഗീകാരം 2022 മാർച്ചിൽ ലഭിച്ചു. കൂടാതെ, പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതിയും ലഭ്യമായിട്ടുണ്ട് പദ്ധതിയുടെ ഡി.പി.ആറിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം ലഭിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം’

കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളായ പ്രധാൻ മന്ത്രി ഗതിശക്തി, Scheme for special assistance for states for capital investment, സാഗർമാല, റെയിൽ സാഗർ തുടങ്ങിയവയിലൂടെ റെയിൽ കണക്ടിവിറ്റി പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനായുള്ള പ്രൊപ്പോസലുകളുംസമർപ്പിച്ചിട്ടുണ്ട്.
തുറമുഖത്തുനിന്നും NH66 മായി ബന്ധിപ്പിക്കുന്ന 1.7 കിലോ മീറ്റർ വരുന്ന പോർട്ട് റോഡിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. പോർട്ട് റോഡ് NH66 മായിട്ടുള്ള ഇൻ്റർസെക്ഷൻ സ്കീം NHAI യുടെ പരിഗണനക്കായി സംസ്ഥാനം സമർപ്പിച്ചിട്ടുണ്ട്.
Kerala advances transport connectivity for Vizhinjam Port with a 10.7 km railway line and 1.7 km port road under Sagarmala and PM Gati Shakti. Land acquisition and approvals are in progress.