മനുഷ്യരിലെ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് പ്രതിരോധിക്കാനുള്ള കണ്ടെത്തലുമായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍. കാന്‍സര്‍, പ്രമേഹം തുടങ്ങി ഹൃദയ-നാഡീ സംബന്ധിയായ രോഗങ്ങള്‍ വരെ തടയാനുള്ള മികച്ച ചികിത്സാരീതികളുടേയും മരുന്നുകളുടേയും കണ്ടെത്തലിന് പഠനറിപ്പോര്‍ട്ട് സഹായകമാകും.



കോശങ്ങളിലെ ജനിതകവസ്തുക്കളിലൊന്നായ ആര്‍എന്‍എ പൂര്‍ണ വളര്‍ച്ചയെത്തുന്ന ഘട്ടവുമായി ബന്ധപ്പെട്ട ‘ക്ലീവേജ് സൈറ്റ് ഹെറ്ററോജെനിറ്റി’ പ്രക്രിയയിലൂടെ മനുഷ്യ കോശങ്ങള്‍ക്ക് ഓക്സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍.

ഡോ. രാകേഷ് എസ്. ലൈഷ്റാമിന്‍റെ നേതൃത്വത്തില്‍ ഡോ. ഫേബ ഷാജി, ഡോ. ജംഷായിദ് അലി എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് മോളിക്കുലാര്‍ ബയോളജി മേഖലയിലെ സുപ്രധാന കണ്ടെത്തലിനു പിന്നില്‍. അന്താരാഷ്ട്ര പ്രശസ്തമായ റെഡോക്സ് ബയോളജി ജേണലില്‍ പഠനത്തിലെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെയും ആന്‍റിഓക്സിഡന്‍റ് പ്രോട്ടീനുകളുടേയും അസന്തുലിതാവസ്ഥയാണ് ഓക്സിഡേറ്റീവ് സ്ട്രെസ്. കോശനാശം, അകാല വാര്‍ധക്യം, കാന്‍സര്‍, പ്രമേഹം, ഹൃദയനാഡീ സംബന്ധിയായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഓക്സിഡേറ്റീവ് സ്ട്രെസ് പ്രധാന കാരണമാണ്. പുകവലി, ഭക്ഷണക്രമത്തിലെ പോരായ്മകള്‍, മദ്യപാനം തുടങ്ങിയവയ്ക്കൊപ്പം പാരിസ്ഥിതിക കാരണങ്ങള്‍, മരുന്നുകളുടെ ഉപയോഗം എന്നിവ ഓക്സിഡേറ്റീവ് സ്ട്രെസ്സിലേക്ക് നയിച്ചേക്കാമെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകും.


ആര്‍എന്‍എ സ്വീക്വന്‍സിംഗ് ടെക്നോളജി, മോളിക്കുലാര്‍ ബയോളജി ടെക്നിക് തുടങ്ങിയവ ഉപയോഗിച്ചാണ് സംഘം പഠനം നടത്തിയത്.


കോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും മനുഷ്യരിലെ രോഗങ്ങള്‍ തടയുന്നതിനും ഓക്സിഡേറ്റീവ് സ്ട്രെസ്സ് നിയന്ത്രിക്കേണ്ടതുണ്ടെന്ന് ഡോ. രാകേഷ് എസ്. ലൈഷ്റാം പറഞ്ഞു. കോശങ്ങളിലെ ജനിതക ഘടകങ്ങളായ ഡിഎന്‍എ, ആര്‍എന്‍എ എന്നിവയിലുണ്ടാക്കുന്ന മാറ്റങ്ങളിലൂടെ ജീന്‍ എക്സ്പ്രഷന്‍സിനെ നിയന്ത്രിക്കുന്നതും ശരീരം ഓക്സിഡേറ്റീവ് സ്ട്രെസിനോട് പ്രതികരിക്കുന്നതും സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് പഠന റിപ്പോര്‍ട്ടിലുളളത്. ഓക്സിഡേറ്റീവ് സ്ട്രെസ് കാരണമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സാ നിര്‍ണയത്തേയും മരുന്നുല്പാദത്തേയും ഈ പഠന റിപ്പോര്‍ട്ട് ഗുണകരമായി സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മനുഷ്യരിലെ വിവിധ രോഗങ്ങളുടെ ഉത്ഭവത്തിലും വികാസത്തിലും ആന്‍റിഓക്സിഡന്‍റുകളുടെ പ്രതികരണം നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന ഒരു സുപ്രധാന പഠനമാണിതെന്ന് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.

Scientists at RGCB discover how RNA cleavage site heterogeneity helps human cells combat oxidative stress, paving the way for new treatments for cancer, diabetes, and cardiovascular diseases.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version