കേരളത്തിന് ചക്ക വേണ്ട, ചക്ക സീസണായതോടെ കർഷകർ കടുത്ത നഷ്ടത്തിൽ ചക്ക വിറ്റു തീർക്കുകയാണ് . അതേ സമയം തമിഴ്നാട്ടില്‍ ചക്കക്കു ഡിമാൻഡ് ഏറുകയാണ് . കേരളത്തിൽ കിലോക്ക് 30 രൂപക്കു വാങ്ങുന്ന ചക്കക്കു തമിഴ്‌നാട്ടിൽ ഒരു ‘ചുളയ്ക്ക്’ 15 രൂപ വരെയാണ് വില ഈടാക്കുന്നതിപ്പോൾ. പഴങ്ങളുടെ സമൃദ്ധിയും താങ്ങാനാവുന്ന വിലയും കാരണം തമിഴ്‌നാട്ടിൽ നിന്നുള്ള ചക്ക വ്യാപാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് ഇവിടം.
കേരളത്തിലെ പ്ലാവുകളിൽ വിളയുന്ന ചക്ക വിവിധ ഉൽപ്പന്നങ്ങൾ തയാറാക്കാനായി നിശ്ചിത കാലം സൂക്ഷിക്കാൻ ഇവിടെ കാര്യമായ സംഭരണ സൗകര്യമില്ല , ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യ ചെലവേറിയതാണ്. ഇതോടെ കിട്ടുന്ന വിലക്ക് വിളവെടുക്കുന്ന ചക്ക തമിഴ്നാട്ടിലേക്ക് വില്പന നടത്തേണ്ട ഗതികേടിലാണ് കർഷകർ. മെച്ചപ്പെട്ട വിപണന തന്ത്രങ്ങളും വലിയ നിക്ഷേപങ്ങളും ഈ രംഗത്ത് ഉണ്ടാകാത്തത് സംരംഭകർക്കും തിരിച്ചടിയാണ്.
കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ചക്ക താരതമ്യേന കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നതാണ് തമിഴ്നാട്ടിലെ വ്യാപാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
കൊല്ലം ജില്ലയുടെ കിഴക്കൻ ഭാഗത്തു പുനലൂരിലടക്കം പ്രദേശങ്ങളിലാണ് വേനൽക്കാലത്തു ചക്ക ധാരാളമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. തമിഴ്‌നാട്ടിൽ ചക്കയ്ക്ക് ഉയർന്ന ഡിമാൻഡാണ് ഉളളത്. കിലോയ്ക്ക് ഏകദേശം 30 രൂപയ്ക്കാണ് ചക്ക ഇവിടെ കർഷകരിൽ നിന്ന് വ്യാപാരികള്‍ വാങ്ങിക്കൊണ്ടു പോകുന്നത്. തമിഴ്‌നാട്ടിൽ ഒരു ‘ചക്കചുളയ്ക്ക്’ 10-15 രൂപയ്ക്ക് വരെയാണ് വിൽക്കുന്നത്. തമിഴ്നാട്ടിലെ നിരവധി ഭക്ഷ്യ സംസ്‌കരണ കമ്പനികളും ഇവിടെ നിന്ന് ചക്ക സംഭരിക്കാൻ എത്തുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി, അംബാസമുദ്രം, രാജപാളയം എന്നിവിടങ്ങളിലെ വിപണികളിലേക്കാണ് ഇവിടെ നിന്ന് ചക്ക പ്രധാനമായും കൊണ്ടുപോകുന്നത്. തമിഴ്നാട്ടില്‍ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായി ഇവ കേരളത്തിലേക്ക് മടങ്ങുകയും കൂടിയ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്ന അവസ്ഥയാണിപ്പോൾ .
ദീർഘ കാലം ചക്ക സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാലാണ് ചക്ക കുറഞ്ഞ വിലയില്‍ വില്‍ക്കാന്‍ കർഷകർ നിര്‍ബന്ധിതരാകുന്നത്. പ്രത്യേക സംഭരണ സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കണമെന്നത് കര്‍ഷകരുടെ വളരെക്കാലമായുളള ആവശ്യമാണ്.
ചിപ്‌സ്, ക്രീമുകൾ, പൊടികൾ തുടങ്ങിയ നിരവധി മൂല്യവർധിത ചക്ക ഉൽപ്പന്നങ്ങൾ കേരളത്തിലെ കൃഷി വകുപ്പ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വിപണിയിൽ ഇവയ്ക്ക് സ്വീകാര്യത ലഭിക്കാൻ ബുദ്ധിമുട്ടുളള അവസ്ഥയാണ്. ബഹുരാഷ്ട്ര കമ്പനികൾക്കെതിരെ മത്സരിക്കേണ്ട സാഹചര്യത്തിൽ ചക്ക സംസ്കരണത്തിൽ നിന്നും സംരംഭകരും പിന്നോട്ടടിച്ചു.
Kerala’s jackfruit is being exported to Tamil Nadu at lower prices, but returns as value-added products at double the cost, raising concerns among farmers.