റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സിലൂടെയുള്ള കാമ്പ കോളയുടെ തിരിച്ചുവരവ് ഇന്ത്യയിലെ ഏറ്റവും വിപ്ലവകരമായ എഫ്എംസിജി ഗാഥകളിൽ ഒന്നാണ്. 90കളിലെ നൊസ്റ്റാൾജിക് ബ്രാൻഡായിരുന്ന കാമ്പ കോള റിലയൻസിലൂടെ ആധുനിക റീട്ടെയിൽ ആവാസവ്യവസ്ഥയിൽ ഒന്നാം നിരയിലേക്ക് ഉയർന്നിരിക്കുകയാണ്. പുനരാരംഭിച്ച് 18 മാസത്തിനുള്ളിൽ ₹1,000 കോടി വരുമാനമാണ് കാമ്പ കോള നേടിയത്.

കുറഞ്ഞ വില, മികച്ച റീട്ടെയിൽ തന്ത്രം, മാർക്കറ്റിംഗ് മാസ്റ്റർസ്ട്രോക്ക് എന്നിവയാണ് കാമ്പയുടെ മുന്നേറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 200 മില്ലി പെറ്റ് ബോട്ടിൽ 10 രൂപയ്ക്ക് വിൽക്കാൻ സാധിച്ചതാണ് പെപ്സിയും കൊക്കക്കോളയും കുത്തകയാക്കി വെച്ച കോള മാർക്കറ്റിൽ ചുരുങ്ങിയ കാലംകൊണ്ട് പേരെടുക്കാൻ കാമ്പയെ സഹായിച്ചത്. മറ്റ് കമ്പനികളുടെ അതേ നിലവാരത്തിലുള്ള ഉത്പന്നം കുറഞ്ഞ വിലയ്ക്ക് നൽകുക എന്ന തന്ത്രമാണ് റിലയൻസ് ഇവിടെ പ്രയോഗിച്ചത്. കൂട്ടിന് കാമ്പ എന്ന നൊസ്റ്റാൾജിയ കൂടി ചേർന്നപ്പോൾ സംഗതി ഹിറ്റായി.
റീട്ടെയ്ൽ വിൽപനക്കാർക്ക് നൽകുന്ന മാർജിനിലും കാമ്പ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. മറ്റ് ആഗോള കമ്പനികൾ ചെറുകിട വിൽപനക്കാർക്ക് മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മാത്രം കമ്മീഷൻ നൽകുമ്പോൾ കാമ്പയുടേത് ആറ് മുതൽ എട്ട് ശതമാനം വരേയാണ്. കച്ചവടക്കാർക്കിടയിൽ കാമ്പ കോളയോട് താത്പര്യം ഉണ്ടാക്കാൻ ഇത് സഹായിച്ചു. മാർക്കറ്റിങ്ങിന്റെ കാര്യത്തിലും കാമ്പ വ്യത്യസ്ത പാതയിലാണ്. വൻ തുക മുടക്കിയുള്ള പരസ്യ ചിത്രങ്ങൾക്കു പകരം ഐപിഎൽ കോ-സ്പോൺസർഷിപ് പോലുള്ളവയാണ് കാമ്പയുടെ മാർക്കറ്റിങ്ങിൽ പ്രധാനം.
Campa Cola’s revival through Reliance has become a standout FMCG success in India, hitting ₹1,000 crore revenue in 18 months with smart pricing, retail strategy, and nostalgic appeal.