കൊച്ചിയിൽ കപ്പൽ നന്നാക്കൽ ക്ലസ്റ്ററിലൂടെ മാരിടൈം സഹകരണം വർദ്ധിപ്പിക്കുന്നതു മുതൽ ദുബായിൽ യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതു വരെ എട്ട് ധാരണാപത്രങ്ങളിൽ ഒപ്പിട്ട് ഇന്ത്യയും യുഎഇയും. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും കഴിഞ്ഞ ദിവസം മുംബൈ ചേംബേഴ്സിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാന കരാറുകളിൽ ഒപ്പിട്ടിരിക്കുന്നത്. ഷെയ്ഖ് ഹംദാന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ച് അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, മാരിടൈം സേവനങ്ങൾ, ലോജിസ്റ്റിക്സ്, സ്വകാര്യ മേഖലയിലെ ഇടപെടൽ എന്നിവയുൾപ്പെടെയുള്ള രം ഗങ്ങളിലാണ് സഹകരണം.

വ്യാപാര ബന്ധം
വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ദുബായ് ചേംബേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICI), ഐഎംസി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുമായി ചേർന്ന് മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. സഹകരണവും പരസ്പരവളർച്ചയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ബിസിനസ് സമൂഹങ്ങളുടെ നിർണായക പങ്ക് ഉറപ്പാക്കുന്ന കരാർ പ്രകാരം ദുബായിൽ ഇന്ത്യൻ ബിസിനസുകൾക്ക് അവരുടെ സാന്നിധ്യം സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും ദുബായ് ചേംബേഴ്സ് പിന്തുണ നൽകും. മൂന്ന് ഇന്ത്യൻ സ്ഥാപനങ്ങളും ദുബായ് ആസ്ഥാനമായുള്ള കമ്പനികൾക്ക് സമാന പിന്തുണ നൽകും.
വിതരണ ശൃംഖല
വ്യാപാര അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ ഡിപി വേൾഡ്, ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള എൻജിനീയറിങ് സ്ഥാപനമായ ആർഐടിഇഎസ്സുമായി (RITES) കരാർ ഒപ്പിട്ടു. ലോജിസ്റ്റിക്സ് പാർക്കുകൾ, സ്വതന്ത്ര വ്യാപാരമേഖലകൾ, തുറമുഖ കണക്ടിവിറ്റി, റെയിൽ ചരക്ക് എന്നിവയിലൂടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള കസ്റ്റംസ്, ലോജിസ്റ്റിക്സ് ബന്ധങ്ങൾ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. കസ്റ്റംസ്, ലോജിസ്റ്റിക്സ്, നിയന്ത്രണ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിന് 2024ൽ ആർഐടിഇഎസുമായി സഹകരിച്ച് വികസിപ്പിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമായ യുഎഇ-ഇന്ത്യ വെർച്വൽ ട്രേഡ് കോറിഡോർ ഇതിനായി കൂടുതൽ പ്രയോജനപ്പെടുത്തും.

മാരിടൈം
മറൈൻ എൻജിനിയറിങ് മേഖലയിലെ വികസനം മുൻനിർത്തി ഡിപി വേൾഡിനു കീഴിലുള്ള ഡ്രൈഡോക്സ് വേൾഡ്, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡുമായും (CSL) ധാരണാപത്രത്തിൽ ഒപ്പിട്ടിട്ടുണ്ട്. കൊച്ചിയിലും വാഡിനാറിലും കപ്പൽ നന്നാക്കൽ ക്ലസ്റ്ററുകൾ വികസിപ്പിക്കുക, ഓഫ്ഷോർ ഫാബ്രിക്കേഷൻ, സഹകരണ മറൈൻ എഞ്ചിനീയറിംഗ് പരിഹാരങ്ങൾ എന്നിവയാണ് കരാറിൽ അടങ്ങിയിട്ടുള്ളത്.
ആരോഗ്യം
ദുബായിൽ സമഗ്രവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ആരോഗ്യ സംരക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള പുതിയ ലാഭേച്ഛയില്ലാത്ത സംരംഭമായ യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ (UIAFH) സ്ഥാപിക്കുന്നതിനായി ദുബായ് ഹെൽത്ത് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ ദുബായ്, ഇന്ത്യ സർക്കാരുകൾ നേതൃത്വ തലത്തിൽ അംഗീകരിച്ച സംയുക്ത ജീവകാരുണ്യ സംരംഭമായ പദ്ധതി ദുബായിൽ ഇന്ത്യൻ തൊഴിലാളികൾക്ക് ഏറെ ഗുണകരമാകും.
വിദ്യാഭ്യാസം
അക്കാദമിക് സഹകരണത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി ദുബായിൽ ലോകോത്തര കാമ്പസ് സ്ഥാപിക്കുന്നതിനായി ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പും (DET) ഐഐഎം അഹമ്മദാബാദുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. കരാർപ്രകാരം ഐഐഎംഎ സ്ഥാപിക്കാൻ ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ സ്ഥലം അനുവദിക്കും. ഈ വർഷം അവസാനം ദുബായിൽ മുഴുവൻസമയ എംബിഎ പ്രോഗ്രാം ആരംഭിക്കാനും ഐഐഎംഎ ലക്ഷ്യമിടുന്നുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ദുബായ് മെഡിക്കൽ യൂണിവേഴ്സിറ്റിയും (DMU) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും (AIIMS) തമ്മിലും കരാർ ഉണ്ട്. ഇരുസ്ഥാപനങ്ങളിലേയും ഫാക്കൽറ്റി, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ഗവേഷണകേന്ദ്രങ്ങൾ എന്നിവയ്ക്കിടയിൽ നേരിട്ടുള്ള സഹകരണം കൊണ്ടുവന്ന് അക്കാദമിക്, ഗവേഷണബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
India and UAE sign eight MoUs to strengthen ties in trade, maritime cooperation, healthcare, education, and logistics during Sheikh Hamdan’s Mumbai visit.