ഗോപികയെ അറിയില്ലേ? എങ്ങനെ അറിയാനാണ്! ഗോപികയെന്ന പേരുള്ള എത്രയോ പേർ കേരളത്തിലുണ്ട്. എന്നാൽ കേരളത്തിൽ ആദിവാസി വിഭാഗത്തിൽനിന്ന് എയർ ഹോസ്റ്റസ്സായ ഒരേയൊരു ഗോപികയേ ഉള്ളൂ-അതാണ് കണ്ണൂർ ആലക്കോട് സ്വദേശിയായ ഗോപിക ഗോവിന്ദ്. ഗോപികയുടെ പ്രചോദനാത്മകമായ യാത്ര എയർ ഹോസ്റ്റസ് ആകുക എന്ന വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതിലെ മനക്കരുത്തും ദൃഢനിശ്ചയവും പ്രതിഫലിപ്പിക്കുന്നതാണ്. അതിനപ്പുറം ഉള്ളിൽ സ്വപ്നങ്ങളുണ്ടെങ്കിൽ പറക്കാൻ ചിറകുകളേ ആവശ്യമില്ല എന്നതിന്റെ തെളിവാണ്.

കണ്ണൂരിലെ ആദിവാസി സമൂഹത്തിൽ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളായി ജനിച്ച ഗോപിക സാമ്പത്തിക ബുദ്ധിമുട്ടുകളും പരിമിതമായ അവസരങ്ങളും മറികടന്നാണ് ഈ നാഴികക്കല്ല് കൈവരിച്ചത്. എയർ ഹോസ്റ്റസ് ആകാൻ ചെറുപ്പം മുതലേ ആഗ്രഹം ഉണ്ടായിരുന്നു. അതിന് ആഗ്രഹം മാത്ര പോരാ, പണം കൂടി വേണം എന്ന് തിരിച്ചറിഞ്ഞ് ഗോപിക പ്ലസ് ടുവിന് ശേഷം എയർഹോസ്റ്റസ് മോഹം ഉള്ളിലൊതുക്കി ബിരുദ പഠനത്തിനു ചേർന്നു. ബിരുദത്തിനു ശേഷം ജോലിയിൽ പ്രവേശിച്ച ഗോപിക വീണ്ടും എയർ ഹോസ്റ്റസ് ആകുക എന്ന സ്വപ്നം പൊടിതട്ടിയെടുത്തു. അങ്ങനെയാണ് വയനാട് ഡ്രീം സ്കൈ ഏവിയേഷൻ ട്രെയിനിംഗ് അക്കാദമിയിൽ നിന്നും ഗോപിക ഡിപ്ലോമ നേടുന്നത്.
കോഴ്സിന് ഇടയിൽത്തന്നെ ഗോപിക നിരവധി അഭിമുഖങ്ങളിൽ പങ്കെടുത്തിരുന്നു. എന്നാൽ തിരിച്ചടികളായിരുന്നു ഫലം. ആദ്യഘട്ടങ്ങളിലെ തിരിച്ചടികളിൽ തളരാതെ സ്ഥിരോത്സാഹത്തിലൂടെ മുന്നോട്ട് പോയ ഗോപികയുടെ പ്രയത്നം ഒടുവിൽ ഫലം കണ്ടു. മൂന്ന് മാസത്തെ പരിശീലനത്തിനുശേഷം കണ്ണൂരിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനത്തിൽ ക്യാബിൻ ക്രൂ ആയി ഗോപിക പറന്നു. ആ നിമിഷം ഗോപികയുടെ മാത്രം പ്രൊഫഷണൽ നാഴികക്കല്ല് ആയിരുന്നില്ല – ആദിവാസി, പിന്നോക്ക സമൂഹങ്ങളിൽ നിന്നുള്ള എണ്ണമറ്റ പെൺകുട്ടികൾക്ക് സ്ഥിരോത്സാഹത്തിന്റെയും പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും പ്രതീകമായിരുന്നു.
ആത്മവിശ്വാസത്തിന് ഊന്നൽ നൽകി കഠിനാധ്വാത്തിലൂടെ നിർഭയമായി സ്വപ്നങ്ങളെ പിന്തുടരാനാണ് തനിക്കു പിൻപേ വരുന്ന പെൺകുട്ടികളോട് ഗോപികയ്ക്ക് പറയാനുള്ളത്. ആകാശം പോലും പരിധിയാക്കാതെ സാക്ഷാത്കരിച്ച സ്വപ്നങ്ങൾ ആ പറച്ചിലിന് സാക്ഷ്യം പറയും.
Gopika Govind from the Karimbala tribal community becomes Kerala’s first tribal air hostess. Her inspiring journey from a tribal colony to the skies is a story of determination, courage, and hope.