കേരളത്തിൽ തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. റെയിൽവേ ട്രാൻസ്പോർട്ട് ന്യൂസ് പോർട്ടലായ റെയിൽവേ സപ്ലൈയാണ് ആധുനിക സൗകര്യങ്ങളും നൂതന കണക്റ്റിവിറ്റിയും ഉപയോഗിച്ച് രാത്രി യാത്ര മെച്ചപ്പെടുത്തുന്നതിനായുള്ള പുതിയ സ്ലീപ്പർ ട്രെയിൻ കേരളത്തിലും എത്തുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) രൂപകൽപ്പന ചെയ്ത് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML) നിർമ്മിക്കുന്ന 16 കോച്ച് സ്ലീപ്പർ ട്രെയിൻ എസി കമ്പാർട്ടുമെന്റുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, കവച് സുരക്ഷാ സംവിധാനം എന്നിവ അടക്കമാണ് എത്തുക. എർഗണോമിക് സ്ലീപ്പിംഗ് ബെർത്തുകളും ആധുനിക ഇന്റീരിയറുകളും വാഗ്ദാനം ചെയ്യുന്ന ട്രെയിനിൽ ഏകദേശം 1,128 യാത്രക്കാർക്ക് യാത്ര ചെയ്യാനാകും. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി ഓരോ കോച്ചിലും ജിപിഎസ് എൽഇഡി ഡിസ്പ്ലേകളും പ്രത്യേക വായനാ ലൈറ്റുകളും ഉൾപ്പെടുത്തും. ടോയ്ലറ്റുകൾ, ബെർത്തുകൾ തുടങ്ങിയ സൗകര്യങ്ങളും അത്യാധുനിക തരത്തിലാണ്.
