ഇന്ത്യൻ റെയിൽവേ കേരളത്തിൽ ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. തമിഴ്‌നാട്ടിൽ നിന്ന് നിലവിലുള്ള ഡബിൾ ഡെക്കർ സർവീസുകളിൽ ഒന്ന് കേരളത്തിലേക്ക് നീട്ടുമെന്ന് സതേൺ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പാലക്കാട് കേന്ദ്രീകരിച്ചുള്ള ഈ നീക്കം അന്തർ സംസ്ഥാന മൊബിലിറ്റി വർദ്ധിപ്പിക്കും. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ചെയർ കാർ സർവീസായ കെഎസ്ആർ ബെംഗളൂരു-കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് ആണ് ഇത്തരത്തിൽ വരാനിടയുള്ള ഡബിൾ ഡെക്കർ ട്രെയിൻ.

ട്രെയിൻ പാലക്കാട് വരെ നീട്ടുമെന്നാണ് വിവരം. കഴിഞ്ഞ വർഷം ഏപ്രിലിൽ കോയമ്പത്തൂർ-പാലക്കാട് സെക്ഷനിൽ ഡബിൾ ഡെക്കറിന്റെ ട്രയൽ റൺ നടന്നിരുന്നു. കൂടുതൽ സാങ്കേതിക അനുമതികളും ഫീഡ്‌ബാക്കും അനുസരിച്ച് പാലക്കാട്ടേക്ക് ഡബിൾ ഡെക്കർ ട്രെയിൻ നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും. ഇന്ത്യയിലെ ഡബിൾ ഡെക്കർ സർവീസ് ശൃംഖലയിൽ കേളത്തിന്റെ അഭാവം പരിഹരിക്കാനും ഇതിലൂടെ സാധിക്കും. നിലവിൽ ഈ സർവീസ് ലഭ്യമല്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിലവിൽ ഡബിൾ ഡെക്കർ സർവീസുണ്ട്. ബെംഗളൂരു സിറ്റി, കെആർ പുരം, കുപ്പം, തിരുപ്പത്തൂർ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ നോർത്ത് എന്നിങ്ങനെ ഒൻപത് സ്റ്റോപ്പുകളിലൂടെ കടന്നുപോകുന്ന ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടും എന്നാണ് അറിയിച്ചിരിക്കുന്നത്