ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള സ്വന്തമാക്കിയ പുതിയ ബിസിനസ് ജെറ്റ് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. 650 കോടിയോളം രൂപ വിലവരുന്ന ഗൾഫ്സ്ട്രീമിന്റെ അത്യാഢംബര ബിസിനസ് ജെറ്റായ ജി600 (Gulfstream G600) ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ലോങ് റേഞ്ച് പ്രൈവറ്റ് ജെറ്റാണ് ജി 600. കഴിഞ്ഞ വർഷം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഗൾഫ്സ്ട്രീമിന്റെ ഇതേ ജെറ്റ് സ്വന്തമാക്കിയിരുന്നു. എന്നാൽ 500 കോടി രൂപയ്ക്കാണ് യൂസഫലി ജി600 സ്വന്തമാക്കിയത്. നിരവധി മോഡിഫിക്കേഷൻസ് നടത്തിയതിനാലാണ് രവി പിള്ളയുടെ ജി600ന്റെ വില 150 കോടിയോളം കൂടിയത്.

അത്യാഢംബരത്തിനും നൂതന സാങ്കേതിക വിദ്യകൾക്കുമൊപ്പം വേഗതയാണ് ഗൾഫ്സ്ട്രീമിന്റെ അത്യാഢംബര ബിസിനസ് ജെറ്റായ ജി600ന്റെ സവിശേഷത. ന്യൂയോർക്ക്-ദുബായ്, ലണ്ടൻ-ബെയ്ജിങ്, ലോസ് ആഞ്ജലിസ്-ഷാങ്ഹായ് തുടങ്ങിയ നഗരങ്ങൾക്കിടയിൽ നോൺ സ്റ്റോപ്പായി യാത്ര നടത്താൻ കഴിയുന്ന വിമാനമാണിത്.
രവി പിള്ളയുടെ 13 സീറ്റുള്ള ആഢംബര ജെറ്റിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിഷു ആഘോഷത്തിന്റെ ഭാഗമായി പ്രൈവറ്റ് ജെറ്റിൽ കുടുംബത്തോടൊപ്പം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന രവി പിള്ളയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം ഷെയർ ചെയ്യപ്പെട്ടത്. 50000 അടി വരെ ഉയരത്തിൽ പറക്കാവുന്ന വിമാനത്തിൽ പ്രാറ്റ് ആൻഡ് വിറ്റ്നി 815 ജിഎ എൻജിനാണ് ഉള്ളത്. മണിക്കൂറിൽ 925 കിലോമീറ്റർ ആണ് വേഗതയുള്ള വിമാനം T7-RAVI എന്ന പേരിലാണ് റജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി കസ്റ്റമൈസേഷനുകൾ നടത്തിയിട്ടുള്ള വിമാനത്തിൽ വലിയ കിച്ചൺ, ഡൈനിങ് ഏരിയ, കോൺഫ്രൻസ് സംവിധാനം എന്നിവയും ഉണ്ട്.
T7-YMA എന്ന റജിസ്ട്രേഷനോടു കൂടിയ ഗൾഫ്സ്ട്രീം ജി600 ആണ് കഴിഞ്ഞ വർഷം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ പക്കൽ മുൻപുണ്ടായിരുന്ന ഗൾഫ്സ്ട്രീമിന്റെ തന്നെ G550ന് പകരമാണ് അദ്ദേഹം ഇത് സ്വന്തമാക്കിയത്.