എംബിഎസ് (MBS) എന്ന ചുരുക്കപ്പേരിലാണ് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് അറിയപ്പെടുന്നത്. സൗദി രാഷ്ട്രീയത്തിലെ മാത്രമല്ല ആഗോള സാമ്പത്തിക രംഗത്തെ തന്നെ പ്രധാന വ്യക്തിയാണ് എംബിഎസ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആസ്തി, ആഢംബര ജീവിതം തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളും വാർത്തയിൽ നിറയാറുണ്ട്. 25 ബില്യൺ ഡോളറാണ് എംബിഎസ്സിന്റെ ആസ്തി എന്ന് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

1.4 ട്രില്യൺ ഡോളറാണ് എംബിഎസ് ഉൾക്കൊള്ളുന്ന സൗദി ഭരണകുടുംബമായ സൗദ് ഹൗസിന്റെ ആസ്തി. ഇതിൽ നിന്നാണ് എംബിഎസ്സിന്റെ സമ്പത്തിന്റെ ഏറിയ പങ്കും. പതിറ്റാണ്ടുകളായി രാജകുടുംബം നിയന്ത്രിച്ചു പോരുന്ന സൗദി അറേബ്യയുടെ എണ്ണ ശേഖരമാണ് ഈ വലിയ സമ്പത്തിന് പ്രധാന കാരണം. അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, അന്താരാഷ്ട്ര ബിസിനസ്സ് തുടങ്ങിയ വിവിധ വ്യവസായങ്ങളിലെ നിക്ഷേപങ്ങളും എംബിഎസ്സിന്റെ സമ്പത്തിൽ ഉൾപ്പെടുന്നു.
നിരവധി കൊട്ടാരങ്ങൾ എംബിഎസ്സിനു സ്വന്തമാണ്. റിയാദിലെ അൽ യമാമ കൊട്ടാരമാണ് ഇതിൽ പ്രധാനം. 1983ൽ നിർമ്മിച്ച ഈ കൂറ്റൻ കൊട്ടാരം 4 ദശലക്ഷം ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. കസ്റ്റമൈസ്ഡ് ബോയിംഗ് 747 വിമാനങ്ങളാണ് എംബിഎസ്സിന്റെ പക്കലുള്ള മറ്റ് ആഢംബരങ്ങൾ. ഇതിനു പുറമേ മില്യൺ കണക്കിന് ഡോളർ വില വരുന്ന വാഹന ശേഖരവും അദ്ദേഹത്തിനുണ്ട്. കാറിന്റെ ആഢംബരത്തിൽ മതിവരാതെ അവയിൽ പലതും സ്വർണം പൂശി അത്യാഢംബരപൂർണമാക്കിയിട്ടുമുണ്ട്.