കലക്ഷനിൽ ചരിത്രനേട്ടവുമായി മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം എമ്പുരാൻ. റിലീസായി ഒരു മാസം തികയുന്നതിനു മുൻപുതന്നെ ചിത്രം 325 കോടി രൂപ നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. ഇതോടെ മലയാളത്തിൽ 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. മോഹൻലാൽ അടക്കമുള്ള താരങ്ങൾ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചരിത്രത്തിൽ കൊത്തിവെച്ച സിനിമാറ്റിക് നിമിഷം, നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് സ്വപ്നം കണ്ടത്, നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് നിർമിച്ചത്. മലയാള സിനിമ ഇന്ന് കൂടുതൽ തിളക്കത്തോടെ ഒരുമിച്ച് തിളങ്ങുന്നു-അദ്ദേഹം കുറിച്ചു.
മാർച്ച് 27ന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും എത്തി.
ചിത്രത്തിന്റെ രചന നിർവഹിച്ചത് മുരളി ഗോപിയാണ്. 2019ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തിയത്. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
