14 വയസ്സിൽ ഐപിഎൽ അരങ്ങേറ്റം നടത്തി ഏറ്റവും പ്രായം കുറഞ്ഞ ഐപിഎൽ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രാസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി. ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരെ നടന്ന മത്സരത്തിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തി മിന്നും പ്രകടനമാണ് വൈഭവ് കാഴ്ച വെച്ചത്. ഇതോടെ നിരവധി മേഖലകളിലെ പ്രമുഖരാണ് കൗമാര താരത്തെ അഭിനന്ദിച്ച് രംഗത്തെിയിരിക്കുന്നത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അടക്കമുള്ളവർ താരത്തെ പ്രകീർത്തിച്ച് രംഗത്തെത്തി. ഒരു എട്ടാം ക്ലാസുകാരന്റെ ഐപിഎൽ അരങ്ങേറ്റം കാണാൻ ഇടയായെന്നും എന്തൊരു അരങ്ങേറ്റമാണ് ഇതെന്നുമാണ് വൈഭവിന്റെ ബാറ്റിങ് വിഡിയോ പങ്കുവെച്ച് സുന്ദർ പിച്ചൈ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചത്.

2011 മാർച്ച് 27ന് ബിഹാറിൽ ജനിച്ച വൈഭവ് എട്ടാം വയസ്സു മുതൽ പ്രൊഫഷനൽ ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചു. എട്ടു വയസ്സിൽ തന്നെ അണ്ടർ 16 ഡിസ്ട്രിക്ട് ട്രയലുകളിൽ വൈഭവ് വൈഭവം കാണിച്ചു. 12ാം വയസ്സിൽ ബിഹാറിനു വേണ്ടി രഞ്ജി ട്രോഫി കളിച്ചാണ് വൈഭവ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അണ്ടർ 19 മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് എതിരെ സെഞ്ച്വറി നേടിയും താരം ശ്രദ്ധ നേടി. അണ്ടർ 19 ഏഷ്യ കപ്പിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു. ഇടത്തരം കുടുബത്തിൽ നിന്നുള്ള വൈഭവിന്റെ പിതാവ് ചിലവുകൾക്കായി തന്റെ ഭൂമി വരെ വിറ്റാണ് വൈഭവിനെ ക്രിക്കറ്റ് ലോകത്തേക്ക് കൊണ്ടുവന്നത്.
കഴിഞ്ഞ ഡിസംബറിലാണ് ഒരു കോടി പത്ത് ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് വൈഭവിന് ഐപിഎൽ കോൺട്രാക്ട് നൽകിയത്. മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും ഓപ്പണറുമായ സഞ്ജു സാംസണ് പരുക്കേറ്റതോടെയാണ് വൈഭവിന് ഐപിഎൽ അരങ്ങേറ്റത്തിന് കളമൊരുങ്ങിയത്. ലഖ്നൗവിന് എതിരേയുള്ള മത്സരത്തിൽ ആദ്യ പന്ത് തന്നെ സിക്സർ പറത്തിയ വൈഭവ് ഇതോടെ ഐപിഎൽ അരങ്ങേറ്റത്തിലെ ആദ്യ ബോൾ സിക്സ് നേടുന്ന പത്താമത്തെ താരമായി. 20 പന്തുകൾ നേരിട്ട വൈഭവ് 34 റൺസെടുത്താണു പുറത്തായത്. നേരത്തെ വൈഭവിന്റെ പ്രായത്തിൽ തട്ടിപ്പുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും താരത്തിന്റെ കുടുംബം ഇതെല്ലാം തള്ളി രംഗത്തെത്തിയിരുന്നു. 2025 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ഒരു കോടി രൂപയ്ക്ക് അടുത്താണ് ഈ പതിനാലുകാരന്റെ ആസ്തി.