ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂസ് ടെർമിനലായ മുംബൈ അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ (MICT) പ്രവർത്തനം ആരംഭിച്ചു. പ്രതിവർഷം പത്ത് ലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനായി രൂപകൽപന ചെയ്ത എംഐസിടിക്ക് 11 മീറ്റർ ഡ്രാഫ്റ്റും 300 മീറ്റർ വരെ നീളവുമുള്ള അഞ്ച് കപ്പലുകൾ വരെ ഒരേസമയം കൈകാര്യം ചെയ്യാനാകും. 556 കോടി രൂപ ചിലവിൽ നിർമിച്ച അത്യാധുനിക ടെർമിനൽ ഇന്ത്യയുടെ സമുദ്ര ടൂറിസത്തിൽ വൻ മാറ്റം കൊണ്ടുവരും.

കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ആണ് ക്രൂസ് ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 415,000 ചതുരശ്രയടി വിസ്തീർണമുള്ള ടെർമിനലിൽ പ്രതിവർഷം 500 ക്രൂസ് കപ്പലുകൾ ഉൾക്കൊള്ളാനാകും. 72 എമിഗ്രേഷൻ കൗണ്ടറുകളുടെ സഹായത്തോടെയാണ് ഒരേസമയം അഞ്ച് കപ്പലുകൾക്ക് ചെക്ക് ഇൻ ചെയ്യാനാകുക. ടെർമിനലിലെ താഴത്തെ നിലകൾ യാത്രക്കാർക്കായും മുകളിലത്തെ നിലകൾ വാണിജ്യ, വിനോദത്തിനുമായാണ് മാറ്റിവെച്ചിരിക്കുന്നത്.