പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ എത്തിയിരുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ (MBS) ക്ഷണപ്രകാരമാണ് മോഡി സൗദി അറേബ്യ സന്ദർശിച്ചത്. മുഹമ്മദ് ബിൻ സൽമാന്റെ ഉൾക്കാഴ്ചകൾ, ദീർഘവീക്ഷണമുള്ള കാഴ്ചപ്പാട്, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള അഭിനിവേശം എന്നിവ ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി മോഡി അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആരാണ് മുഹമ്മദ് ബിൻ സൽമാൻ?
1985 ഓഗസ്റ്റ് 31ന് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ-സൗദിന്റെയും ഭാര്യ ഫഹ്ദ ബിൻത് ഫലാഹിന്റേയും മകനായി മുഹമ്മദ് ബിൻ സൽമാൻ ജനിച്ചു. രാജ്യതലസ്ഥാനമായ റിയാദിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം കിംഗ് സൗദ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടി.
2007ൽ രണ്ട് വർഷത്തേക്ക് മന്ത്രിസഭയുടെ മുഴുവൻ സമയ ഉപദേഷ്ടാവായി നിയമിതനായതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. 2009ൽ, അന്ന് റിയാദ് ഗവർണറായിരുന്ന പിതാവിന്റെ പ്രത്യേക ഉപദേഷ്ടാവായി. 2015 ജനുവരി 23ന് അദ്ദേഹം പ്രതിരോധ മന്ത്രിയായി നിയമിതനായി. അതേ വർഷം തന്നെ, അദ്ദേഹത്തെ ഡെപ്യൂട്ടി കിരീടാവകാശിയായും നിയമിച്ചു. പ്രതിരോധ മന്ത്രിയായതിന് തൊട്ടുപിന്നാലെ, ഇറാനിയൻ പിന്തുണയുള്ള ഷിയ ഹൂതി വിമതരെ അടിച്ചമർത്താൻ എംബിഎസ് യെമനിൽ സൈനിക ഇടപെടൽ ആരംഭിച്ചു.
2017ൽ, സൽമാൻ രാജാവ് തന്റെ അനന്തരവൻ മുഹമ്മദ് ബിൻ നായിഫിനെ കിരീടാവകാശി സ്ഥാനത്ത് നിന്ന് നീക്കി, എംബിഎസ്സിനെ ഔപചാരികമായി സിംഹാസനത്തിൽ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചു. 2022ൽ, അദ്ദേഹത്തെ സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി നിയമിച്ചു.
എംബിഎസ്സിന്റെ പരിഷ്കാരങ്ങൾ
2016ൽ എംബിഎസ് വിഷൻ 2030 അവതരിപ്പിച്ചു. സൗദി അറേബ്യയെ അറബ്, ഇസ്ലാമിക ലോകത്തെ നിക്ഷേപ ശക്തികേന്ദ്രവും, മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രവുമാക്കുക എന്നതാണ് ഇതിന്റെ ദർശനം. സൗദി അറേബ്യയെ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതിനും ഇത് ലക്ഷ്യമിടുന്നു. കുടുംബങ്ങൾക്കും യുവാക്കൾക്കും രാജ്യത്ത് കൂടുതൽ വിനോദ ഓപ്ഷനുകൾ നൽകണമെന്ന് ആവശ്യപ്പെട്ടും കിരീടാവകാശി ശ്രദ്ധിക്കപ്പെട്ടു. 2017ൽ തിയേറ്ററുകൾക്കുള്ള 35 വർഷത്തെ വിലക്കും അദ്ദേഹം നീക്കി. സ്ത്രീകളെ വാഹനമോടിക്കാൻ അനുവദിക്കുന്ന തീരുമാനത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനായി
