ബാങ്കിലെ ചെക്കുകൾ പൂരിപ്പിക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം. 2025 ജനുവരി 1 മുതൽ ക്യാഷ് ചെക്കിൽ കറുത്ത മഷി ഉപയോഗിച്ച് എഴുതുന്നതിന് നിരോധനം ഏർപ്പെടുത്തിയതായാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണത്തിലെ വസ്തുത സംബന്ധിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള നോഡൽ ഏജൻസിയായ പ്രസ് ബ്യൂറോ ഓഫ് ഇന്ത്യ (PIB). ഈ അവകാശവാദം പൂർണമായും തെറ്റാണെന്ന് പിഐബി സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോം വഴി പങ്കുവെച്ച ഫാക്റ്റ് ചെക്കിൽ വ്യക്തമാക്കുന്നു.

നീലയോ പച്ചയോ മഷി ഉപയോഗിച്ച് പൂരിപ്പിക്കുന്ന ചെക്കുകൾക്ക് മാത്രമേ ബാങ്ക് ഇടപാടുകളിൽ സാധുതയുള്ളൂവെന്നും പണമിടപാടുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് മാറ്റമെന്നുമാണ് വ്യാജ പോസ്റ്റിൽ പറയുന്നത്. ചെക്ക് പൂരിപ്പിക്കുന്നത് സംബന്ധിച്ച് ആർബിഐ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടില്ല എന്ന് പിഐബി ഫാക്റ്റ് ചെക്കിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച ആർബിഐ നിയമവും പിഐബി പങ്കുവെച്ചിട്ടുണ്ട്. ബാങ്കിൻ്റെ മെഷീനിൽ സ്കാൻ ചെയ്യുമ്പോൾ തെളിഞ്ഞു കാണുന്ന നിറമുള്ള ഏതു മഷി ഉപയോഗിച്ചും ചെക്ക് പൂരിപ്പിക്കാം എന്നാണ് ആർബിഐയുടെ നിലവിലെ നിയമം.
