സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഹൈടെക്ക് ആസ്ഥാനമന്ദിരമായി തിരുവനന്തപുരത്തെ പുതിയ ബഹുനില എകെജി സെന്റർ . നിലവിൽ എകെജി സെൻറർ പ്രവർത്തിച്ചിരുന്ന പാളയത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിന് നേരെ എതിർവശത്തായാണ് 32 സെൻറ് ഭൂമിയിൽ രണ്ട് സെല്ലാർ പാർക്കിംഗ് ഉൾപ്പെടെ 9 നിലകളോടു കൂടിയ ആസ്ഥാനമന്ദിരം സജ്ജമായിരിക്കുന്നത്.

സംസ്ഥാന കമ്മിറ്റി യോഗം, സെക്രട്ടറിയേറ്റ് യോഗം എന്നിവയ്ക്കായി പ്രത്യേകം മുറികളുണ്ട്. സംസ്ഥാന കമ്മിറ്റി ഓഫീസ്, യോഗം ചേരാനും വാർത്താസമ്മേളനത്തിനുമുള്ള പ്രത്യേക ഹാൾ, സെക്രട്ടറിയറ്റംഗങ്ങൾക്കും പിബി അംഗങ്ങൾക്കുമുള്ള ഓഫീസ് സൗകര്യം, താമസ സൗകര്യം എന്നിവയാണുള്ളത്. പാർട്ടി അംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. അത്യാധുനിക വാർത്താ വിനിമയ സംവിധാനങ്ങളും, സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ആർക്കിടെക്റ്റ് എൻ മഹേഷ് ആണ് 60,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം രൂപകൽപന ചെയ്തത്. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് പുതിയ ഓഫീസ് മന്ദിരത്തിനുള്ള പ്രവർത്തനത്തിന് തുടക്കമിട്ടത്. 2022 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആസ്ഥാനമന്ദിരത്തിനു തറക്കല്ലിട്ടു. സംസ്ഥാനത്തെ മികച്ച ലൈബ്രറികളിലൊന്ന് സ്ഥിതിചെയ്യുന്ന, ഇതുവരെ പാർട്ടി ആസ്ഥാനമായിരുന്ന, എ കെ ജി പഠന ഗവേഷണ കേന്ദ്രം പൂർണമായും ഇനി ഗവേഷണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും
