പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. പ്രായമില്ലായ്മയാണ് തന്റെ പൊക്കം എന്ന് തിരുത്തിപ്പറയും ആദിത്യൻ രാജേഷ് എന്ന ‘കുട്ടിടെക്കി’. പക്വതയെത്തിയ പ്രവർത്തനങ്ങൾക്ക് നേരത്തെ പറഞ്ഞ ടെക്കിയിലെ ആ കുട്ടിത്തം തടസ്സമേ അല്ലെന്ന് തെളിയിച്ച് വാർത്തകളിൽ നിറയുകയാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഓമാരിൽ ഒരാളായ ആദിത്യൻ രാജേഷ്. സമപ്രായക്കാരായ മിക്ക കുട്ടികളും വീഡിയോ ഗെയിമുകളിലും കാർട്ടൂണുകളിലും മുഴുകുമ്പോൾ പതിമൂന്നുകാരനായ ആദിത്യൻ രാജേഷ് തിരഞ്ഞെടുത്തത് നൂതനാശയങ്ങളും അഭിലാഷങ്ങളും നിറഞ്ഞ വ്യത്യസ്ത പാത. തിരുവല്ലയിൽ ജനിച്ച് ദുബായിൽ ജീവിക്കുന്ന ആദിത്യൻ സ്വന്തമായി ഐടി സ്ഥാപനമുള്ള ‘വലിയ ആളാണ്’. സാങ്കേതിക വിദഗ്ദ്ധനായ ആദിത്യന്റെ യൂട്യൂബ് ചാനലും വേറെ ലെവലാണ്.

അഞ്ചാം വയസ്സ് മുതൽത്തന്നെ ആദിത്യന് കമ്പ്യൂട്ടറുകളിൽ കമ്പം കയറി. കുട്ടിക്കാലത്ത് അടുത്ത സുഹൃത്തുക്കൾ ഇല്ലാതിരുന്നതിനാൽ, ആദിത്യൻ സാങ്കേതികവിദ്യയെ ഉറ്റ ചങ്ങാതിയാക്കി. തനിക്ക് സുഹൃത്തുക്കളില്ലായിരുന്നു, അതിനാൽ ഗെയിമുകൾ ‘പഠിക്കുകയും’ യൂട്യൂബിൽ സ്പെല്ലിംഗ് ബീസിൽ പങ്കെടുക്കുകയും ചെയ്തതായി അടുത്തിടെ ഒരു അഭിമുഖത്തിൽ ആദിത്യൻ പറഞ്ഞത് അതുകൊണ്ടാണ്.
കമ്പ്യൂട്ടറുകളിലെ കമ്പം ക്രമേണ കോഡിംഗിനോടും ഡിസൈനിനോടുമുള്ള ആഴത്തിലുള്ള അഭിനിവേശമായി മാറി. ആറ് വയസ്സായപ്പോഴേക്കും ആദിത്യൻ എച്ടിഎംഎല്ലും സിഎസ്എസ്സും പഠിച്ചു തുടങ്ങി. വെറും ഒൻപതു വയസ്സുള്ളപ്പോൾ ആൻഡ്രോയിഡ് മൊബൈൽ ആപ്പ് വിജയകരമായി സൃഷ്ടിച്ച് ആദിത്യൻ അത്ഭുതമായി. ഈ ആപ്പ് നിർമാണത്തെ തന്റെ കരിയറിലെ പ്രധാന നാഴികക്കല്ലായി ആദിത്യൻ കാണുന്നു. കാരണം ഈ നേട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഐഓഎസ് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ വികസിപ്പിക്കുക എന്ന സ്വപ്നത്തിലേക്ക് ആദിത്യൻ എത്തിയത്. അതും കടന്ന് പതിമൂന്നാം വയസ്സിൽ, ആദിത്യൻ ട്രിനെറ്റ് സൊല്യൂഷൻസ് എന്ന സോഫ്റ്റ്വെയർ കമ്പനി സ്ഥാപിച്ചു. ഇതുവരെ കമ്പനി 12 ക്ലയന്റുകൾക്ക് പ്രോജക്ടുകൾ വിതരണം ചെയ്തു. നിലവിൽ സ്വന്തം സ്കൂളിനായുള്ള ക്ലാസ് മാനേജ്മെന്റ് ആപ്പിന്റെ പ്രവർത്തനത്തിലാണ് ഈ കൊച്ചു മിടുക്കൻ.
സോഫ്റ്റ്വെയർ വികസനത്തിനപ്പുറം നീളുന്നതാണ് ആദിത്യന്റെ പ്രവർത്തനങ്ങൾ. ‘എ ക്രേസ്’ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ സാങ്കേതികവിദ്യ, ഗെയിമിംഗ്, വെബ് ഡിസൈനിംഗ്, കോഡിംഗ് എന്നിവയെക്കുറിച്ച് ആദിത്യൻ അറിവുകൾ പങ്കുവെയ്ക്കുന്നു. നവീകരണത്തിലും സംരംഭകത്വത്തിലും പ്രായമില്ലായ്മയെന്ന പൊക്കത്തിലൂടെ ആദിത്യൻ രാജേഷ് ആഗോള വിജയത്തിലേക്ക് ചുവടുവെയ്ക്കുന്നു, ഓരോ മലയാളിക്കും അഭിമാനമാകുന്നു.