ഗ്രാമീണ വൈദ്യുതീകരണത്തിൽ കേരളം പ്രശംസനീയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ പുരോഗതിയിലും മഹാരാഷ്ട്രയിലെ ‘മിഷൻ ഊർജ’ പദ്ധതിയുടെ പ്രചോദനാത്മകമായ വിജയം കേരളത്തിനും മാതൃകയാക്കാവുന്നതാണ്. വിദൂര ഗോത്ര സമൂഹങ്ങളിലും ഭൂമിശാസ്ത്രപരമായി വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും പോർട്ടബിൾ സോളാർ യൂനിറ്റുകൾ, മൈക്രോ-ഹൈഡ്രോ ഇലക്ട്രിക് പദ്ധതി എന്നിവയിലൂടെ വൈദ്യുതി എത്തിച്ചാണ് മിഷൻ ഊർജ മാതൃകയാകുന്നത്. മെക്കാനിക്കൽ എഞ്ചിനീയറും സാമൂഹിക സംരംഭകനുമായ തൻവീർ ഇനാംദാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതി മഹാരാഷ്ട്രയിലെ ആയിരത്തോളം ആദിവാസി കുടുംബങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. ഒപ്പം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് മാതൃകയാകാനും പദ്ധതിക്ക് സാധിക്കുന്നു.
ഇനാംദാറിന്റെ നേതൃത്വത്തിലുള്ള ടെക്നോളജി റീയൂസ് എൻവയോൺമെന്റ് എംപവർമെന്റ് ഇന്നൊവേഷൻ (TREEI) ഫൗണ്ടേഷനാണ് പദ്ധതിക്ക് പിന്നിൽ. പോർട്ടബിൾ സോളാർ യൂണിറ്റുകൾ നൽകുന്നതിനൊപ്പം പ്രകൃതിദത്ത ജലസ്രോതസ്സുകളുള്ള പ്രദേശങ്ങളിൽ മൈക്രോ-ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളും ഫൗണ്ടേഷൻ സ്ഥാപിച്ചു. ഓരോ പ്രദേശത്തിന്റേയും സവിശേഷതകൾക്ക് അനുസരിച്ച് വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാവുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. പ്രാദേശിക ‘ഉർജ കമ്മിറ്റികൾ’ സൃഷ്ടിച്ചുകൊണ്ട് കമ്മ്യൂണിറ്റി ഉടമസ്ഥതയ്ക്ക് ഊന്നൽ നൽകിയാണ് ‘മിഷൻ ഉർജ’ പ്രവർത്തനം. ഇതിലൂടെ ഗ്രാമീണർക്ക് സ്വയം വൈദ്യുതി സംവിധാനങ്ങൾ കൈകാര്യം ചെയ്യാനും പരിപാലിക്കാനും സാധിക്കുന്നതിനൊപ്പം ദീർഘകാല സുസ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യുന്നു.

സമൂഹാടിസ്ഥാനത്തിലുള്ള ഈ മാതൃക കേരളത്തിലെ വൈദ്യുതി സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങൾക്ക് മാതൃകയാണ്. പ്രാദേശിക വിഭവങ്ങൾ, സമൂഹ പങ്കാളിത്തം, നൈപുണ്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകുന്ന സമാനമായ സമീപനം സ്വീകരിക്കുന്നതിലൂടെ, കേരളത്തിന് ഊർജ്ജ സ്വയംഭരണം ഉറപ്പാക്കാനും ഏറ്റവും വിദൂര പ്രദേശങ്ങളിൽ പുതിയ അവസരങ്ങൾ തുറക്കാനും സാധിക്കും. അതുകൊണ്ട് മഹാരാഷ്ട്രയിലെ ‘മിഷൻ ഊർജ’യുടെ വിജയം, സുസ്ഥിര വൈദ്യുതി യൂട്ടിലിറ്റി എന്ന നിലയ്ക്കപ്പുറം സമഗ്രമായ സമൂഹ വികസനത്തിനുള്ള പാഠമായും നിലകൊള്ളുന്നു. കേരളം വൈദ്യുതി മേഖലയിൽ അടക്കം സമഗ്ര വികസനത്തിലേക്കുള്ള യാത്ര തുടരുമ്പോൾ ‘മിഷൻ ഊർജ’യിൽ നിന്നുള്ള പാഠങ്ങൾ സ്വീകരിക്കുന്നത് ഇരുളകന്ന ഭാവിക്ക് പ്രചോദനമാകും.
Mission Urja, a community-driven power initiative in Maharashtra using solar and micro-hydro systems, offers Kerala a model for sustainable rural electrification and tribal empowerment.