തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ദേശീയ തലത്തിലുള്ള മത്സര പരീക്ഷകളിൽ കേരളത്തേക്കാൾ മുൻപന്തിയിലാണ്. കുട്ടികളെ നേരത്തേ തന്നെ, ചെറിയ പ്രായത്തിൽ തന്നെ മത്സര പരീക്ഷകൾക്കായി തയ്യാറെടുപ്പിക്കുന്ന രീതിയാണ് ഇത്തരം സംസ്ഥാനങ്ങൾ പിന്തുടരുന്നത്. അതുകൊണ്ട് ടാലന്റ് ഉള്ള കുട്ടികളെ നേരത്തേ തന്നെ ഐഡന്റിഫൈ ചെയ്ത് ആ ടാലന്റുകളെ അടുത്ത വെവലിലേക്ക് തയ്യാറെടുപ്പിക്കാൻ നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങൾ മുൻഗണന നൽകേണ്ടതുണ്ട്. ആ തയ്യാറെടുപ്പിനു വേണ്ടിയായാണ് എക്സ് ആൻഡ് വൈ ലേർണിങ് ആറു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ഫൗണ്ടേഷൻ കോഴ്സ് ആരംഭിച്ചത്. കതിരിൽ വളം വെയ്ക്കാതെ, കുട്ടികളുടെ അഭിരുചികൾക്ക് അനുസൃതമായുള്ള പഠനരീതി കൊണ്ടുവരാൻ ഇതിലൂടെ സ്ഥാപനത്തിന് ആകുന്നു.
എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അജ്മൽ ഐഐടി മദ്രാസ്സിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡ്യുവൽ ഡിഗ്രി നേടിയ വ്യക്തിയാണ്. അവിടെ നിന്നും ക്യാമ്പസ് പ്ലെയിസ്മെന്റിലൂടെ ഇന്റെലിൽ (Intel) ജോയിൻ ചെയ്ത അജ്മൽ കമ്പനിയിൽ ഒൻപതു വർഷത്തോളം ഡിസൈൻ ലീഡ് ആയി പ്രവർത്തിച്ചു. അതിനിടിയിലാണ്, 2021ൽ അദ്ദേഹം എക്സ് ആൻഡ് വൈ ലേർണിങ് എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചത്. കുട്ടികളെ നേരത്തേ തന്നെ കോംപറ്ററ്റീവ് എക്സാംസിനു വേണ്ടി തയ്യാറെടുപ്പിച്ച് അവരെ ഇന്ത്യയിലും ലോകമെങ്ങുമുള്ള മികച്ച സർവകലാശാലകളിൽ എത്തിക്കുകയാണ് എക്സ് ആൻഡ് വൈ ലേർണിങ്ങിന്റെ ലക്ഷ്യം. ജോലിയുടെ കൂടെത്തന്നെ മികച്ച ടീം സെറ്റ് ചെയ്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ച അജ്മൽ പിന്നീട് ഇന്റലിൽ നിന്നും ജോലി രാജി വെച്ചു. വെറും പത്ത് വിദ്യാർത്ഥികളെ പഠിപ്പിച്ച് ആരംഭിച്ച സംരംഭത്തിൽ ഇന്ന് പഠിക്കുന്നത് 3000ത്തിലേറെ വിദ്യാർത്ഥികളാണ്. നിലവിൽ 150ലധികം ജീവനക്കാരും എക്സ് ആൻഡ് വൈ ലേർണിങ്ങിനുണ്ട്.
മത്സര പരീക്ഷകൾക്കായി കുട്ടികളെ സഹായിക്കുന്ന നിരവധി പ്ലാറ്റ്ഫോമുകൾ ഇന്ന് നിലവിലുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം എക്സ് ആൻഡ് വൈ ലേർണിങ്ങിനെ വ്യത്യസ്തമാക്കുന്നത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യം മനസ്സിലാക്കിയുള്ള പ്രവർത്തനങ്ങളാണ്. കേരളം വിദ്യാഭ്യാസത്തിലും ഹ്യൂമൻ റിസോഴ്സ് ഇൻഡെക്സിലും എല്ലാം മുൻപന്തിയിലാണ്. ഗവൺമെന്റ് സ്കൂളുകളിൽ പോലും പ്രൈവറ്റ് സ്കൂളുകളെ വെല്ലുന്ന സജ്ജീകരണങ്ങളുണ്ട്. എന്നാൽ എല്ലാവരേയും സന്തോഷിപ്പിക്കുക എന്ന പ്രത്യേക തരത്തിലുള്ള ലക്ഷ്യമാണ് കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഉള്ളത്. 99 ശതമാനത്തിനും മുകളിലുള്ള വിജയശതമാനമൊക്കെ ഇതിന്റെ തെളിവാണ്. ഈ ഉയർന്ന വിജയശതമാനം ഒരിക്കലും വിദ്യാഭ്യാസ സമ്പ്രദായം പുരോഗതി പ്രാപിച്ചു എന്നതിന്റെ തെളിവല്ല. ഐഐടി പോലുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിപ്പെടുന്ന മലയാളികളുടെ എണ്ണക്കുറവ് ഈ പുരോഗമനം കുറഞ്ഞ, ആളുകളെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തെളിവാണെന്ന് അജ്മൽ പറയുന്നു. 2022ലെ കണക്ക് പ്രകാരം 17000 ഐഐടി സീറ്റുകളിൽ വെറും 180-200 പേരാണ് എത്തിപ്പെട്ടിട്ടുള്ളത്. വിദ്യാഭ്യാസരംഗത്ത് മഹത്തരം എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടും കേരളം എന്തുകൊണ്ട് ഇത്തരം രംഗങ്ങളിൽ മതിയായ പ്രകടനം പുറത്തെടുക്കുന്നില്ല എന്നത് നമ്മൾ ചിന്തിക്കേണ്ട കാര്യമാണ്.
വർഷങ്ങളുടെ ലെഗസിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടായിട്ടും ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനങ്ങളിലേക്ക് നമ്മുടെ വിദ്യാർത്ഥികളെ എത്തിക്കാൻ ആകുന്നില്ല. ഇത് വിദ്യാഭ്യാസ രംഗത്തെ ന്യൂനതയുടെ തെളിവ് തന്നെയാണ്. ആ ന്യൂനത തിരിച്ചറിഞ്ഞാണ് അജ്മൽ എക്സ് ആൻഡ് വൈ ലേർണിങ്ങുമായി എത്തുന്നത്. ഇതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യം മനസ്സിലാക്കിയുള്ള പ്രവർത്തനങ്ങൾ എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് നിലവിലുള്ള ന്യൂനതകൾക്ക് പരിഹാരമാകുന്നു, നാളെകൾക്ക് പുതിയ വാഗ്ദാനമാകുന്നു. ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലാത്ത നിരവധി പ്രശ്നങ്ങൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനുണ്ട്. എസ്എസ്എൽസി പരീക്ഷയിലെ ഫുൾ എപ്ലസ്സിനും പത്രത്താളുകളിൽ നിറയുന്ന ചിത്രങ്ങൾക്കും വഴിക്കവലയിലെ ഫ്ലക്സുകൾക്കും അപ്പുറം വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ പുനർനിർവചിക്കുകയാണ് അജ്മൽ എക്സ് ആൻഡ് വൈ ലേർണിങ്ങിലൂടെ. ഇത്തരം കാര്യങ്ങൾ പൊതുമണ്ഡലത്തിൽ നിരന്തരം ചർച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ നമ്മുടെ കുട്ടികൾക്ക് ലഭിക്കേണ്ട മികച്ച ഭാവി ഇല്ലാതായിപ്പോകും എന്ന് അജ്മൽ കരുതുന്നു. ഇത്രയധികം കുട്ടികൾ എന്തുകൊണ്ട് കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ പോയി പഠിക്കേണ്ടി വരുന്നു എന്നതും ഇതിന്റെ കൂടെ ചേർത്തു വായിക്കേണ്ട കാര്യമാണെന്ന് അജ്മൽ ഓർമപ്പെടുത്തുന്നു. എത്രയോ കഴിവുകൾ ഇത്തരത്തിൽ പാഴായിപ്പോകുന്നു എന്നത് ഇന്നിന്റെ വലിയ യാഥാർത്ഥ്യമാണ്.
വിദ്യാഭ്യാസ രംഗത്തെ ന്യൂനതകളിൽ പ്രധാനമായി അജ്മൽ കാണുന്നത് കുട്ടികളിൽ ലക്ഷ്യബോധം വളർത്തിയെടുക്കാൻ ആകുന്നില്ല എന്നതാണ്. എല്ലാവരും എളുപ്പത്തിൽ ജയിച്ചുകയറി വരുന്ന പരീക്ഷാ സമ്പ്രദായം തന്നെയാണ് ഇവിടെ പ്രധാന പ്രശ്നക്കാരൻ. പഠിച്ചു കഴിഞ്ഞാൽ എന്തുചെയ്യണം എന്നുപോലും കുട്ടികൾക്ക് അറിയില്ല. പത്താം ക്ലാസ് കഴിഞ്ഞ കുട്ടികളോട് എന്തു പഠിക്കാനാണ് താത്പര്യം എന്നു ചോദിച്ചാൽ അങ്ങനെയൊന്നുമില്ല എന്ന ഒഴുക്കൻ ഉത്തരമാണ് പലപ്പോഴും മറുപടിയായി ലഭിക്കാറുള്ളത്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ പോലും ഇങ്ങനെ പഠനശേഷം എന്തു ചെയ്യണം എന്ന ലക്ഷ്യബോധം ഇല്ലാത്തവരാണ്. കുട്ടികൾക്ക് പൊതുവേ അവരുടെ സ്ട്രോങ് പോയിന്റും വീക്ക് പോയിന്റും അറിയാത്തതുകൊണ്ടാണ് ഈ പ്രശ്നമുണ്ടാകുന്നത്. എല്ലാവർക്കും കുറേ മാർക്ക് നൽകുക എന്ന സിസ്റ്റത്തിന്റെ ഇരകളാണ് യഥാർത്ഥത്തിൽ ലക്ഷ്യബോധമില്ലാത്ത ഈ വിദ്യാർത്ഥികൾ. എല്ലാ കുട്ടികളും കോംപറ്ററ്റീവ് പരീക്ഷകൾക്കു പോകണം എന്ന് അജ്മൽ പറയുന്നില്ല. പക്ഷേ അതിനു പോകാൻ താത്പര്യമുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. ഇതിനായി കുട്ടികളുടെ കഴിവുകൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കണം. ഇത് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നതും വിദ്യാഭ്യാസ സമ്പദായത്തിന്റെ ന്യൂനതയാണ്.
ഇനി അഥവാ കുട്ടികളുടെ മനസ്സിലാക്കി ഓരോരുത്തരും എഞ്ചിനീയറിങ്, മെഡിസിൻ പോലുള്ളവയിലേക്ക് പോകേണ്ടവരാണ് എന്ന് മനസ്സിലാക്കി എന്ന് കരുതുക. ഈ ഘട്ടത്തിൽ മറ്റൊരു പ്രശ്നം ഉദിക്കുന്നു. ഇതിലേക്ക് പോകാൻ നമ്മുടെ കുട്ടികൾ എത്രത്തോളം തയ്യാറായിട്ടുണ്ട് എന്നതാണ് ആ പ്രശ്നം. ഇന്ത്യ ഇത്തരം മത്സര പരീക്ഷകളിൽ വളരെ മത്സരാധിഷ്ഠിതമായ രാജ്യമാണ്. ഓരോ വർഷവും 24 ലക്ഷം വിദ്യാർത്ഥികൾ ഇന്ത്യയിൽ നീറ്റ് പരീക്ഷ മാത്രം എഴുതുന്നുണ്ട്. ആകെയുള്ളതാകട്ടെ 50000ത്തോളം മാത്രം ഗവൺമെന്റ് എംബിബിഎസ് സീറ്റുകളും. ഈ 24 ലക്ഷം പേർ പരീക്ഷ എഴുതുന്നത് 50000 സീറ്റുകളിൽ എത്താനാണ്. ഈ കോംപറ്റിറ്റീവ് അവസ്ഥ നമ്മുടെ രാജ്യത്തിന്റെ സത്യാവസ്ഥയാണ്. എല്ലാ മത്സരാധിഷ്ഠിത പരീക്ഷകളുടേയും അവസ്ഥ ഇതുതന്നെയാണ്.
കേരളത്തിലെ മാതാപിതാക്കളുടെ മനോഭാവമാണ് മത്സരപരീക്ഷകളിൽ സംസ്ഥാനത്തെ പിന്നിലാക്കുന്ന മറ്റൊരു കാരണം. മിക്ക മാതാപിതാക്കളും കുട്ടികൾ പത്താം തരമോ പ്ലസ്ടുവോ കഴിയുമ്പോൾ മാത്രമേ ഉന്നത വിദ്യാഭയാസത്തെക്കുറിച്ചും അവരെ ഏത് വഴിക്ക് വിടണം എന്നതിനെക്കുറിച്ചും ആലോചിക്കാറുള്ളൂ. ഈ വൈകിയ വേളയിൽ മാത്രം കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ടു കൂടിയാണ് കേരളത്തിൽ ഇത്ര അധികം എൻട്രൻസ് കോച്ചിങ് സെന്ററുകൾ ഉണ്ടാകാൻ കാരണം. എന്നിട്ട് കുട്ടികൾ പ്ലസ്ടു കഴിഞ്ഞ് നാലഞ്ച് വർഷങ്ങളോളം മത്സര പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്നു. ഇത് യഥാർത്ഥത്തിൽ ലോജിക് ഇല്ലാത്ത കാര്യമാണ്. രണ്ടു വർഷം പ്ലസ്ടുവിന് കാര്യമായിട്ട് ഒന്നും പഠിക്കാത്ത കുട്ടി പിന്നത്തെ വർഷം ഈ രണ്ടു വർഷങ്ങളിലേയും കാര്യങ്ങൾ ഒറ്റയടിക്ക് പഠിക്കാൻ നിർബന്ധിതരാകുന്നു. അങ്ങനെ ഇതൊരു ലൂപ്പ് ആയി മാറുന്നു, കുട്ടികൾ മാനസികമായി തകരുന്നു, പരീക്ഷകളിൽ പരാജയപ്പെടുന്നു. വിജയിച്ചവരുടെ കഥകൾ മാത്രം ചർച്ച ചെയ്യുന്ന സമൂഹത്തിൽ അത്തരം തോറ്റു പോയ കുട്ടികളുടെ നോവ് ആരുമറിയാതെ പോകുന്നു.
കുട്ടികളുടെ താത്പര്യം മാനിച്ചാകണം അവരെ ഓരോരോ മേഖലകളിലേക്കും വിടേണ്ടത്. അതല്ലാതെ വരുമ്പോഴാണ് കുട്ടികൾക്ക് അതൊരു ഭാരമാകുന്നത്. ക്രിക്കറ്റ് താത്പര്യമുള്ള കുട്ടികളെ ആ മേഖലയിലേക്ക് തന്നെ വിടണം. അതുപോലെ പഠനം ഇഷ്ടപ്പെടുന്ന, സയൻസ് പോലുള്ള വിഷയങ്ങളിൽ താത്പര്യം ഉള്ളവർക്കു മാത്രമേ അതാത് മേഖലകളിലേക്ക് വന്നിട്ട് കാര്യമുള്ളൂ. അതുകൊണ്ട്, കുട്ടികളുടെ താത്പര്യം മനസ്സിലാക്കി വേണം മാതാപിതാക്കൾ പ്രവർത്തിക്കാൻ എന്ന് അജ്മൽ മുന്നറിയിപ്പു നൽകുന്നു, മാത്രമല്ല അത്തരം വിഷയങ്ങളിൽ താത്പര്യമില്ലാത്ത കുട്ടികളെ നിർബന്ധിക്കുന്നത് ദോഷമുണ്ടാക്കുമെന്നും മുന്നറിയിപ്പു നൽകുന്നു.
Ajmal from Malappuram founded X and Y Learning after IIT Madras and Intel, helping students prepare for competitive exams and enter top universities globally.