യോഗ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് കുവൈത്ത് യോഗാ പരിശീലകയും രാജകുടുംബാംഗവുമായ ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിക്കുന്ന ആദ്യ കുവൈത്ത് പൗരയാണ് ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ്.

മികച്ച യോഗാഭ്യാസിയായ ഷെയ്ഖ അലി കുവൈത്തിലെ ആദ്യത്തെ ലൈസൻസുള്ള യോഗ സ്റ്റുഡിയോയായ ദാരാത്മ ഫോർ യോഗ എഡ്യൂക്കേഷൻ സ്ഥാപകയാണ്. സാംസ്കാരിക വിടവുകൾ നികത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുമായി പ്രവർത്തിക്കുന്ന ഷെയ്ഖ അലിയുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് രാഷ്ട്രപതി ഭവൻ എക്‌സിൽ പങ്കിട്ട പോസ്റ്റിൽ വിശേഷിപ്പിക്കുന്നു.
2001ലാണ് ഷെയ്ഖ അലി തന്റെ യോഗ യാത്ര ആരംഭിച്ചത്. 2014ൽ അവർ ദാരാത്മ യോഗ സ്റ്റുഡിയോ സ്ഥാപിച്ചു. “ദാരാത്മ” എന്ന പേര് അറബി പദമായ “ദാർ” (വീട്) എന്നതിനെ സംസ്കൃത പദമായ “ആത്മ” (ആത്മാവ്) യുമായി സംയോജിപ്പിക്കുന്നു. യോഗയ്ക്കുവേണ്ടി മാത്രമല്ല, മാനുഷിക പ്രവർത്തനങ്ങൾക്കു വേണ്ടിയും സമർപ്പിച്ച ജീവിതമാണ് ഷെയ്ഖ അലിയുടേത്. സാംസ്കാരിക വേർതിരിവുകൾ നികത്തുന്നതിനും സമൂഹങ്ങളെ ഒന്നിപ്പിക്കുന്നതിനുമായി നിരവധി ജീവകാരുണ്യ സംരംഭങ്ങൾക്ക് അവർ ചുക്കാൻ പിടിക്കുന്നു. 2021ൽ, യെമൻ അഭയാർത്ഥികളെയും കുടിയിറക്കപ്പെട്ടവരെയും സഹായിക്കുന്നതിനായി ഫണ്ട്‌റൈസിംഗ് പ്രോഗ്രാമും ഷെയ്ഖ അലി ആരംഭിച്ചിരുന്നു. കോവിഡ് 19 പാൻഡെമിക് സമയത്തും അവർ സേവനരംഗത്ത് പ്രധാന പങ്ക് വഹിച്ചു. കുവൈത്തിലെ ദരിദ്രരായ കുട്ടികൾക്ക് വിദ്യാഭ്യാസ സാമഗ്രികൾ വിതരണം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഷെയ്ഖ അലി സാമൂഹ്യക്ഷേമത്തിനായുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്നു. കുവൈത്തിൽ മാത്രമല്ല ആഗോളതലത്തിലും ഷെയ്ഖ അലിയുടെ പ്രവർത്തനങ്ങൾ പ്രശസ്തമാണ്. യുഎസ്സിലെ മൺറോ ഇൻസ്റ്റിറ്റ്യൂട്ടിൽ അവർ വിവിധ പരിശീലന സെഷനുകളും ബോധവൽക്കരണ സെഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്.
2024 ഡിസംബർ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കുവൈത്ത് സന്ദർശന വേളയിൽ ഷെയ്ഖ അലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കല, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, ശാസ്ത്രം, എഞ്ചിനീയറിംഗ്, വ്യാപാരം, വ്യവസായം, വൈദ്യശാസ്ത്രം, സാഹിത്യം, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിലെ അസാധാരണ സേവനത്തിന് അംഗീകാരമായി നൽകുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നാണ് പത്മശ്രീ.