ലോകസമ്പന്നരിൽ മുൻനിരയിൽ ആയിരിക്കുമ്പോഴും സാധാരണക്കാർക്കു കൂടി വേണ്ടി പ്രവർത്തിച്ച ഇതിഹാസ നിക്ഷേപകൻ വാറൻ ബഫറ്റ് ബെർക്ക്‌ഷെയർ ഹാത്ത്‌വേ (Berkshire Hathaway) സിഇഒ സ്ഥാനം ഒഴിയുന്നു. അറുപതു വർഷങ്ങത്തോളം കമ്പനിയിൽ തുടർന്ന 94കാരനായ ബഫറ്റ് ഈ വർഷം അവസാനം സിഇഒ സ്ഥാനം ഒഴിയുമെന്ന് ഒമാഹയിൽ നടന്ന കമ്പനി വാർഷിക ഓഹരി ഉടമകളുടെ യോഗത്തിൽ പ്രഖ്യാപിച്ചു. 2021ൽ ഗ്രെഗ് ഏബെലിനെ തന്റെ പിൻഗാമിയായി ബഫറ്റ് നാമനിർദ്ദേശം ചെയ്തിരുന്നു. ബഫറ്റ് സ്ഥാനമൊഴിഞ്ഞാൽ ഏബെലാകും ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ പുതിയ സിഇഒ.

2025 മെയ് മാസത്തിലെ ഫോർബ്സ് പട്ടിക അനുസരിച്ച് 168.2 ബില്യൺ ഡോളറിന്റെ (ഏകദേശം 14.30 ലക്ഷം കോടി രൂപ) ആസ്തിയുമായി അദ്ദേഹം നിലവിൽ ലോകസമ്പന്ന പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. നിക്ഷേപ തന്ത്രങ്ങൾക്കു പേരുകേട്ട അദ്ദേഹം ഈ വർഷം മാത്രം 16.4 ബില്യൺ ഡോളർ ആസ്തിയാണ് വർധിപ്പിച്ചത്. 2024ലെ കണക്കനുസരിച്ച് അച്ചടക്കമുള്ള നിക്ഷേപ സമീപനത്തോടെ ബഫറ്റ് 267 ബില്യൺ ഡോളറിന്റെ സ്റ്റോക്ക് പോർട്ട്‌ഫോളിയോയാണ് കൈകാര്യം ചെയ്തത്.

1965ൽ ബെർക്ക്‌ഷെയർ ഹാത്ത്‌വേ ഏറ്റെടുത്ത ബഫറ്റ് 1970ലാണ് കമ്പനി സിഇഒ ആയത്. 200ലധികം സംരംഭങ്ങളാണ് നിലവിൽ കമ്പനിക്കു കീഴിലുള്ളത്. 54 വർഷം കൊണ്ട് കമ്പനിയെ 1.16 ലക്ഷം കോടി ഡോളറിലേറെ മൂല്യമുള്ളതാക്കി മാറ്റിയാണ് അദ്ദേഹത്തിന്റെ പടിയിറക്കം.

വലിയ സമ്പത്ത് ഉണ്ടായിട്ടും ബഫറ്റ് വളരെ എളിമയുള്ള ജീവിതമാണ് നയിക്കുന്നത്. 1958ൽ 31500 ഡോളറിന് വാങ്ങിയ ഒമാഹയിലെ വസതിയിലാണ് അദ്ദേഹം ഇപ്പോഴും താമസിക്കുന്നത്. ഏകദേശം 1.4 മില്യൺ ഡോളറാണ് വസതിയുടെ നിലവിലെ മൂല്യം. ലോകസമ്പന്ന പട്ടികയിലുള്ള മറ്റുള്ളവരുടെ മില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന ആഢംബരമാളികകളുമായി തട്ടിച്ചു നോക്കുമ്പോൾ ഇതൊരു ചെറിയ തുകയാണ്. കാലിഫോർണിയയിൽ അദ്ദേഹത്തിന് ഒരു അവധിക്കാല വസതിയും ഉണ്ട്.

ജീവകാരുണ്യരംഗത്ത് സമാനതകളില്ലാത്ത മാതൃക തീർക്കുന്ന ബഫറ്റ് തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന് നൽകുന്നു. 2006ൽ അദ്ദേഹം തന്റെ സമ്പത്തിന്റെ പകുതിയിലേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നൽകി അതിശയിപ്പിച്ചു. ഇങ്ങനെ അദ്ദേഹത്തിന്റെ നിക്ഷേപം പോലെ തന്നെ ജീവകാരുണ്യ വീക്ഷണവും ശ്രദ്ധേയമാകുന്നു. സമാനതകളില്ലാത്ത ബിസിനസ് വിജയവും ലാളിത്യം നിറഞ്ഞ ജീവിതശൈലിയും അദ്ദേഹത്തിന് ഒറാക്കിൾ ഓഫ് ഒമാഹ എന്ന പേര് നേടിക്കൊടുത്തു. 

Explore the net worth and investment strategies of Warren Buffett as he prepares to step down as Berkshire Hathaway CEO.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version