ഫുഡ് ആൻഡ് ഡെലിവെറി കമ്പനിയായ സ്വിഗ്ഗിയുടെ (Swiggy) കീഴിലുള്ള ഹൈപ്പർലോക്കൽ ബിസിനസ് വിഭാഗമായ ജീനി (Genie) അടച്ചുപൂട്ടിയതായി റിപ്പോർട്ട്. നഗരങ്ങളിൽ വസ്തുക്കൾ പിക്കപ്പ്-ഡെലിവെറി ചെയ്യുന്ന സേവനമായിരുന്നു ജീനി. ഭക്ഷണ വിതരണം പോലുള്ള പ്രധാന ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്വിഗ്ഗി ഊബർ പാക്കേജ്, പോർട്ടർ തുടങ്ങിയ ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമുകളുമായി വിപണിയിൽ മത്സരിച്ചിരുന്ന ജീനിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രധാന നഗരങ്ങളിൽ സേവനം ഏറിയ പങ്കും ഓഫ്‌ലൈനായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ടിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബ്ലിങ്കിറ്റ്, സെപ്‌റ്റോ എന്നിവയുമായി കൂടുതൽ മത്സരിക്കുന്നതിനായാണ് അടച്ചുപൂട്ടൽ തീരുമാനം. നേരത്തെ സ്വിഗ്ഗി ആപ്പിൽ സേവനം ലഭ്യമല്ലെന്ന് നിരവധി ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. എന്നാൽ ജീനിയുടെ അടച്ചു പൂട്ടലിനെ കുറിച്ച് കമ്പനി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. മുൻപ് 2022ൽ കമ്പനി ജീനി സേവനം കുറച്ചുകാലത്തേക്ക് നിർത്തിവെച്ചിരുന്നു. ഇത്തവണത്തേതും ഇടക്കാലത്തേക്കുള്ള നിർത്തിവെയ്ക്കൽ മാത്രമാണെന്നും അഭ്യൂഹമുണ്ട്.
Swiggy shuts down Genie, its hyperlocal delivery service, to focus on food delivery and quick commerce amid rising competition.