അബുദാബി ബിഗ് ടിക്കറ്റിൻറെ ഗ്രാൻഡ് പ്രൈസ് ജേതാവായി പ്രവാസി മലയാളി. തിരുവനന്തപുരം സ്വദേശിയായ താജുദ്ദീൻ അലിയാർ കുഞ്ഞിനെയാണ് 2.5 കോടി ദിർഹത്തിന്റെ (57 കോടി രൂപ ) വമ്പൻ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 40 വർഷത്തോളമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന താജുദ്ദീൻ നാട്ടിലേക്ക് മടങ്ങവേയാണ് കോടീശ്വരനായിരിക്കുന്നത്. 61കാരനായ താജുദ്ദീൻ അഞ്ചാം തവണ എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് വിജയിയായിരിക്കുന്നത്. 1985ൽ ഫാം ജോലിക്കാരനായി സൗദി അറേബ്യയിലെത്തിയ അദ്ദേഹം നിലവിൽ വാട്ടർപ്രൂഫിംഗ്, ഗതാഗത ബിസിനസ്സ് നടത്തിവരികയാണ്.
ഏതാനും ദിവസങ്ങൾ മുമ്പ് നടന്ന നറുക്കെടുപ്പിൽ താജുദ്ദീൻ വിജയിയായ വിവരം അറിഞ്ഞിരുന്നെങ്കിലും അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. 16 പേരടങ്ങുന്ന ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു ഭാഗ്യപരീക്ഷണം. കഴിഞ്ഞ അഞ്ച് മാസമായി ബിഗ് ടിക്കറ്റിൽ ഇവർ തുടർച്ചയായി ടിക്കറ്റുകൾ എടുക്കുന്നു. 100 സൗദി റിയാൽ വീതമാണ് 16 പേരും ടിക്കറ്റിനായി ചിലവിട്ടിരുന്നത്. ഇതിൽ 15 പേരും മലയാളി പ്രവാസികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്.
എല്ലാവരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നവരാണ്. പൂജ്യത്തിൽ നിന്നാണ് എല്ലാം തുടങ്ങിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സാമ്പത്തിക പ്രയാസത്തിലായിരുന്നു. ബിസിനസ് പരാജയപ്പെട്ടത് അടക്കമുള്ള കാര്യങ്ങൾ ചിലരുടെ സമ്പാദ്യം നഷ്ടപ്പെടുത്തി. പലർക്കും നാട്ടിൽ സ്വന്തമായി വീട് പോലുമില്ല. ഈ വിജയം 16 കുടുംബങ്ങളെയാണ് സുരക്ഷിതമാക്കുന്നത്- താജുദ്ദീൻ പറഞ്ഞു. സമ്മാനത്തുക 17 ആയി വീതിച്ച് 16 പേർക്കൊപ്പം ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഗ് ടിക്കറ്റ് അധികൃതർ സമ്മാന വിവരം അറിയിക്കാൻ വിളിച്ചത് താജുദ്ദീൻറെ കേരളത്തിലെ നമ്പറിലേക്കാണ്. നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയത് കൊണ്ടാണ് ആ നമ്പർ നൽകിയത്. കോൾ എടുത്തത് ഭാര്യയായിരുന്നു. പരിചയമില്ലാത്ത ശബ്ദം കേട്ടത് കൊണ്ട് കോൾ കട്ട് ചെയ്തു. നറുക്കെടുപ്പ് കണ്ട് ദുബായിലുള്ള ബന്ധു വിളിച്ചു പറഞ്ഞപ്പോഴാണ് താജുദ്ദീൻ വിവരം അറിഞ്ഞത്. ആദ്യം തമാശ ആണെന്ന് കരുതിയെങ്കിലും നമ്പർ പരിശോധിച്ചപ്പോൾ സത്യമാണെന്ന് മനസ്സിലായി. ഇനിയുള്ള കാലം നാട്ടിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സമയം ചിലവിടാനും എന്തെങ്കിലും ബിസിനസ് തുടങ്ങാനുമാണ് അദ്ദേഹത്തിൻറെ പദ്ധതി.