പാകിസ്ഥാനുമായുള്ള സംഘർഷം തുടരുന്നതിനിടെ ഏത് തരം പ്രതിസന്ധിയെയും നേരിടാൻ സജ്ജമായിരിക്കണമെന്ന് രാജ്യത്തെ ബാങ്കുകളോട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ്, ധനകാര്യ സേവനങ്ങൾ മുടക്കമില്ലാതെ ലഭ്യമാക്കണമെന്ന് വിവിധ ബാങ്ക് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞു. അതിർത്തി മേഖലകളിലെ ശാഖകളിലുളള ജീവനക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

അതേസമയം ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ബാങ്കുകൾ സൈബർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ ആക്രമണത്തിനു പിന്നാലെ അതിർത്തി പ്രദേശങ്ങൾക്കു സമീപമുള്ള ബാങ്ക് ശാഖകളിൽ അടക്കം കഴിഞ്ഞ ദിവസം സുരക്ഷ ശക്തമാക്കിയിരുന്നു. സൈബർ ആക്രമണത്തെ നേരിടാൻ 24 മണിക്കൂർ വാർ റൂം സൃഷ്ടിച്ചിട്ടുണ്ടെന്നും അതിർത്തി മേഖലകളിലേത് അടക്കമുള്ള എടിഎമ്മുകളിൽ പണലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബാങ്ക് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ബാങ്കിങ് അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളെയും ഇൻഷുറൻസ് സ്ഥാപനങ്ങളെയും ലക്ഷ്യമാക്കി സൈബർ ആക്രമണമുണ്ടായേക്കാമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ്
സൈബർ സുരക്ഷ വർധിപ്പിക്കുന്നത് അടക്കമുള്ള അടിയന്തര നടപടികളിലേക്ക് ബാങ്കുകൾ നീങ്ങിയിരിക്കുന്നത്.
Amidst India-Pakistan tensions, the Central Government directs banks to be prepared for any crisis and strengthen cyber security. Finance Minister Nirmala Sitharaman emphasizes uninterrupted banking services.