2030 ആകുമ്പോഴേക്കും ഇന്ത്യൻ പ്രവർത്തനങ്ങളിൽ 35 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാൻ ആമസോൺ (Amazon). ബിസിനസ് വികസിപ്പിക്കുന്നതിനൊപ്പം എഐ അധിഷ്ഠിത ഡിജിറ്റൈസേഷൻ, കയറ്റുമതി വർദ്ധിപ്പിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകൾ മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് കമ്പനി ഇന്ത്യയിൽ ഊന്നൽ നൽകുക. ഇന്ത്യയുടെ എഐ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തതിനും പിന്നാലെയാണ് ആമസോണിന്റെ വമ്പൻ പ്രഖ്യാപനം.

ഡൽഹിയിൽ നടന്ന Amazon Smbhav ഉച്ചകോടിയുടെ ആറാം പതിപ്പിൽ ആമസോണിന്റെ ഇന്ത്യയിലെ സഞ്ചിത നിക്ഷേപം ഏകദേശം 40 ബില്യൺ ഡോളറിലെത്തിയതായി വെളിപ്പെടുത്തി. കീസ്റ്റോൺ സ്ട്രാറ്റജിയുടെ സാമ്പത്തിക ആഘാത റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജീവനക്കാരുടെ വേതനവും അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടുന്ന പുതിയ നിക്ഷേപങ്ങൾ, ആമസോണിനെ രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപകരായി സ്ഥാനപ്പെടുത്തുന്നു.
ആമസോൺ ഇന്ത്യയിലുടനീളം നിരലധി ഫിസിക്കൽ-ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളാണ് നിർമിച്ചിട്ടുള്ളത. ഫുൾഫിൽമെന്റ് സെന്റർ, ഡാറ്റാ സെന്ററുകൾ, ഗതാഗത ശൃംഖലകൾ, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ, സാങ്കേതിക വികസന പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉൾപ്പെടെയാണിത്. കഴിഞ്ഞ വർഷം ആമസോൺ 12 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകൾ ഡിജിറ്റൈസ് ചെയ്തു. 20 ബില്യൺ ഡോളറിന്റെ സഞ്ചിത ഇ-കൊമേഴ്‌സ് കയറ്റുമതിയാണ് കമ്പനി സാധ്യമാക്കിയത്. വിവിധ വ്യവസായങ്ങളിലായി ഏകദേശം 2.8 ദശലക്ഷം ജോലികൾക്ക് പിന്തുണ നൽകാനും കമ്പനിക്ക് സാധിച്ചു.
സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, പ്രവർത്തനങ്ങൾ, ഉപഭോക്തൃ പിന്തുണ എന്നിവ ഉൾപ്പെടെയുള്ള റോളുകളിലാണ് ആമസോൺ ജോലികൾ. ജീവനക്കാർക്ക് മത്സരാധിഷ്ഠിത വേതനം, ആരോഗ്യ ആനുകൂല്യങ്ങൾ, പരിശീലനം എന്നിവയും ആമസോൺ വഴി ലഭിക്കുന്നു. ബിസിനസ് വിപുലീകരണവും വളർന്നുവരുന്ന പൂർത്തീകരണ, വിതരണ ശൃംഖലയും വഴി 2030ൽ 3.8 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കമ്പനി അറിയിച്ചു.
2030 ആകുമ്പോഴേക്കും 35 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം ആസൂത്രണം ചെയ്യുന്നതിലൂടെ, ഇന്ത്യയിലുടനീളം ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും നവീകരണത്തെ പിന്തുണയ്ക്കാനുമാണ് ആമസോൺ ലക്ഷ്യമിടുന്നത്. 15 ദശലക്ഷം ചെറുകിട ബിസിനസുകൾക്ക് എഐ ആനുകൂല്യങ്ങൾ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. വിൽപനക്കാർ ഇതിനകം തന്നെ amazon.in വെബ്‌സൈറ്റിലെ നെക്സ്റ്റ് ജെൻ സെല്ലിംഗ്, സെല്ലർ അസിസ്റ്റന്റ് പോലുള്ള എഐ അധിഷ്ഠിത ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
Amazon announces a $35 billion investment in India by 2030, with a focus on AI-driven digitization, boosting exports, and supporting 3.8 million jobs. The move strengthens India’s digital transformation and infrastructure.