ഒരു രാത്രിയുടെ ഇരുളിൽ, രണ്ട് രാജ്യങ്ങളിലെ 170 കോടിയോളം ജനങ്ങൾ ഉറങ്ങുന്ന വേളയിൽ ഒരു തെറ്റിന്റെ കണക്ക് തീർക്കാൻ ഇന്ത്യ തീരുമാനിച്ചു. ആ രാത്രി, പക്ഷെ, പകരം വീട്ടലുകളുടെ ചരിത്രത്തിൽ പുതിയ അധ്യായം നിശ്ശബ്ദം എഴുതിചേർക്കുകയായിരുന്നു, ആധുനിക യുദ്ധ തന്ത്രത്തിന്റെ, ടെക്നോളജി വാർഫെയറിന്റെ അസാധാരണമായ പുതിയ പാഠം.
ഓപ്പറേഷൻ സിന്ദൂർ, അതിർത്തി കടന്ന് അങ്ങ് ഉള്ളിൽ പാകിസ്ഥാന്റെ ഹൃദയത്തിൽ അവർ താലോലിച്ച് വളർത്തിയ ഭീകര ക്യാംപുകളിലേക്ക് ഇന്ത്യ നടത്തിയ പ്രിസിഷൻ മിസൈൽ സ്ട്രൈക്ക് കേവലം പഹൽഗാമിലേറ്റ മുറിവിന് നമ്മൾ നൽകിയ ഒരു സൈനിക മറുപടി മാത്രമായിരുന്നില്ല.അതൊരു ടെക്നോളജി ഡിക്ലേറേഷൻ കൂടിയായിരുന്നു! ഇന്ത്യ ഇന്ന്, കേവലം യുദ്ധോപകരണങ്ങൾ വാങ്ങുന്ന ഒരു ബൈയർ മാത്രമല്ല, ആഭ്യന്തരമായി നല്ല എണ്ണം പറഞ്ഞ നെക്സ്റ്റ് ജെനറേഷൻ യുദ്ധോപകരണങ്ങൾ നിർമ്മിക്കാനും അത് അസ്സലായി പെടയ്ക്കാനും അറിയാവുന്ന ഉൽപ്പാദക രാജ്യമായിരിക്കുന്നു എന്ന അന്തസ്സാർന്ന പ്രഖ്യാപനം. കഴിഞ്ഞ എട്ട് പത്ത് വർഷമായി മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയും ഡിഫൻസ്-ടെക് രംഗത്തെ സ്റ്റാർട്ടപ് സംരംഭങ്ങളിലൂടെയും ഇന്നവേഷൻ എക്കോ സിസ്റ്റങ്ങളിലൂടെയും രാജ്യം വളർത്തിക്കൊണ്ടുവന്ന മഹാ പദ്ധതിയുടെ വിളംബരമായി ഓപ്പറേഷൻ സിന്ദൂർ ഒന്നും രണ്ടും മാറിയത് അങ്ങനെയാണ്!
പാകിസ്ഥാനി ഭീകരർ നിരപരാധികളെ പഹൽഗാമിൽ പോയിന്റ്ബ്ലാങ്കിൽ വെടിവെച്ച് കൊന്നതിന് ഇന്ത്യ പ്രതികാരം ചോദിച്ച രീതിയും ഭാഷയും അതിന്റെ വ്യാകരണവുമെല്ലാം ലോകശക്തികളുടെ യുദ്ധ സ്ട്രാറ്റജിസ്റ്റുകൾക്കും, പ്രതിരോധ വിദഗ്ധർക്കും കേസ് സ്റ്റഡിയായി മാറിയിരിക്കുന്നു. റഫാൽ പോലയുള്ള അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കും, S-400 സുദർശൻ ചക്ര എയർ ഡിഫൻസ് സിസ്റ്റത്തിനുമൊപ്പം ആഭ്യന്തരമായി വികസിപ്പിക്കുന്ന ടെക്നോളജിയും ഇന്നവേഷനും എങ്ങനെ ക്രിറ്റിക്കൽ സമയങ്ങളിൽ അസാധാരണ മികവോടെ ഉപയോഗിക്കാം എന്ന കാര്യം ഇന്ത്യ പഠിപ്പിച്ച് കൊടുക്കുകയായിരുന്നു. എങ്ങനെയായിരുന്നെന്നോ പറയാം
പാകിസ്ഥാനിലും പാക് അധിനിവേശ കാശ്മിരിലുമായി സ്കാൽപ് (SCALP) ക്രൂയിസ് മിസൈലുകളും ഹാമ്മർ (Hammer) ബോംബുകളും അതീവ കൃത്യതയോടെ റാഫേൽ മൂളിപ്പറന്ന് വർഷിക്കുമ്പോ ലോകത്തെ ഏറ്റവും പ്രിസൈസായ ആക്രമണങ്ങളിലൊന്നായി അത് മാറി. യുദ്ധവിമാനങ്ങളിലെ ഫ്രഞ്ച് വിസ്മയമായ റാഫേലിന്റെ ഈ എഞ്ചിനീയറിംഗ് കാര്യക്ഷമതയ്ക്ക് കൃത്യതയും മൂർച്ഛയും കൂട്ടിയത് അത്യാധുനിക ടാർഗറ്റ് മാപ്പിംഗും, എഐ നിയന്ത്രിത സർവൈലൻസും, കമ്മ്യൂണിക്കേഷൻ എൻക്രിപ്ഷനും, ദുഷ്ക്കരമായ ഭൂപ്രദേശങ്ങളെ കൃത്യമായി അടയാളപ്പെടുത്താനുള്ള ടെറയിൻ ഡാറ്റ പ്രൊസസിംഗും ആയിരുന്നു. ഇവയെല്ലാം ഇവിടെ, ഇവിടെ ഇന്ത്യയിൽ വികസിപ്പിച്ചവ കൂടിയായിരുന്നു, അതിൽ പലതും നമ്മുടെ സ്റ്റാർട്ടപ്പുകളും ഡിആർഡിഒ-യിൽ ഇൻകുബേറ്റ് ചെയ്ത ടെക് സംരംഭങ്ങളും ഡിസൈൻ ചെയ്ത് ഉണ്ടാക്കിയതും. ഉദാഹരണത്തിന്, നമ്മുടെ സൈന്യം ഉപയോഗിക്കുന്ന അഡ്വാൻസ്ഡ് നൈറ്റ് വിഷൻ ആന്റ് ഇമേജിംഗ് സിസ്റ്റമില്ലേ, അതിൽ ചിലത് ബാംഗ്ലൂരുള്ള ഒരു സ്റ്റാർട്ടപ്പ് നിർമ്മിക്കുന്നവയാണ്. IIT മുംബൈയിലെ സ്റ്റാർട്ടപ് വികസിപ്പിച്ച ഡ്രോണുകൾ സൈന്യത്തിന് പ്രിയപ്പെട്ടവയാണ്. ബോർഡർ സർവയലിൻസിനും മാപ്പിംഗിനും ഏറിയപങ്കും ഇത്തരം സ്റ്റാർട്ടപ്പുകളുടെ ഇന്നവേഷനുകൾ ഉപയോഗിക്കാൻ ഇന്ത്യ ഇന്ന് ശ്രമിക്കുന്നു. സുരക്ഷാ കാരണങ്ങളാൽ ഈ സ്റ്റാർട്ടപ്പുകളുടെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല എന്ന് മാത്രം.
ഡൽഹിയിലും, ഹൈദരാബാദിലും, ബാംഗ്ലൂരുമുള്ള പല സ്റ്റാർട്ടപ്പുകളും അവരുടെ ലാബുകളിലും ടെസ്റ്റിംഗ് ഫീൽഡുകളിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിശബ്ദമായ യുദ്ധത്തിലായിരുന്നു. ആന്റി ഡ്രോൺ റഡാറുകൾ, ആർഎഫ് ജാമറുകൾ, എനർജി വെപ്പണുകൾ, എഐ നിയന്ത്രിത സർവൈയലൻസ് സംവിധാനങ്ങൾ എന്നിവയൊക്കെ ഈ സ്റ്റാർട്ടപ്പുകൾ നമ്മുടെ സൈന്യത്തിനുവേണ്ടി നിർമ്മിക്കുന്നു. അവയൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ പാക് ആക്രമണങ്ങൾക്ക് മറുപടി കൊടുക്കുന്ന തിരക്കിലായിരുന്നിരിക്കണം. ചൈന്നെയിലെ ഒരു സ്റ്റാർട്ടപ്പുണ്ട്, ആ ഡിഫൻസ് ടെക് സ്റ്റാർട്ടപ് ലോകത്തെ ഏറ്റവും മികച്ച ആന്റി ഡ്രോൺ സിസ്റ്റം വികസിപ്പിക്കുന്നതിൽ അസാധാരണ നേട്ടം കൈവരിച്ചവരാണ്. ശത്രു ഡ്രോണുകളെ കണ്ടെത്തി, ട്രാക്ക് ചെയ്ത്, അതിനെ പൊട്ടിക്കാൻ കഴിയുന്ന ഈ ഡ്രോണുകൾ അതിർത്തിയിലെ പുതിയ കാവൽ ഭടന്മാരാണ്. മറ്റൊരു സ്റ്റാർട്ട്പ്, ഡിആർഡിഒ-യുമായി സഹകരിച്ച് ലേസറുപയോഗിച്ച് ശത്രു ഡ്രോണുകളെ തകർക്കുന്നവയാണ്. ഈ ഡ്രോൺ ടെക്നോളജിയെല്ലാം തദ്ദേശീയമായി വികസിപ്പിച്ചവയോ നമ്മുക്ക് ഐപി ഉള്ള ഇന്നവേഷനുകളോ ആണ്.
സിന്ദൂർ, പാകിസ്ഥാൻ ഭീകരർ ഇന്ത്യയെ വലിച്ചിട്ട യുദ്ധമാണ്. പക്ഷെ ഏത് വെല്ലുവിളിയിലും അവസരം കണ്ടെത്തുന്ന നമുക്ക്, പാകിസ്ഥാന്റെ അഹങ്കാരത്തിന്റെ പത്തി ഒടിച്ചുകഴിഞ്ഞാൽ, മുന്നിൽ കാത്തിരിക്കുന്നത്, വലിയ സാധ്യതയുടെ ഖനിയാണ്. പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ ഇന്നവേഷന്റേയും വികാസത്തിന്റേയും കർട്ടൻ ആണ് ഓപ്പറേഷൻ സിന്ദൂറിലൂടെ വലിച്ചു മാറ്റിയിരിക്കുന്നത്. നമ്മൾ നിശ്ശബ്ദം ചെയ്തുവന്ന ഒരു വൻ വിപ്ലവം ലോകം അറിഞ്ഞിരിക്കുന്നു. പ്രതിരോധ രംഗത്തെ ഇന്ത്യൻ ടെക്നോളജി കുതിപ്പിന് ലോകമാകെ വിപണി തുറക്കുക തന്നെ ചെയ്യും. അത് ഇന്ത്യയിയെ ഡിഫൻസ് ടെക് കമ്പനികൾക്ക് മാത്രമല്ല, എഐ, സൈബർ സെക്യൂരിറ്റി, GIS മാപ്പിംഗ്, ഡാറ്റ അനലറ്റിക്സ്, ഹാർഡ്വെയർ മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലയിലെ സംരഭങ്ങൾക്ക് പുത്തൻ കുതിപ്പ് പകരും. പ്രതിരോധ മേഖലയിലെ ഇന്നവേഷനുകൾ ശ്രദ്ധവെക്കുന്ന സ്റ്റാർട്ടപ്പുകൾക്കായി, ഇന്നവേഷൻ ഫോർ ഡിഫൻസ് എക്സലൻസ് പ്രോഗ്രാം അഥവാ iDEX, പദ്ധതിക്കായി 1500 കോടിയാണ് പ്രതിരോധ മന്ത്രാലയം നീക്കിവെച്ചിരിക്കുന്നത്. നൂറിലധികം സ്റ്റാർട്ടപ്പുകൾക്ക് iDEX വഴി കോടിക്കണക്കിന് ഫണ്ടാണ് ഇതിനകം നൽകിയിരിക്കുന്നതും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശയങ്ങൾക്ക് മില്യൺ ഡോളർ വിലയുള്ള കാലത്ത്, സിന്ദൂരിലൂടെ ആ ടെക്നോളജി പാടവം ലോകം സാകൂതം കണ്ട സമയത്ത്, സംരംഭകരേ, പാകിസ്ഥാന്റെ സാഹസം, നമുക്ക് സഹായത്തിനാണെന്ന് തന്നെ കരുതാം. കാരണം ഇന്ത്യക്ക് ഇനിയും ടെക്നോളജി വേണം. ചൊറിയാൻ വരുന്നവന്റെ രണ്ടുകരണവും പുകയ്ക്കാൻ പറ്റുന്ന നല്ല ബെസ്റ്റ് ടെക്നോളജി!
കാരണം പുതിയ കാലത്തെ യുദ്ധം സാങ്കേതിക വിദ്യയുടേയതാണ്. അതുകൊണ്ടാണ് റാഫേലിൽ മൂളിപ്പാഞ്ഞ് ഒരു കുഞ്ഞുപോലുമറിയാതെ ചുണ്ണാമ്പ് തൊട്ട് വെച്ച ഭീകരകേന്ദ്രങ്ങളെ ഇന്ത്യയുടെ മിടുക്കരായ സൈനികർ തവിടുപൊടിയാക്കിയത്. അത് ടെക്നോളജിയും ബുദ്ധിയും പിന്നെ ഇതെല്ലാം ഉപയോഗിക്കാനുള്ള വിവരവും ഉണ്ടായത് കൊണ്ടാണ്. ഈ പറഞ്ഞത് ഒന്നും ഇല്ലാതിരുന്നത് കൊണ്ടാണ്, റഫാലിനോട് കിടപിടിക്കുന്ന അമേരിക്കയുെടെ F-16 വിമാനം പറത്തിയിട്ടും പാകിസ്ഥാൻ തലകുത്തി ഇന്ത്യൻ അതിർത്തിയിൽ വീണത്, ഒന്നല്ല, രണ്ട് എണ്ണം!
ഇനി സൈബർവാർഫെയറിന്റെ ഘട്ടമാണ്! ടെക്നോളജി യുദ്ധമുറയുടെ സമയമാണ്! ഇന്ത്യയുടെ കാലമാണ്! ഐഎൻസ് വിക്രാന്തെന്നും, റഫാലെന്നും, S-400 സുദർശന ചക്ര-യെന്നും കേൾക്കുമ്പോ ശത്രു കിടുങ്ങുന്നത്, യുദ്ധത്തിലെ ടെക്നോളജിയിൽ നാം മുന്നിൽ നിൽക്കുന്നത് കൊണ്ടാണ്. അത് ബോധപൂർവ്വം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ രാജ്യം വളർത്തിയെടുത്ത സ്റ്റാർട്ടപ് – ഇന്നവേഷൻ കൾച്ചറിന്റെ ഭാഗമാണ്. അടുത്ത ഒരു യുദ്ധം നിയന്ത്രിക്കുന്നത്, കൊച്ചിയിലിക്കുന്ന ഒരു കോഡറും, പൂനെയിലിരിക്കുന്ന ഒപ്റ്റിക്സ് റിസർച്ചറും ഡൽഹിയിലിരിക്കുന്ന എഞ്ചിനീയറും ചൈന്നെയിലെ ഡ്രോൺ സ്പെഷ്യലിസ്റ്റുമായിരിക്കും. അവിടെ നിങ്ങളുെട സ്റ്റാർട്ടപ്പിന്റെ റോൾ എന്തായിരിക്കും, ആ തമിഴ് സിനിമയിൽ ചോദിച്ച പോലെ, ആരംഭിക്കലാമാ..?
Operation Sindoor, India’s response to the attack in Pahalgam, showcased the nation’s indigenous defense technology and innovative warfare strategies against terrorist camps in Pakistan.