ഇന്ത്യയിലെ കപ്പൽ അറ്റകുറ്റപ്പണികളും ഓഫ്ഷോർ നിർമാണ ശേഷികളും വർധിപ്പിക്കുന്നതിനുള്ള സഹകരണം ശക്തമാക്കാൻ കൊച്ചിൻ ഷിപ്പ് യാർഡും (CSL) ഡ്രൈഡോക്സ് വേൾഡും (Drydocks World). ഇതിന്റെ ഭാഗമായി ഡിപി വേൾഡിന്റെ അനുബന്ധ കമ്പനിയായ ഡ്രൈഡോക്സ് വേൾഡിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് സന്ദർശിച്ചു.
ദുബായ് കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സന്ദർശനവേളയിൽ കഴിഞ്ഞ മാസം മുംബൈയിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം. ഇന്ത്യയുടെ സമുദ്രമേഖലയിലേക്ക് ആഗോളതലത്തിലെ മികച്ച രീതികൾ കൊണ്ടുവരികയും രാജ്യത്തിന്റെ ദേശീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം. കൊച്ചിയിലെ അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിൽ (ISRF) സംയുക്ത പ്രവർത്തനങ്ങൾ ആരംഭിക്കാനും ധാരണയിലൂടെ ലക്ഷ്യമിടുന്നു. ആഭ്യന്തര, അന്തർദേശീയ കപ്പലുകൾക്ക് സേവനം നൽകുന്നതിനായി ലോകോത്തര കപ്പൽ റിപ്പയറിങ് ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിൽ പങ്കാളിത്തം നിർണായക പങ്ക് വഹിക്കും.
ആഭ്യന്തര കപ്പലുകളുടെ അറ്റകുറ്റപ്പണി, ഓഫ്ഷോർ ഫാബ്രിക്കേഷൻ സംവിധാനങ്ങൾ ഒരുക്കുന്ന പദ്ധതി എന്നിവയാണ് ഡ്രൈ ഡോക്‌സ് വേൾഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ക്യാപ്‌റ്റൻ റാഡോ ആന്റലോവിച്ചിന്റെ നേതൃത്വത്തിൽ വിലയിരുത്തിയത്. കൊച്ചി കപ്പൽശാലയുടെ മെയിൻ യാർഡ്, പുതുതായി കമ്മിഷൻ ചെയ്ത ഡ്രൈ ഡോക്, ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി, മറൈൻ എൻജിനീയറിംഗ് പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംഘം സന്ദർശിച്ചു.
ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, നൂതന സാങ്കേതികവിദ്യ, വൈദഗ്ദ്ധ്യമുള്ള തൊഴിൽശക്തി എന്നിവയിൽ ഇന്ത്യയെ ആഗോള സമുദ്ര കേന്ദ്രമാക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ മാരിടൈം ഇന്ത്യ വിഷൻ 2030, അമൃത്കൽ വിഷൻ 2047 എന്നിവയുടെ ഭാഗമായാണ് പദ്ധതി. സഹകരണം ശക്തിപ്പെടുത്തുന്നതിൽ സന്ദർശനം പ്രധാന ചുവടുവയ്പ്പാണെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മധു എസ്. നായർ പറഞ്ഞു. കപ്പൽ റിപ്പയറിങ് മേഖലയിൽ പുതിയ അവസരങ്ങൾ തുറക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിൻ ഷിപ്പ് യാർഡുമായി ചേർന്ന് ലോകോത്തര കപ്പൽ അറ്റകുറ്റപ്പണി സൗകര്യം ഒരുക്കുമെന്ന് ക്യാപ്‌റ്റൻ റാഡോ ആന്റലോവിച്ച് പറഞ്ഞു.
A Dubai delegation from Drydocks World visited Cochin Shipyard to explore collaboration for enhancing ship repair and offshore construction capabilities in India.