പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ആദ്യമായി അസിസ്റ്റന്റ് കമ്മീഷണർ പദവിയിലെത്തി ചരിത്രം സൃഷ്ടിച്ച് ഹിന്ദു വനിത. ബലൂചിസ്ഥാനിലെ ചാഗെ ജില്ലയിൽ നിന്നുള്ള 25കാരിയായ കാശിഷ് ചൗധരിയാണ് ബലൂചിസ്ഥാൻ പബ്ലിക് സർവീസ് കമ്മിഷൻ (BPSC) പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അസിസ്റ്റന്റ് കമ്മീഷണറായിരിക്കുന്നത്.
കഴിഞ്ഞ ദിവസം പിതാവ് ഗർധാരി ലാലിനൊപ്പം ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തിയെ കാശിഷ് ചൗധരി സന്ദർശിച്ചു. ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങൾ അവരുടെ കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പ്രധാന പദവികൾ വഹിക്കുന്നത് രാജ്യത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി ബുഗ്തി പറഞ്ഞു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ശാക്തീകരണത്തിനും പ്രവിശ്യയുടെ മൊത്തത്തിലുള്ള വികസനത്തിനുംവേണ്ടി പ്രവർത്തിക്കുമെന്ന് കാശിഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. മകളുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഫലം ലഭിച്ചിച്ചുവെന്നും മകൾ അസിസ്റ്റന്റ് കമ്മീഷണറായി നിയമിതയായതിൽ അഭിമാനിക്കുന്നതായും കാശിഷ് ചൗധരിയുടെ പിതാവ് ഗർധാരി ലാൽ മാധ്യമങ്ങളോട് പറഞ്ഞു.
സാംസ്‌കാരിക, മത, സാമൂഹിക തടസ്സങ്ങളെ മറികടന്നാണ് പാകിസ്ഥാനിലെ ഹിന്ദു സ്ത്രീകൾ സുപ്രധാന പദവികളിലെത്തുന്നത്.
2022 ജൂലായിൽ കറാച്ചിയിൽ പോലീസ് സൂപ്രണ്ടാകുന്ന ആദ്യ ഹിന്ദു വനിതയായി മനേഷ് റോപേത നിയമിതയായിരുന്നു. കറാച്ചിയിൽത്തന്നെ പോലീസ് സബ് ഇൻസ്‌പെക്ടറായി പുഷ്പ കുമാരി കോലിയും നിയമിതയായിരുന്നു. സിന്ധ് പോലീസ് പബ്ലിക് സർവീസസ് പരീക്ഷ പാസായ പുഷ്പ കുമാരി സ്വയം വിദ്യാഭ്യാസം നേടാനും മികച്ച ജോലി നേടാനും ആഗ്രഹിക്കുന്ന നിരവധി ഹിന്ദു പെൺകുട്ടികളുെടെ പ്രതിനിധിയാണ് താനെന്ന് അന്ന് വ്യക്തമാക്കിയിരുന്നു. 2019ൽ സിന്ധ് പ്രവിശ്യയിലെ ജന്മനാടായ സഹ്ദാദ്‌കോട്ടിൽ സിവിൽ ജഡ്ജിയായി നിയമിതയായ സുമൻ പവൽ ബോദാനിയും ഇത്തരത്തിൽ ഉന്നത പദവിയിലെത്തിയ ഹിന്ദു വനിതയാണ്. നിലവിൽ പാക് ഹൈദരാബാദിൽ സിവിൽ ജഡ്ജായി സേവനം അനുഷ്ഠിക്കുകയാണ് സുമൻ.
Kashish Chaudhary becomes the first Hindu woman Assistant Commissioner in Balochistan, Pakistan, highlighting progress for minority women in the region.