ചൈന വിട്ട് ഇന്ത്യയിൽ ഉൽപാദനം കൂട്ടാനുള്ള ആപ്പിളിന്റെ ശ്രമങ്ങൾക്കു പിന്നാലെ സിഇഒ ടിം കുക്കിന് ഉപദേശവുമായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ ഫാക്ടറികൾ സ്ഥാപിക്കേണ്ടതില്ലെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് താൻ പറഞ്ഞതായി ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണെങ്കിൽ അവിടെ നിർമ്മാണം നടത്താമെന്നും ഖത്തറിൽ നടന്ന ബിസിനസ് പരിപാടിക്കിടെ ട്രംപ് വ്യക്തമാക്കി.

ആപ്പിൾ അമേരിക്കയിലെ ഉത്പാദനം വർദ്ധിപ്പിക്കും. യുഎസിൻറെ മേലുള്ള എല്ലാ താരിഫുകളും ഒഴിവാക്കാൻ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആപ്പിൾ ഇന്ത്യയിൽ നിർമാണം നടത്തുന്നതായി കേൾക്കുന്നുവെന്നും ഇന്ത്യയിൽ നിർമ്മിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് അവരുടെ കാര്യങ്ങൾ നോക്കാൻ അറിയാമെന്നും ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും കുക്കിനോട് താൻ പറഞ്ഞതായും ട്രംപ് വ്യക്തമാക്കി. വർഷങ്ങളായി ആപ്പിൾ ചൈനയിലെ പ്ലാന്റുകളിൽ നിർമാണം നടത്തുന്നത് യുഎസ് സഹിച്ചെന്നും ഇനി ഇന്ത്യയിലാണ് ഉൽപന്നങ്ങൾ നിർമിക്കുന്നതെങ്കിൽ അതിൽ താൽപ്പര്യമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നീക്കത്തെ നേരിടാൻ ഐഫോൺ നിർമാണം ചൈനയിൽ നിന്ന് ഇന്ത്യയില്ലേക്ക് മാറ്റാൻ ആപ്പിൾ പദ്ധതിയിടുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ആപ്പിളിന് നിലവിൽ തമിഴ്‌നാട്ടിൽ രണ്ട് പ്ലാന്റുകളും കർണാടകയിൽ ഒരു പ്ലാന്റുമാണ് ഉള്ളത്. ഇന്ത്യയിൽ രണ്ട് ആപ്പിൾ പ്ലാന്റുകളുടെ നിർമാണം കൂടി പുരോഗമിക്കുകയാണ്.
President Trump warns Apple CEO Tim Cook against expanding iPhone production in India, despite Apple’s $500 billion investment plans, pushing for more US manufacturing.