ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രഖ്യാപിച്ച വയനാട് ടൗൺഷിപ്പ് പുനരധിവാസ പദ്ധതിക്ക് ഭരണാനുമതി നൽകി മന്ത്രിസഭായോഗം. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം നൽകിയത്. പ്രാരംഭപ്രവർത്തനങ്ങൾക്കുള്ള ചിലവ് ഉൾപ്പെടെയാണിത്. പദ്ധതിയുടെ സാങ്കേതിക അനുമതി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്സ് കൺസൾട്ടൻസി വിങ് (KIIFCON) പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണ് ഭരണാനുമതി നൽകിയിരിക്കുന്നത്.
എൽസ്റ്റോൺ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതി ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആർഎഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി റജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടിയും മന്ത്രിസഭായോഗം സാധൂകരിച്ചു. കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിലാണ് ടൗൺഷിപ്പ് നിർമാണം. ഇതിനായി മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിച്ചിരുന്നു. ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറു മാസത്തിനകം ടൗൺഷിപ്പ് പൂർത്തിയാക്കുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യം.
The Kerala cabinet has approved ₹351 crore for the Wayanad Township Project, aimed at rehabilitating landslide survivors. KIIFCON will provide technical approval for the project on the land acquired at Elstone Estate.