ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നായ സെറോദ സ്ഥാപകർ എന്ന നിലയിൽ നിഖിൽ-നിഥിൻ കാമത്ത് സഹോദരങ്ങൾ പലർക്കും സുപരിചിതരാണ്. എന്നാൽ ഈ സഹോദരങ്ങളുടെ വമ്പൻ സംരംഭക വിജയത്തിനു പിന്നിൽ അധികമാർക്കും അറിയാത്ത ഒരു പേരുകൂടിയുണ്ട്- അതാണ് ഇരുവരുടേയും മാതാവ് രേവതി കാമത്ത്. കാമത്ത് സഹോദരങ്ങളുടെ അമ്മ എന്നതിലുപരി സംരംഭക, പരിസ്ഥിതി പ്രവർത്തക, സംഗീതജ്ഞ എന്നീ നിലകളിലും പേരെടുത്ത വ്യക്തിയാണ് രേവതി.
പൂക്കൾ വെച്ചുള്ള അലങ്കാരപ്പണികളോടെയാണ് രേവതിയുടെ സംരംഭക യാത്ര ആരംഭിച്ചത്. വെറും അഞ്ഞൂറ് രൂപ മൂലധനത്തിൽ തുടങ്ങിയ സംരംഭം പിന്നീട് ഒരു പ്രൊജക്റ്റിന് 45000 രൂപ വരെ വാങ്ങുന്നതിലേക്ക് വികസിച്ചു. അതിൽപ്പിന്നെ Calyx എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയായി രേവതി തന്റെ അലങ്കാര ബിസിനസ്സിനെ മാറ്റിയെടുത്തു. കോർപറേറ്റ് ചടങ്ങുകൾ പോലുള്ളവ ചെയ്യുന്ന കാലിക്സ് ഒരു ചടങ്ങിനായി നാല് ലക്ഷം രൂപയോളമാണ് നിലവിൽ ഈടാക്കുന്നത്. ബോഷ്, വിപ്രോ പോലുള്ള വമ്പൻ കോർപറേറ്റുകൾക്കു വേണ്ടി രേവതിയുടെ കമ്പനി ഇതുവരെ കോർപറേറ്റ് ഇവന്റുകൾ നടത്തിയിട്ടുണ്ട്.

സംരംഭക രംഗത്ത് ഒതുങ്ങുന്നതല്ല രേവതിയുടെ കർമകാണ്ഡം. നിരവധി പരിസ്ഥിതി പ്രവർത്തനങ്ങളിലും അവർ സജീവമാണ്. മലിനമാകുന്ന ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കാണ് രേവതി മുൻഗണന നൽകുന്നത്. കനകപുരയിലെ സോമനഹള്ളി തടാകത്തിന്റെ നവീകരണവും 300 കുഴൽക്കിണറുകൾ സ്ഥാപിച്ചതുമെല്ലാം ഈ ശ്രമത്തിന്റെ ഭാഗമായാണ്. പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം അടക്കമുള്ള പിന്തുണയും രേവതിക്ക് മക്കളിൽ നിന്നു ലഭിക്കുന്നു.
ശാസ്ത്രീയ സംഗീതത്തിലും സംസ്കൃത പാണ്ഡിത്യത്തിലും മുഴുകിയ കുടുംബത്തിൽ ജനിച്ച രേവതി കുട്ടിക്കാലം മുതൽ വീണ അഭ്യസിക്കാൻ ആരംഭിച്ചു. സംരംഭക യാത്രയിലും പരിസ്ഥിതി പ്രവർത്തനങ്ങളിലും മുഴുകുമ്പോഴും ഇന്നും സംഗീതം വിട്ടൊരു ജീവിതം രേവതിക്കില്ല. കൃത്യമായ വീണാ പരിശീലനവും മറ്റുമായി അവർ സംഗീത ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.
Discover the inspiring success story of Revathi Kamath, the mother of Zerodha founders Nikhil and Nithin Kamath. From a humble flower shop to a successful event management company and a Veena maestro, her journey is truly remarkable.