യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ നടത്തിയ മിഡിൽ-ഈസ്റ്റ് സന്ദർശന വേളയിൽ സിറിയയ്ക്കെതിരായ ഉപരോധങ്ങൾ നീക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രസ്താവനയെ തുടർന്നുള്ള സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ പ്രതികരണവും ഇതോടെ ശ്രദ്ധ പിടിച്ചുപറ്റി. ട്രംപിനോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് നെഞ്ചിൽ കൈകൾ വെച്ചിരുന്ന മുഹമ്മദ് ബിൻ സൽമാന്റെ പ്രതികരണം അറബ് സോഷ്യൽ മീഡിയകളിൽ തരംഗമായി. ഇപ്പോൾ എംബിഎസ്സിന്റെ ഈ വൈറൽ നന്ദി പ്രകടനം ഇമോജിയായി എത്താൻ ഒരുങ്ങുകയാണ്.
എംബിഎസ് കൈകൾ നെഞ്ചിൽ ചേർത്തു നന്ദി പ്രകടിപ്പിക്കുന്ന ഇമോജി ആവിഷ്കരിക്കാനുള്ള അനുമതിക്കായി സൗദി സോഫ്റ്റ്വെയർ എഞ്ചിനീയർ അലി അൽ-മത്രഫി യൂണിക്കോഡ് കൺസോർഷ്യത്തിന് സമർപ്പിച്ചു. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ആത്മാർത്ഥമായ നിമിഷമായിരുന്നു അതെന്നും ഇമോജിയിലൂടെ അത് അനശ്വരമാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെയും ഗൾഫിന്റെയും മൂല്യങ്ങളായ കൃതജ്ഞതയും ബഹുമാനവും പ്രതിഫലിപ്പിക്കുന്നതും മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ പദപ്രയോഗങ്ങളുമായി പൊരുത്തപ്പെടുന്നതും ആയ ഇമോജിയുടെ രൂപകൽപ്പന അംഗീകൃത മാനദണ്ഡങ്ങൾക്ക് അനുസൃതമായി യൂണികോഡ് കൺസോർഷ്യത്തിന് സമർപ്പിച്ചതായും അലി അൽ-മത്രഫി പറഞ്ഞു.
ജാപ്പനീസ് കിമോണോ, ഇന്ത്യൻ സാരി, റഷ്യൻ മാട്രിയോഷ്ക പാവ തുടങ്ങിയ ഇമോജികൾ ഇതിനകം തന്നെ നിരവധി സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ഇപ്പോൾ സൗദി, ഗൾഫ് സംസ്കാരങ്ങൾ ഈ ആഗോള ഭാഷയിൽ അംഗീകരിക്കപ്പെടേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Saudi engineer Ali Al-Matrafi proposes a new “hand on chest” emoji to the Unicode Consortium, inspired by Crown Prince Mohammed bin Salman’s gesture of gratitude, aiming to represent Saudi and Gulf culture globally.