മറ്റേതെങ്കിലും രാജ്യത്തു നിർമിക്കുന്ന ഐഫോണുകൾ അമേരിക്കയിൽ വിൽക്കുന്നത് തുടർന്നാൽ ആപ്പിളിന് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്സിൽ വിൽക്കുന്ന എല്ലാ ഐഫോണുകളും ആഭ്യന്തരമായി നിർമ്മിക്കണമെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനെ നേരത്തെ അറിയിച്ചിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ അല്ല നിർമിക്കേണ്ടതെന്നും അമേരിക്കയിൽ തന്നെ നിർമ്മിക്കണമെന്നുമാണ് ട്രംപ് ടിം കുക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതല്ലാത്ത പക്ഷം കമ്പനി കുറഞ്ഞത് 25 ശതമാനം താരിഫ് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആപ്പിൾ ഐഫോൺ നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യ അതിവേഗം വളരുന്നതിനിടെയാണ് ട്രംപിന്റെ നീക്കം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി ഇന്ത്യയിൽ 22 ബില്യൺ ഡോളറിന്റെ സ്മാർട്ട്ഫോണുകളാണ് നിർമ്മിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 60 ശതമാനം വർദ്ധനയാണ് ഇന്ത്യയിൽ ഐഫോൺ നിർമാണത്തിൽ ഉണ്ടായത്.
ട്രംപ് ഭരണകൂടം ചൈനീസ് ഇറക്കുമതിക്ക് തീരുവ ചുമത്തിയതിനെത്തുടർന്ന് വിതരണ ശൃംഖലകളെയും വിലനിർണ്ണയത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർന്നതിനെത്തുടർന്നാണ് ആപ്പിൾ ഇന്ത്യയിൽ ഉൽപ്പാദനം വിപുലീകരിക്കാൻ ആരംഭിച്ചത്. ഇതിന്റെ ഫലമായി ആപ്പിൾ ഐഫോൺ ഉൽപ്പാദനത്തിന്റെ പ്രധാന ഭാഗം ചൈനയ്ക്ക് പുറത്തേക്ക് മാറ്റാൻ ശ്രമിക്കുകയുമാണ്. അടുത്ത വർഷം അവസാനത്തോടെ യുഎസ് വിപണിക്കായി മിക്ക ഐഫോണുകളും ഇന്ത്യയിൽ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
US President Donald Trump has warned Apple of 25% tariffs on iPhones not made domestically, even as India rapidly becomes a key manufacturing hub for Apple’s global production, aiming to supply the US market by 2026.