സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തത്തെക്കുറിച്ചുള്ള പുരോഗതി നിരീക്ഷിക്കുന്നതിനായുള്ള രണ്ടാമത് ഇന്ത്യ-മാലദ്വീപ് ഉന്നതതല കോർ ഗ്രൂപ്പ് (HLCG) യോഗം ഡൽഹിയിൽ നടന്നു. യോഗത്തിൽ മാലദ്വീപ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ഖലീൽ ആണ് മാലദ്വീപിനെ നയിച്ചത്. രാഷ്ട്രീയ വിനിമയങ്ങൾ, പ്രതിരോധ, സുരക്ഷാ സഹകരണം, വികസന പങ്കാളിത്തം, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ തീവ്രമാക്കി സംയുക്ത ദർശനം നടപ്പിലാക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
നിലവിലെ വികസന സഹകരണം അടക്കം അവലോകനം ചെയ്തതായും മാലദ്വീപ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളുടേയും നേതാക്കൾ മുന്നോട്ടുവച്ച വിഷൻ ഡോക്യുമെന്റ് എത്രയും വേഗം നടപ്പിലാക്കുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തതായി അബ്ദുല്ല ഖലീൽ പറഞ്ഞു. 2024 ഒക്ടോബർ 7ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് ദർശന രേഖ പുറത്തിറക്കിയത്.
ഇന്ത്യാ സന്ദർശന വേളയിൽ പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണ അറിയിച്ച അബ്ദുല്ല ഖലീൽ ഇന്ത്യൻ ജനതയോടും സർക്കാരിനോടും മാലദ്വീപിന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എച്എൽസിജി യോഗത്തിനു ശേഷം അദ്ദേഹം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയിൽ ഇന്ത്യ അടുത്തിടെ അനുവദിച്ച അടിയന്തര സാമ്പത്തിക സഹായത്തിന് അദ്ദേഹം മാലദ്വീപിന്റെ നന്ദി അറിയിച്ചു. ഭീകരതയെ ചെറുക്കുന്നതിൽ മാലദ്വീപിന്റെ പിന്തുണയും ഐക്യദാർഢ്യവും സ്വാഗതം ചെയ്യുന്നതായും മാലദ്വീപിന്റെ പുരോഗതിക്കും വികസനത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും യോഗത്തിനു ശേഷം ജയശങ്കർ പറഞ്ഞു.
Maldivian Foreign Minister Dr. Abdulla Khaleel visited India from May 25-27, 2025, condemning terrorism, reviewing bilateral cooperation under the Vision Document, and reinforcing strategic ties with India.