ഇന്ത്യയിൽ നിന്ന് യുഎസ്സിലേക്കുള്ള ഐഫോണുകളുടെ കയറ്റുമതിയിൽ 76% വാർഷിക വർധന. ഓംഡിയയുടെ ഭാഗമായുള്ള കനാലിസ് എന്ന ടെക്‌നോളജി മാർക്കറ്റ് അനലിസ്റ്റ് സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരമാണ് വമ്പൻ വളർച്ച. ആപ്പിൾ തങ്ങളുടെ ഇന്ത്യൻ നിർമാണ പദ്ധതികൾ വേഗത്തിലാക്കുന്നതിനിടയിലാണ് ഈ കുതിച്ചുചാട്ടം. എന്നാൽ ഈ കുതിച്ചുചാട്ടത്തിനിടയിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്നും ചൈനയിൽ നിന്നും എതിർപ്പ് നേരിടേണ്ടിവരുമെന്ന് വിശകലന വിദഗ്ധർ വിലയിരുത്തുന്നു.
ഐഫോൺ വിതരണക്കാരിൽ നിന്നുള്ള കസ്റ്റംസ് റെക്കോർഡുകളും ചാനൽ ഡാറ്റയും വിശകലനം ചെയ്താണ് ഓംഡിയയുടെ കണക്കുകൾ. ഡാറ്റ പ്രകാരം ഏപ്രിലിൽ ഇന്ത്യയിൽ നിന്ന് യുഎസ്സിലേക്ക് ഏകദേശം 30 ലക്ഷം ഐഫോണുകളാണ് കയറ്റിയയച്ചത്. ഇതേ കാലയളവിൽ ചൈനയിൽ നിന്നുള്ള കയറ്റുമതി 76% കുറഞ്ഞ് 9 ലക്ഷമായി. ചൈനയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾക്കു മേലുള്ള യുഎസ് താരിഫുമായി പൊരുത്തപ്പെടാനായാണ് ആപ്പിൾ ചൈനയിലെ നിർമാണം കുറച്ച് ഇന്ത്യയിലേത് വർധിപ്പിച്ചത്. ആപ്പിളിന്റെ തീരുമാനത്തിൽ ചൈനീസ് അധികൃതർക്ക് കടുത്ത അതൃപ്തിയുണ്ട്.
ട്രംപും ചൈനയും ഇന്ത്യയുടെ വളർച്ച എളുപ്പമാക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഐഫോൺ ശേഷി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ കഴിവ് യുഎസ്സും ചൈനയും സംരക്ഷണവാദ നടപടികളിലൂടെ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ആപ്പിളിനെ സംബന്ധിച്ച് ഇന്ത്യയിലെ നിർമാണം വർധിപ്പിക്കുന്നത് മികച്ച തന്ത്രമാണെങ്കിലും ഇതിലൂടെ ട്രംപുമായി അവർ അപകടകരമായ കളി കളിക്കുകയാണ് എന്നാണ് വിലയിരുത്തൽ. ട്രംപ് ഭരണകൂടത്തിന്റെ താരിഫ് ലക്ഷ്യങ്ങൾ നിറവേറ്റുന്നില്ല എന്നതാണ് ഇതിനു കാരണം. കഴിഞ്ഞ ദിവസം യുഎസ്സിൽ നിർമിക്കാത്ത ഐഫോണുകൾക്ക് 25% താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ്സിൽ വിൽക്കുന്ന ഐഫോണുകൾ ആഭ്യന്തരമായി നിർമ്മിക്കണമെന്നും ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ നിർമിക്കരുതെന്നും അദ്ദേഹം ആപ്പിളിനോട് ആവശ്യപ്പെട്ടു.
ചൈനയാകട്ടെ, ആപ്പിൾ രാജ്യത്തിനു പുറത്തേക്ക് വൈവിധ്യവൽക്കരണം നടത്തുന്നതിൽ യാതൊരു രീതിയിലും സമ്മതിക്കില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ആപ്പിളിന്റെ വൈവിധ്യവൽക്കരണ നീക്കങ്ങൾ എല്ലാ തരത്തിലും ദുസ്സഹമാക്കാൻ ചൈന ശ്രമം ആരംഭിച്ചു കഴിഞ്ഞു. ആപ്പിളിനു ചൈനയിൽ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ അടക്കം രാജ്യം മാറ്റം വരുത്താൻ ഇടയുണ്ട്. ഇതിനുപുറമേ ഇന്ത്യയിലെ ആപ്പിളിന്റെ വിതരണക്കാരെ കൂടുതൽ പിന്തുണയ്ക്കുന്നതിന് ആവശ്യമായ ചൈനയിൽ നിന്നുള്ള ഹൈടെക് യന്ത്രങ്ങളും കഴിവുകളും ഇന്ത്യയ്ക്ക് ലഭ്യമാകുന്നത് തടയാനും ചൈന ശ്രമം തുടങ്ങിക്കഴിഞ്ഞു.
iPhone shipments from India to the U.S. surged by 76% in April, while those from China plummeted, reflecting Apple’s strategic shift to diversify its supply chain and mitigate tariff impacts. India is becoming a crucial manufacturing hub, though challenges remain.